/indian-express-malayalam/media/media_files/uploads/2021/10/Samantha-1.jpg)
മയോസിറ്റിസ് എന്ന രോഗാവസ്ഥയുമായുള്ള പോരാട്ടത്തിലാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. മയോസിറ്റിസ് എന്ന രോഗത്തോട് മല്ലിടുകയാണ് താനെന്ന് അടുത്തിടെയാണ് സാമന്ത പ്രഖ്യാപിച്ചത്. പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന അപൂര്‍വ രോഗാവസ്ഥയാണ് മയോസിറ്റിസ്. ഈ അവസ്ഥയിൽ പേശികള്‍ക്ക് വീക്കം സംഭവിക്കുകയും രോഗപ്രതിരോധ സംവിധാനം സ്വന്തം പേശികളെ തന്നെ ആക്രമിക്കുകയും ചെയ്യും. സാധാരണഗതിയില്‍ വളരെ അപൂര്‍വ്വമായാണ് ഈ അസുഖം കണ്ടുവരുന്നത്. ഒരു ലക്ഷത്തില്‍ 4 മുതല്‍ 22 പേരെ വരെയാണ് മയോസിറ്റിസ് ബാധിതർ എന്നാണ് കണക്ക്. കൈകള്‍, തോളുകള്‍, ഇടുപ്പ്, ഉദരം, നട്ടെല്ലിലെ പേശികൾ, കണ്ണുകളുടെയും അന്നനാളത്തിന്‌റെയും പേശികൾ എന്നിവയെ എല്ലാം ഈ രോഗം ആക്രമിക്കാം.
അപൂർവ്വമായ രോഗത്തോട് മല്ലിടുമ്പോഴും, അസുഖം തന്റെ പ്രൊഫഷണൽ കാര്യങ്ങളിൽ പ്രതിബദ്ധമാവാൻ അനുവദിക്കാതെ മുന്നേറുകയാണ് സാമന്ത. പൊതുവെ, സിനിമകളിൽ തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാൻ ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ സേവനം സാമന്ത തേടാറുണ്ട്, എന്നാൽ പുതിയ ചിത്രത്തിൽ സാമന്ത തന്നെയാണ് ശബ്ദം നൽകുന്നത്.
"ചെന്നൈയിൽ നിന്നും വരുന്ന ആളായതിനാൽ എനിക്ക് തെലുങ്ക് ഡബ്ബിംഗ് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്വന്തം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാൻ എല്ലാ ആർട്ടിസ്റ്റുകളും ആഗ്രഹിക്കും. എനിക്കും എല്ലായ്‌പ്പോഴും ആ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ തെലുങ്ക് തെറ്റില്ലാതെ കൈകാര്യം ചെയ്യാമെന്ന ആത്മവിശ്വാസം വന്നത് ഇപ്പോഴാണ്," സാമന്ത പറയുന്നു.
"യശോദയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത സമയം എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു. റിലീസ് ഡേറ്റ് ആദ്യമേ തന്നെ അനൗൺസ് ചെയ്തിരുന്നു, എനിക്കാണെങ്കിൽ വളരെ ബുദ്ധിമുട്ടേറിയ ഈ രോഗാവസ്ഥ വച്ചു വേണമായിരുന്നു ഡബ്ബ് ചെയ്യാൻ. പക്ഷേ ചില കാര്യങ്ങളിൽ ഞാൻ നിർബന്ധബുദ്ധിക്കാരിയാണ്, ഡബ്ബ് ചെയ്യാം എന്ന് വാക്കു നൽകിയതിനാൽ ഇതു ഞാൻ തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചു. ഡബ്ബിംഗ് ചെയ്തു തീർക്കാനായതിൽ ഞാൻ സന്തോഷവതിയാണ്."
ജീവിതത്തിൽ താനിപ്പോൾ തന്റെ കഥാപാത്രത്തെ പോലെ കരുത്തയാവാൻ ശ്രമിക്കുകയാണെന്ന് സാമന്ത പറയുന്നു."വളരെ നിശ്ചയദാർഢ്യമുള്ള ആളാണ് യശോദ. ചിത്രത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ യശോദ കടന്നുപോവുന്നുണ്ട്. അവൾ പൊരുതുകയും അതിജീവിക്കുകയും ചെയ്യുന്നു. ഞാനുമിപ്പോൾ വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലാണ്. യശോദയെ പോലെ എനിക്കും അതിജീവിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു."
