/indian-express-malayalam/media/media_files/uploads/2020/01/GEETU-MOHANDAS.jpg)
ഗായികയായും അവതാരകയായും നടിയായുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് റിമിടോമി. വിദേശ ഷോകളും നിരന്തരം യാത്രകളുമൊക്കെയായി തിരക്കിൽ നിന്നും തിരക്കിലേക്ക് പറന്നു കൊണ്ടിരിക്കുന്ന റിമിയുടെ രണ്ട് പേടികൾ കേട്ടാൽ ആർക്കും അതിശയം തോന്നാം.
മഴവിൽ മനോരമയിലെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയ്ക്ക് ഇടയിലാണ് തന്റെ ജീവിതത്തിലെ വലിയ രണ്ടു പേടികളെ കുറിച്ച് റിമി തുറന്നു പറഞ്ഞത്. നായകളെയും ഫ്ളൈറ്റിൽ കയറലുമാണ് തനിക്ക് ഏറെ പേടിയുള്ള രണ്ട് കാര്യങ്ങൾ എന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ.
"യാത്ര ചെയ്യാതെ പറ്റില്ലെന്നതു കൊണ്ട്, മറ്റൊരു രക്ഷയുമില്ലാത്തതുകൊണ്ട് ഫ്ളൈറ്റിൽ കയറാറുണ്ട്. ടേക്ക് ഓഫ് മുതൽ തുടങ്ങും എന്റെ കരച്ചിൽ. അടുത്തിരിക്കുന്നവർക്കൊക്കെ അതിൽ നാണക്കേട് തോന്നും," റിമി പറയുന്നു. പരിപാടിയിൽ അതിഥിയായെത്തിയ നമിത പ്രമോദിനോട് ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു റിമി. പലവട്ടം റിമിയ്ക്ക് ഒപ്പം യാത്ര ചെയ്തിട്ടുള്ള നമിതയും റിമിയുടെ വാക്കുകൾ ശരിയാണെന്ന് സമ്മതിച്ചു, "അടുത്തിരിക്കാനൊന്നും പറ്റില്ല, നമ്മുടെ കയ്യിലൊക്കെ കടിച്ചു കളയും."
ഒരിക്കൽ ഫ്ളൈറ്റ് യാത്രയ്ക്കിടെ പേടിച്ച് കരഞ്ഞ് ഗീതു മോഹൻദാസിന്റെ കയ്യിൽ കടിച്ചിട്ടുണ്ടെന്നും റിമി ടോമി പറഞ്ഞു. റിമിയുടെ വാക്കുകൾ: " "ഒരിക്കൽ ഫ്ലൈറ്റിൽ വച്ച് ഞാൻ ഗീതുമോഹൻദാസിന്റെ കയ്യിൽ കടിച്ചു. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു ഞങ്ങൾ. അന്ന് ഗീതു ഒരുമാസം ഗർഭിണിയായിരുന്നു. എന്റെ അടുത്ത് അനുജൻ റിങ്കു ആയിരുന്നു ആദ്യം, ഇടയ്ക്ക് റിങ്കുവിനെ മാറ്റി ഗീതു മോഹൻദാസ് അടുത്ത് വന്നിരുന്നു."
"സാധാരണ ഫ്ളൈറ്റിൽ അങ്ങനെ കുലുക്കം ഉണ്ടാവാറില്ല, അന്ന് പക്ഷേ പതിവില്ലാത്ത കുലുക്കം. ഞാൻ ശരിക്കും പേടിച്ചു, കരഞ്ഞ് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അന്ന് അനിയന്റെ കല്യാണം കൂടി കഴിഞ്ഞിട്ടില്ല, അതൊക്കെ ഓർത്തായിരുന്നു എന്റെ പേടി. എന്താ സംഭവിക്കുന്നത് എന്ന് ഞാൻ എയർ ഹോസ്റ്റേഴ്സിനോട് ചോദിച്ചുകൊണ്ടിരുന്നു. ഫ്ലൈറ്റ് ഇറങ്ങിക്കഴിഞ്ഞപ്പോൾ ഗീതു എന്നെ വിളിച്ച് കയ്യിലെ പാട് കാണിച്ചു. ഇതെന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ പേടിച്ച് നിലവിളിച്ച സമയത്ത് കടിച്ചതാണെന്ന് ഗീതു പറഞ്ഞു," ചിരിയോടെ റിമി ടോമി പറഞ്ഞു.
Read more: പഴങ്കഞ്ഞി എന്ന സുമ്മാവാ… റിമി ടോമിയോട് ചോദിച്ചാൽ അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.