scorecardresearch
Latest News

തനിക്കു മയോസിറ്റിസ് രോഗാവസ്ഥയെന്നു വെളിപ്പെടുത്തി സാമന്ത

പുതിയ ചിത്രമായ യശോദയുടെ ട്രെയിലര്‍ പ്രേക്ഷകര്‍ സ്വീകരിച്ചതിനു നന്ദി അറിയിച്ചുകൊണ്ട് സാമന്ത ഷെയര്‍ ചെയ്ത പോസ്റ്റിലാണ് താന്‍ നേരിടുന്ന അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്‌

തനിക്കു മയോസിറ്റിസ് രോഗാവസ്ഥയെന്നു വെളിപ്പെടുത്തി സാമന്ത

തെന്നിന്ത്യന്‍ നടി സാമന്തയുടെ രോഗാവസ്ഥയെപ്പറ്റിയുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്കു മയോസിറ്റിസ് രോഗാവസ്ഥയാണെന്നു വെളിപ്പെടുത്തുന്നത്. സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ‘യശോദ’ യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകര്‍ ഇതു സ്വീകരിച്ചതിനു നന്ദി അറിയിച്ചുകൊണ്ട് സാമന്ത ഷെയര്‍ ചെയ്ത പോസ്റ്റിലാണ് താന്‍ നേരിടുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞത്.

“യശോദയുടെ ട്രെയിലറിന് നിങ്ങളുടെ പ്രതികരണം മികച്ചതായിരുന്നു.നിങ്ങള്‍ നല്‍കുന്ന
സ്‌നേഹമാണ്‌ ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് സമ്മാനിക്കുന്നത്‌.കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തിയിരുന്നു. രോഗം ശമിച്ചതിനു ശേഷം ഇതിനെക്കുറിച്ച് പങ്കുവയ്ക്കാമെന്നു ഞാന്‍ വിചാരിച്ചിരുന്നു.എന്നാൽ ഞാൻ പ്രതീക്ഷിച്ചതിലും അൽപ്പം സമയമെടുക്കുന്നുണ്ട്‌.എല്ലായ്‌പ്പോഴും ശക്തമായ ഒരു മുന്നേറ്റം നടത്തേണ്ട ആവശ്യമില്ലെന്ന് ഞാൻ പതുക്കെ മനസ്സിലാക്കുന്നു.ഈ പരാധീനത അംഗീകരിക്കുക എന്നത് ഞാൻ ഇപ്പോഴും ബുദ്ധിമുട്ടുന്ന ഒന്നാണ്. ഞാൻ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നു. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു… ശാരീരികമായും വൈകാരികമായും…. എനിക്ക് ഈ ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷം കടന്നുപോകുന്നു. ഞാൻ സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്ന് മാത്രമേ അർത്ഥമാക്കൂ എന്ന് ഞാൻ ഊഹിക്കുന്നു” സാമന്ത കുറിച്ചു.

മസിലുകളെ ബാധിക്കുന്ന ഒരു അപൂര്‍വ്വ രോഗാവസ്ഥയാണ് മയോസിറ്റിസ്. ക്ഷീണം, നീരുവയ്ക്കുക, വേദന എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. മയോസിറ്റിസ് ശരീരത്തില്‍ ഇന്‍ഫെക്ഷന്‍, പരിക്കുകള്‍, രോഗപ്രതിരോധശേഷിയിലെ കുറവ് എന്നിവയ്ക്കു കാരണമാകുന്നു. മയോസിറ്റിസ് രോഗം എങ്ങനെയാണ് ഒരാളെ ബാധിച്ചത് എന്നതനുസരിച്ചാണ് അതിന്റെ ചികിത്സ തീരുമാനിക്കുന്നത്.

അനവധി പുതിയ ചിത്രങ്ങളുടെ ഭാഗമാണ് സാമന്ത. യശോദയ്ക്കു ശേഷം ഖുശി, ശാകുന്തളം എന്നിവയാണ് നിരയിലുളള മറ്റു സിനിമകള്‍. ‘കാതുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രമാണ് സാമന്തയുടെതായി അവസാനം തീയറ്ററിലെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actress samantha suffers from autoimmune condition myositis