"ചില ദിവസങ്ങൾ നല്ലതാണ്. ചിലത് ബുദ്ധിമുട്ടേറിയതും. ചില ദിവസങ്ങളിൽ ഒരടി പോലും മുന്നേറാൻ കഴിയില്ലെന്നു തോന്നിയിട്ടുണ്ട്. അതുപോലെ തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ കുറേ മുന്നോട്ടു നടന്നല്ലോ എന്നെന്നെ അത്ഭുതപ്പെടുത്തിയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. പോരാടാനുറച്ച് ഞാനിവിടെയുണ്ട്. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോവുന്ന ആൾ ഞാൻ മാത്രമല്ലെന്നറിയാം, ഒരുപാട് പേർ അവരുടെ പോരാട്ടങ്ങളിലാണ്. ഒടുവിൽ നമ്മളെല്ലാം വിജയിക്കുക തന്നെ ചെയ്യും," അസുഖ ദിവസങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ സാമന്ത വികാരഭരിതയായി.
അതിനിടിയിൽ തന്റെ രോഗവുമായി ബന്ധപ്പെട്ട് പരക്കുന്ന അഭ്യൂഹങ്ങളെ കുറിച്ചും സാമന്ത പ്രതികരിച്ചു."ധാരാളം ലേഖനങ്ങൾ ഞാനും കണ്ടു, എന്റേത് ജീവനു തന്നെ ഭീഷണിയായ അസുഖമാണെന്ന രീതിയിലൊക്കെ. ഒരിക്കലുമല്ല, ഞാനിപ്പോൾ നിൽക്കുന്നത് ജീവനു ഭീഷണിയായൊരു രോഗാവസ്ഥയിലൊന്നുമല്ല. ഇത് ബുദ്ധിമുട്ടേറിയതാണ്,പക്ഷേ ഞാൻ പോരാടും. ഏറ്റവും ചുരുങ്ങിയത്, ഞാനുടനെ മരിക്കാനൊന്നും പോവുന്നില്ല എന്നതാണ്."
പുതിയ ചിത്രം യശോദയുടെ പ്രമോഷൻ തിരക്കിലാണ് സാമന്ത ഇപ്പോൾ. കഴിഞ്ഞ ദിവസം സാമന്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രങ്ങളും സ്വയം പ്രചോദിപ്പിച്ച് മുന്നേറുന്നതിനെ സൂചിപ്പിക്കുന്നതായിരുന്നു, ജീവിതം എത്ര കഷ്ടതകൾ നിറഞ്ഞതാണെങ്കിലും ഉന്മേഷത്തോടെ മുന്നോട്ടുപോവാൻ ഉദ്ഘോഷിക്കുന്നത്.
യശോദയിൽ മലയാളി താരം ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. "ആത്മാര്‍ത്ഥതയും പ്രയ്തനവും ഒരു പോലെ ചേര്‍ന്ന നടിയാണ് സാമന്ത. അഭിനയിക്കുന്ന സമയത്തു അവര്‍ രോഗാവസ്ഥയെപ്പറ്റി ഒന്നു തന്നെ പറഞ്ഞിരുന്നില്ല, വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയത്. സാമന്തയെ അടുത്തറിയാവുന്ന ഒരാളെന്ന നിലയില്‍ എനിക്കു തോന്നുന്നത്, അവര്‍ അസുഖത്തെ തോല്‍പിച്ച് വിജയിച്ചു വരുമെന്നു തന്നെയാണ്," ഉണ്ണി പറഞ്ഞു. വാടക ഗര്‍ഭധാരണത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രത്തിൽ ഡോക്ടറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്.
ഹരി ശങ്കർ- ഹരിഷ് നാരായണൻ എന്നിവർ ചേർന്നാണ് യശോദ സംവിധാനം ചെയ്യുന്നത്. സാമന്തയേയും ഉണ്ണി മുകുന്ദനെയും കൂടാതെ വരലക്ഷ്മി ശരത് കുമാർ, റാവു രമേഷ്, മുരളി ശർമ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.