/indian-express-malayalam/media/media_files/uploads/2019/04/Sai-Pallavi.jpg)
സിനിമകൾ വിജയിക്കുന്നതോടെ പരസ്യങ്ങൾക്കു മോഡലാവാനും ബ്രാൻഡുകളുടെ അംബാസിഡർമാരാവാനുമൊക്കെ താരങ്ങളെ സമീപിക്കുന്ന പരസ്യ കമ്പനികൾ ഇന്നൊരു സ്ഥിരം കാഴ്ചയാണ്. ബോളിവുഡ് താരം ഐശ്വര്യാ റായി മുതൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ വരെ നിരവധിയേറെ പേർ പരസ്യ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ്. എന്നാൽ തന്നെ തേടിയെത്തിയ രണ്ടു കോടിയോളം പ്രതിഫലത്തുകയുള്ള ഒരു പരസ്യം വേണ്ടെന്നുവെച്ച് വാർത്തകളിലെ താരമായി മാറിയിരിക്കുകയാണ് സായ് പല്ലവി.
പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസിൾക്കും നിലപാടുകൾക്കും വിരുദ്ധമായ പ്രൊഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേൽക്കുന്നത്.
ഫഹദ് ഫാസിലിനൊപ്പം കേന്ദ്ര കഥാപാത്രമായെത്തിയ മലയാളചിത്രം 'അതിരൻ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് സായ് പല്ലവി ഇപ്പോൾ. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങി മുന്നേറുന്ന ചിത്രത്തിലെ സായ് പല്ലവിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. സായ് പല്ലവിയുടെ അതിഗംഭീരൻ പെർഫോമൻസ് ആണ് ‘അതിരന്റെ’ ഹൈലൈറ്റ്. ഫഹദ് ഫാസിലിനൊപ്പം മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സായിയുടെ നിത്യയെന്ന കഥാപാത്രം താരത്തിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെന്നാണ് നിരൂപകരുടെ വിലയിരുത്തൽ.
കാടിനു നടുവിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ സെല്ലുകളിൽ ഒന്നിൽ ബന്ധിപ്പിക്കപ്പെട്ട ഓട്ടിസ്റ്റിക്കായ പെൺകുട്ടിയെയാണ് 'അതിരനി'ൽ സായി അവതരിപ്പിക്കുന്നത്. പലപ്പോഴും അതീവ അക്രമകാരിയാകുന്ന ഒരാൾ. ഓർമകൾ പൂർണമായും മായ്ക്കപ്പെട്ടു പോയ പെൺകുട്ടി. ആ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കെത്തുന്ന ഡോക്ടർ അവളുടെ ഭൂതകാലത്തിന്റെ ചുരുളുകളും നിഗൂഢതയും അഴിച്ചെടുക്കുന്നതാണ് ‘അതിരന്റെ’ കഥാപരിസരം. കാലുകൾ കൊണ്ടും മുടി കൊണ്ടും നോട്ടം കൊണ്ടു പോലും ഒരു ഓട്ടിസ്റ്റിക് ആയ പെൺകുട്ടിയായി പരകായപ്രവേശം ചെയ്യുകയാണ് സായ് പല്ലവിയെന്ന അഭിനേത്രി.
സായ് പല്ലവിയുടെ അത്‌ലെറ്റിക് മികവിനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൽ കഴിഞ്ഞു എന്നതാണ് ‘അതിരൻ’ എന്ന ചിത്രത്തിന്റെ പ്ലസ്. തെന്നിന്ത്യൻ സിനിമയിൽ സായ് പല്ലവിയോളം മെയ്‌വഴക്കത്തോടെയും എനർജിയോടെയും നൃത്തം ചെയ്യുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്നു സംശയിക്കേണ്ടി വരുന്നിടത്താണ് സായ് പല്ലവിയെന്ന താരം വ്യത്യസ്തയാകുന്നതും. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ മിസ്സിൽ നിന്നും ‘കലി’യിലെ കഥാപാത്രത്തിൽ നിന്നുമൊക്കെ ബഹുദൂരം സഞ്ചരിച്ചാണ് സായ് പല്ലവി ‘അതിരനി’ൽ എത്തി നിൽക്കുന്നത്.
സൂര്യയുടെ നായികയായി എത്തുന്ന സെൽവരാഘവൻ ചിത്രം 'എൻ ജി കെ', റാണ ദഗ്ഗുബാട്ടിയുടെ നായികയായി അഭിനയിക്കുന്ന 'വിരാട പർവം' എന്നിവയാണ് സായ് പല്ലവിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. വേണു ഉദുഗാല സംവിധാനം 'വിരാട പര്‍വം' എന്ന തെലുങ്ക് ചിത്രം 1992 നക്‌സലൈറ്റ് പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. പൊലീസുകാരനെ പ്രേമിക്കുന്ന നക്‌സലൈറ്റ് ആയാണ് സായ് പല്ലവി അഭിനയിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.