scorecardresearch

Thattassery Koottam Malayalam Movie Review & Rating: ഒരു കൂട്ടം ആവർത്തന വിരസതകളുമായി ഒരു ചിത്രം; 'തട്ടാശേരി കൂട്ടം' റിവ്യൂ

Thattassery Koottam Malayalam Movie Review & Rating: സൗഹൃദവും പ്രണയവും ഇതിനിടയിൽ സംഭവിക്കുന്ന ട്വിസ്റ്റുകളുമൊക്കെയായി പോകുന്ന സിനിമയിൽ അപ്രവചനീയമോ അപ്രതീക്ഷിതമായതോ ആയ ഒറ്റ രംഗം പോലുമില്ല

Thattassery Koottam Malayalam Movie Review & Rating: സൗഹൃദവും പ്രണയവും ഇതിനിടയിൽ സംഭവിക്കുന്ന ട്വിസ്റ്റുകളുമൊക്കെയായി പോകുന്ന സിനിമയിൽ അപ്രവചനീയമോ അപ്രതീക്ഷിതമായതോ ആയ ഒറ്റ രംഗം പോലുമില്ല

author-image
Aparna Prasanthi
അപ്‌ഡേറ്റ് ചെയ്‌തു
New Update
thattassery koottam, thattassery koottam review, thattassery koottam rating

Thattassery Koottam Malayalam Movie Review & Rating: വളരെ പ്ലെയിനായി തുടങ്ങിയവസാനിക്കുന്ന സിനിമ എന്ന് വേണമെങ്കിൽ ഒറ്റവരിയിൽ പറയാം 'തട്ടാശേരി കൂട്ട'ത്തെ കുറിച്ച്. 90 കളുടെ മധ്യത്തിലൊക്കെ അവസാനിച്ച രീതിയിലുള്ള മേക്കിങ്ങും തിരക്കഥയും സംഭാഷണങ്ങളും എവിടെയുമൊരു കൗതുകവും ബാക്കി വെക്കാത്ത രീതിയിലുള്ള അവതരണവുമൊക്കെയാണ് സിനിമയുടേത്. സൗഹൃദവും പ്രണയവും ഇതിനിടയിൽ സംഭവിക്കുന്ന ട്വിസ്റ്റുകളുമൊക്കെയായി പോകുന്ന സിനിമയിൽ അപ്രവചനീയമോ അപ്രതീക്ഷിതമായോ ഒറ്റ രംഗം പോലുമില്ല. സിനിമയുടെ പതിഞ്ഞ താളവും പല കാലങ്ങളിൽ ഷൂട്ട് ചെയ്തത് കൂട്ടിച്ചേർത്ത അനുഭവവും കൂടി ചേരുമ്പോൾ കാലത്തോട് ചേരാതെ 'തട്ടാശ്ശേരി കൂട്ടം' മാറി നിൽക്കുന്നു. ക്‌ളീഷേ ആയ അവതരണ രീതിയും സംഭാഷണങ്ങളും സിനിമയെ കാലത്തിനു പുറകിലേക്ക് നയിക്കുന്നുവെന്നും വേണമെങ്കിൽ പറയാം.

Advertisment

പേര് സൂചിപ്പിക്കും പോലെ 'തട്ടാശ്ശേരി കൂട്ടം' പ്രാഥമികമായി ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ്. സഞ്ജു (അർജുൻ അശോകൻ) എന്ന ചെറുപ്പക്കാരനിലാണ് സിനിമ മുഴുവനായി ഊന്നുന്നത്. മലയാള സിനിമയിൽ പതിറ്റാണ്ടുകളായി കാണുന്ന 'സ്പോയിൽറ്റ് ബ്രാറ്റ്' സ്വഭാവങ്ങൾ മുഴുവനുള്ള ആളാണ്‌ സഞ്ജു. അയാളും കൂട്ടുകാരും ചേർന്നുള്ള ആഘോഷങ്ങളിലും സന്തോഷങ്ങളിലുമാണ് സിനിമ തുടങ്ങുന്നത്. ആൺ സൗഹൃദങ്ങളുടെ പതിവ് സിനിമാ കാഴ്ചകളിലൂടെയാണ് സിനിമ ഇവിടെ സഞ്ചരിക്കുന്നത്. പുഴക്കരയിൽ ഇരുന്നുള്ള മദ്യപാനം മുതൽ വായ്നോട്ടം വരെ എല്ലാം പല സിനിമകളിൽ കണ്ട ഇത്തരം രംഗങ്ങളുടെ ആവർത്തനമായി തോന്നി.

