നൃത്തം ചെയ്യുമ്പോൾ എനർജിയെന്ന വാക്കിന്റെ പര്യായമായി മാറുന്ന നർത്തകിയാണ് സായ് പല്ലവി. നൃത്തത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സായ് പല്ലവി കളരി അടവുകളിലൂടെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുകയാണ് ‘അതിരനി’ൽ. സായ് പല്ലവിയുടെ അതിഗംഭീരൻ പെർഫോമൻസ് ആണ് ‘അതിരൻ’ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. കണ്ണുകൾ കൊണ്ട് പോലും അഭിനയിക്കുന്ന ഫഹദ് ഫാസിലിനൊപ്പം മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട് സായ് പല്ലവി. സായിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നു തന്നെ ‘അതിരനി’ലെ നിത്യയെന്ന കഥാപാത്രത്തെ വിശേഷിപ്പിക്കാം.
കാടിനു നടുവിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ സെല്ലുകളിൽ ഒന്നിൽ ബന്ധിപ്പിക്കപ്പെട്ട ഓട്ടിസ്റ്റിക്കായ പെൺകുട്ടിയാണ് നിത്യ. പലപ്പോഴും അതീവ അക്രമകാരിയാകുന്ന ഒരാൾ. ഓർമകൾ പൂർണമായും മായ്ക്കപ്പെട്ടു പോയ പെൺകുട്ടി. ആ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കെത്തുന്ന ഡോക്ടർ അവളുടെ ഭൂതകാലത്തിന്റെ ചുരുളുകളും നിഗൂഢതയും അഴിച്ചെടുക്കുന്നതാണ് ‘അതിരന്റെ’ കഥാപരിസരം. കാലുകൾ കൊണ്ടും മുടി കൊണ്ടും നോട്ടം കൊണ്ടു പോലും ഒരു ഓട്ടിസ്റ്റിക് ആയ പെൺകുട്ടിയായി പരകായപ്രവേശം ചെയ്യുകയാണ് സായ് പല്ലവിയെന്ന അഭിനേത്രി.
ഓട്ടിസ്റ്റിക് ആയൊരു പെൺകുട്ടിയുടെ ശരീരഭാഷയ്ക്കൊപ്പം തന്നെ അസാമാന്യമായ ശരീര വഴക്കത്തോടെ കളരിയടവുകളും ചലനങ്ങളും സായ് പിൻതുടരുന്നു. കളരി വഴക്കം സായിയുടെ വിരൽ തുമ്പിലെ ചലനങ്ങളിൽ പോലും തെളിഞ്ഞു കാണാൻ സാധിക്കുന്ന രീതിയിലാണ് താരത്തിന്റെ പെർഫോമൻസ്. ഏറെ സൂക്ഷ്മതയോടെയാണ് സായ് നിത്യയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സിന് തൊട്ട് മുമ്പുള്ള ആക്ഷൻ രംഗങ്ങളിലും ഫഹദിനൊപ്പം തന്നെ സായ് തിളങ്ങുന്നുണ്ട്, ചിലപ്പോഴൊക്കെ ഫഹദിനെയും നിഷ്പ്രഭനാക്കി കളയുന്നു.
” ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രമായ നിത്യയെ അവതരിപ്പിക്കുന്നതില്‍ സായ് പല്ലവി കാഴ്ചവെക്കുന്ന സൂക്ഷ്മത അതിശയിപ്പിക്കുന്നതാണ്. ഓട്ടിസത്തിലൂടെ കടന്നു പോകുന്ന നിത്യയുടെ നടപ്പിലും നോട്ടത്തിലുമെല്ലാം സായി പുലര്‍ത്തിയ സൂക്ഷ്മത വ്യക്തമാണ്. അതേ സമയം തന്നെ കളരി രംഗമുള്‍പ്പടെയുള്ള ആക്ഷന്‍ രംഗങ്ങളിലും സായി പല്ലവി ഞെട്ടിക്കുന്നുണ്ട്. സായി-ഫഹദ് കെമിസ്ട്രിയും പുതുമ പകരുന്നൊരു അനുഭവമാണ്,” ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ റിവ്യൂവിൽ ‘അതിരനി’ലെ സായിയുടെ പെർഫോമൻസിനെ അബിൻ പൊന്നപ്പൻ വിശേഷിപ്പിക്കുന്നതിങ്ങനെ.
സായ് പല്ലവിയുടെ അത്‌ലെറ്റിക് മികവിനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൽ കഴിഞ്ഞു എന്നതാണ് ‘അതിരൻ’ എന്ന ചിത്രത്തിന്റെ പ്ലസ്. തെന്നിന്ത്യൻ സിനിമയിൽ സായ് പല്ലവിയോളം മെയ്‌വഴക്കത്തോടെയും എനർജിയോടെയും നൃത്തം ചെയ്യുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്നു സംശയിക്കേണ്ടി വരുന്നിടത്താണ് സായ് പല്ലവിയെന്ന താരം വ്യത്യസ്തയാകുന്നതും. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ മിസ്സിൽ നിന്നും ‘കലി’യിലെ കഥാപാത്രത്തിൽ നിന്നുമൊക്കെ ബഹുദൂരം സഞ്ചരിച്ചാണ് സായ് പല്ലവി ‘അതിരനി’ൽ എത്തി നിൽക്കുന്നത്.