സാധാരണക്കാരനായ ഒരാളുടെ അതിസാധാരണത്വങ്ങൾ നിറഞ്ഞ നിത്യജീവിതത്തെ സ്‌ക്രീനിൽ കാണുമ്പോൾ തോന്നുന്ന സ്വഭാവികത 'തട്ടാശേരി കൂട്ടത്തിലെവിടെയും കണ്ടില്ല. പല സിനിമകളിലെ ഇത്തരം കാഴ്ചകളുടെ ആവർത്തനം പോലെ പല രംഗങ്ങളും തോന്നി.

സിനിമയിലെ പ്രണയ രംഗങ്ങൾക്കും ഇതേ പ്രശ്നമുണ്ട്. പ്രണയ തുടക്കവും അതിന്റെ വളർച്ചയും അതിലെ സംഘർഷങ്ങളുമൊക്കെ കാണുന്നവരിൽ സന്തോഷമോ സംഘർഷമോ ഒന്നുമുണ്ടാക്കുന്നില്ല. വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന മറ്റൊരു പ്രണയത്തിന്റെ സാധ്യത സിനിമയിൽ ഇടക്ക് തുറന്നു വന്നെങ്കിലും അതിനെവിടെയും തുടർച്ചയില്ലാതെ പോയി. ആകാംക്ഷയുണ്ടാക്കാൻ വേണ്ടി നിർമിച്ച സസ്പെൻസ് രംഗങ്ങളും വളരെ തണുപ്പൻ മട്ടിൽ പറഞ്ഞു പോയി.

Advertisment

നവാഗതനായ അനൂപിന്റെ സംവിധാനത്തിനോ അർജുൻ അശോകൻ, വിജയരാഘവൻ, ഗണപതി, സിദ്ധിക്ക്, ഉണ്ണി രാജൻ പി ദേവ്, ശ്രീലക്ഷ്മി,പ്രിയംവദ, അനൂപ് തുടങ്ങിയ വലിയ താരനിരക്കോ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നും ചെയ്യാനുണ്ടായില്ല. ജിയോയുടെ കഥയും സന്തോഷ്‌ എച്ചിക്കാനത്തിന്റെ തിരക്കഥയും സംഭാഷണവും സിനിമയിലെ പാട്ടുകളുമൊക്കെ ഇത് പോലെ ഒട്ടും പ്രേക്ഷകരെ തൊടാതെ കടന്നു പോയി.

സഞ്ചരിക്കുന്ന ഭൂമികയെ അടയാളപ്പെടുത്തുന്ന സിനിമകൾ നല്ല സിനിമകളാണ് എന്നൊരു നിരീക്ഷണമുണ്ട്. 'തട്ടാശേരി കൂട്ട'ത്തിൽ കുറച്ചെങ്കിലും സ്വഭാവികമായി തോന്നിയത് സിനിമയുടെ കഥാഗതിയെ മുന്നോട്ട് നയിക്കുന്ന ഇടങ്ങളെ സ്വഭാവികമായ ഒഴുക്കിൽ അടയാളപ്പെടുത്തിയ രീതിയാണ്. ആലുവ നഗരവും പ്രാന്ത പ്രദേശങ്ങളും സിനിമയിൽ വലിയ പ്രാധാന്യത്തോടെ തന്നെ കടന്നു വരുന്നു. നായകൻ കടന്നു പോകുന്ന പല സ്ഥലങ്ങളെയും ഇത് പോലെ അടയാളപ്പെടുത്തികൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമ സമർപ്പിച്ചത് തന്നെ ആലുവ, ദേശം നിവാസികൾക്കാണ്. നാടിനെ സ്വഭാവികതയോടെ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നു. വളരെ ലളിതമായി കഥയുടെ ഒഴുക്കിനൊപ്പം ആ നാടും കടന്നു വരുന്നു. ആ കടന്നു വരലിനിടക്ക് പല കാലങ്ങളിൽ ആയി സിനിമ തീർത്തതിന്റെ ചില പാളിച്ചകൾ ഈ ഭൂമികയെ അടയാളപ്പെടുത്തുന്നതിലും ഇടക്കിടക്ക് കടന്നു വരുന്നുണ്ട്.

യുക്തിഭദ്രമായ തുടർച്ചയാണ് ഒരു സിനിമയെ പൂർണമായ കാഴ്ചനുഭവമാക്കുന്നത്. സംഭവങ്ങൾക്കെന്ന പോലെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ വൈകാരികമായ അവസ്ഥാ വിശേഷങ്ങൾക്കും യുക്തിഭദ്രമായ തുടർച്ചയുണ്ടാവാറുണ്ട്. 'തട്ടാശേരി കൂട്ട'ത്തിൽ പലയിടത്തും അത് നഷ്ടപ്പെടുന്നുന്നുണ്ട്. വളരെയധികം ആത്മസംഘർഷമനുഭവിക്കുന്ന നായകൻ അടുത്ത രംഗത്തിൽ ചിൽ മൂഡിൽ നായികക്കൊപ്പം പ്രണയിച്ചു നടക്കുന്നത് പോലുള്ള രംഗങ്ങൾ പലയിടത്തും സിനിമയിൽ കാണാം.

മാസ്സ് നായകന്മാർ അതിശകതരായ വില്ലന്മാരെ ഒറ്റയടിക്ക് അടിച്ചു തോൽപ്പിക്കുന്നത് സിനിമകളിൽ കാണാറുണ്ട്. തുടക്കം മുതൽ സാധാരണ ജീവിതം നയിച്ചു നിത്യജീവിത പ്രശ്നങ്ങളിൽ പെട്ടുഴറുന്ന മനുഷ്യർ ഈ രീതിയിൽ ചെയ്യുമ്പോൾ വിചിത്രമായി അനുഭവപ്പെടുന്നു. അത്തരമൊരു വൈചിത്രം 'തട്ടാശേരി കൂട്ട'ത്തിലൂടനീളം കാണാം.

വളരെയധികം കാലങ്ങളായി പല നിലക്ക് ചർച്ചായ, റിലീസിന് വേണ്ടി കുറച്ചു പേരെങ്കിലും ആകാംക്ഷയോടെ കാത്തിരുന്ന സിനിമയാണ് 'തട്ടാശേരി കൂട്ടം.' ചിത്രത്തിന്റെ നിർമാതാവ് ദിലീപ് റേപ്പ് കൊട്ടേഷൻ കേസിൽ കുറ്റാരോപിതനായതും ജയിലിൽ പോയതും പിന്നീട് വന്ന കോറോണയുമൊക്കെ കഴിഞ്ഞാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒരു കോമഡി ഡ്രാമക്കും ഫീൽ ഗുഡ് സിനിമക്കും മേലുള്ള പ്രതീക്ഷയാണ് 'തട്ടാശേരി കൂട്ട'ത്തെ ഒരു വിഭാഗം പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാക്കിയത്. പക്ഷേ ആ ഴോണറിനോട്‌ മൗലികമായി നീതി പുലർത്താൻ സിനിമക്കായില്ല എന്ന് പറയേണ്ടി വരും.

Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: