scorecardresearch

Mukundan Unni Associates Movie Review & Rating: വിനീതിന്റെ പാവത്താൻ ഇമേജിനെ ഉടച്ചുവാർക്കുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’; റിവ്യൂ

‘നന്മ/തിന്മ’ തുലാസിൽ തൂക്കി നോക്കാതെ, ഗ്രേയിലും കറുപ്പിലുമായി ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥ പക്ഷംപിടിക്കാതെ പറഞ്ഞുപോവുകയാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’

RatingRatingRatingRatingRating
Mukundan Unni Associates, Mukundan Unni Associates review, Mukundan Unni Associates movie review, Mukundan Unni Associates movie rating, Mukundan Unni Associates review malayalam

മലയാള സിനിമയിൽ സമീപകാലത്ത് പ്രകടമായി കാണാവുന്ന മാറ്റങ്ങളിലൊന്ന്, നന്മമരങ്ങളാവുന്ന കഥാപാത്രങ്ങളിൽ നിന്നും നായകനും കേന്ദ്രകഥാപാത്രങ്ങളുമൊക്കെ ഗ്രേ ഷെയ്ഡിലേക്ക് മാറുന്നു എന്നതാണ്. സമീപകാലത്തിറങ്ങിയ റോഷാക്ക്, അപ്പൻ പോലുള്ള ചിത്രങ്ങളിലൊക്കെ, വില്ലൻ എന്ന ടാഗ് ലൈനില്ലാതെ തന്നെ ഇത്തരം ഗ്രേ ഷെയ്ഡ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ രീതി പ്രേക്ഷകർ കണ്ടതാണ്. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ പറയുന്നതും ‘ഗ്രേ’യിലും ചിലപ്പോഴൊക്കെ ‘കറുപ്പി’ലേക്കും സഞ്ചരിക്കുന്ന, വക്കീൽ ആയില്ലായിരുന്നെങ്കിൽ പക്ക ക്രിമിനലായി മാറുമായിരുന്ന ഒരു കുബുദ്ധിക്കാരൻ വക്കീലിന്റെ കഥയാണ്.

കേസില്ലാ വക്കീലായി തേരാപ്പാര അലയുന്ന കൽപ്പറ്റക്കാരനായ മുകുന്ദൻ ഉണ്ണിയേയും പരുവപ്പെടുത്തുന്നത് അയാളുടെ സാഹചര്യങ്ങളാണ്. ജീവിതവിജയം നേടാൻ എന്തൊക്കെ വേണമെന്ന് മോട്ടിവേഷൻ പുസ്തകങ്ങൾ നോക്കി പഠിച്ച് അതിനനുസരിച്ച് ചിട്ടയായൊരു ലൈഫ്സ്റ്റൈൽ വരെ വിഭാവനം ചെയ്ത് ജീവിക്കുന്ന ആളാണ് മുകുന്ദനുണ്ണി. എന്നാൽ, അച്ചടക്കമുള്ള ആ ജീവിതമോ സെൽഫ് മോട്ടിവേഷനോ മുകുന്ദനുണ്ണിയെ എവിടെയും എത്തിക്കുന്നില്ല. പ്രായം കടന്നുപോവുകയും ജീവിതം കൈവിട്ടുപോവുന്നു എന്നു തോന്നി തുടങ്ങുകയും ചെയ്യുന്നിടത്ത് വച്ച് അയാൾ മാറി തുടങ്ങുന്നു. എളുപ്പത്തിൽ പണം കൊയ്യാവുന്ന ഒരു മാർഗ്ഗം അയാൾക്കു പരിചയപ്പെടുത്തുന്നത് അഡ്വക്കറ്റ് വേണു (സൂരജ് വെഞ്ഞാറമൂട്) ആണ്. കുട്ടിക്കാലം മുതൽ തന്നെ ഉള്ളിൽ ക്രിമിനൽ ബുദ്ധിയുള്ള മുകുന്ദനുണ്ണി ഞൊടിയിടയിൽ തന്നെ ആ രംഗത്ത് അപ്രമാദിത്വം സ്ഥാപിക്കുന്നു. അതിനിടയിൽ മുകുന്ദനുണ്ണിയ്ക്ക് മുന്നിലെത്തുന്ന വെല്ലുവിളികൾ, സാഹസങ്ങൾ, ശരികൾ, തെറ്റുകൾ എന്നിവയിലൂടെയാണ് കഥയുടെ പ്രയാണം.

പൊതുവെ പ്രേക്ഷകർക്കിടയിൽ ഒരു പാവത്താൻ ഇമേജുള്ള നടനാണ് വിനീത് ശ്രീനിവാസൻ. വിനീതിനെ ആ പാവത്താൻ ഇമേജിൽ നിന്നും പുറത്തുകൊണ്ടുവന്നത് ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ രവി പത്മനാഭൻ എന്ന കഥാപാത്രമാണ്. മുകുന്ദനുണ്ണിയിലേക്ക് എത്തുമ്പോൾ രവി പത്മനാഭനൊക്കെ എത്ര പാവത്താനാണെന്നു തോന്നിപ്പിക്കുന്ന പ്രകടനമാണ് വിനീത് കാഴ്ച വയ്ക്കുന്നത്. സ്വയം കേന്ദ്രീകൃതമായി ചിന്തിക്കുന്ന, തന്നോടല്ലാതെ മറ്റൊരാളോടും ആത്മാർത്ഥതയില്ലാത്ത, സഹാനുഭൂതിയില്ലാത്ത മുകുന്ദനുണ്ണിയിൽ നായകനേക്കാൾ കൂടുതലും തെളിമയോടെ നിൽക്കുന്നത് വില്ലനാണ്. ശരീരഭാഷയിലും ഭാവങ്ങളിലും ചലനങ്ങളിലുമെല്ലാം മറ്റൊരാളായി മാറി മുകുന്ദനുണ്ണിയ്ക്ക് സ്വാഭാവികത സമ്മാനിക്കാൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, തൻവി റാം, സുധി കോപ്പ, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ആർഷ ചാന്ദ്നി, ജോർജ് കോര, റിയ സെയ്റ, അൽതാഫ് സലിം, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ ശ്രദ്ധേയ അഭിനയം കാഴ്ച വയ്ക്കുന്ന മറ്റു അഭിനേതാക്കൾ.

ആഖ്യാനവും എഡിറ്റിംഗുമാണ് ചിത്രത്തിനെ ആകർഷകമാക്കുന്ന മറ്റു രണ്ടു ഘടകങ്ങൾ. ചിത്രത്തിന്റെ തുടക്കം മുതൽ ഈ രണ്ടു ഘടകങ്ങളുമാണ് മുന്നോട്ടുള്ള യാത്രയെ പൂർണ്ണമായും നിയന്ത്രിക്കാൻ പോവുന്നതെന്ന സൂചന നൽകുന്നുണ്ട് സംവിധായകൻ. ‘ആരോടും നന്ദി പറയുന്നില്ല’ എന്ന് സ്കോർ കാർഡിൽ എഴുതി കാണിക്കുന്നിടത്തുനിന്നും തുടങ്ങുന്നു മുകുന്ദൻ ഉണ്ണിയുടെ വേറിട്ട അവതരണം. വോയ്സ് ഓവറിന് ചിത്രത്തിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. മുകുന്ദനുണ്ണിയുടെ ലോകത്തെ അയാൾ തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന രീതി ഫ്രഷ്നസ്സ് സമ്മാനിക്കുന്നുണ്ട്.

Human beings are mostly grey. But in some cases they are just black എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട് സംവിധായകൻ. ആ വാക്കുകളെ അക്ഷരാർത്ഥത്തിൽ ആവിഷ്കരിക്കുന്ന ചിത്രമാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’. പൊതുവെ സിനിമകളിൽ, വില്ലന്മാർക്ക് പരാജയവും മരണവുമൊക്കെ വിധിക്കുന്ന സാരോപദേശ മാർഗ്ഗങ്ങളെ സംവിധായകൻ പിൻതുടരുന്നില്ല എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സമൂഹത്തിൽ വ്യാപകമായി നടക്കുന്ന, എന്നാൽ സാധാരണക്കാർ അത്ര ബോധവാന്മാരല്ലാത്ത ചില തട്ടിപ്പുകളിലേക്കും വെളിച്ചം വീശുന്നുണ്ട് ചിത്രം. വിമൽ ഗോപാലകൃഷ്ണനും അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

എഡിറ്ററായി കരിയർ ആരംഭിച്ച അഭിനവ് സുന്ദർ നായകിന്റെ ആദ്യചിത്രമാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’. ഒരു എഡിറ്ററുടെ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ രസകരമായാണ് അഭിനവ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ടെക്നിക്കൽ വശങ്ങളിലും ചിത്രം മികവു പുലർത്തുന്നുണ്ട്.

സിനിമയിലാണെങ്കിലും ആത്യന്തികമായി നന്മ മാത്രമേ ജയിക്കാവൂ എന്നൊക്കെ പിടിവാശിയുള്ളവർക്ക് ഇണങ്ങിയ പടമല്ല ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’. അത്തരം ലോലഹൃദയമുള്ള പ്രേക്ഷകർക്ക് ഈ പടം കണ്ടു തീർക്കുക അത്ര എളുപ്പമായിരിക്കില്ല. ‘നന്മ/തിന്മ’ തുലാസിൽ തൂക്കി നോക്കാതെ, ഗ്രേയിലും ‘ബ്ലാക്കി’ലുമായി ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥ പക്ഷംപിടിക്കാതെ പറഞ്ഞുപോവുകയാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സി’ന്റെ അണിയറപ്രവർത്തകർ. ആ സിനിമാക്കാഴ്ചയിൽ മുകുന്ദനുണ്ണി നിങ്ങളെ ചിരിപ്പിക്കും, രസിപ്പിക്കും ചിലപ്പോഴൊക്കെ ഇയാളെന്തൊരു മനുഷ്യനാണെന്ന് അമ്പരപ്പിക്കും, ചില നിമിഷങ്ങളിൽ പ്രേക്ഷകരുടെ വെറുപ്പും ഏറ്റുവാങ്ങും.

ലോക്ക്ഡൗൺ കാലം സ്പാനിഷ്, കൊറിയൻ ചിത്രങ്ങളും വെബ് സീരിസുകളുമൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ മലയാളി പ്രേക്ഷകരിലേക്ക് കൂടുതലായി എത്താൻ വഴിയൊരുക്കിയിട്ടുണ്ട്. ആ ഭാവുകത്വങ്ങളുടെ പ്രതിഫലനം മലയാളത്തിലിറങ്ങിയ സമീപകാലചിത്രങ്ങളിൽ പലതിലും തെളിഞ്ഞു കാണുന്നുണ്ട്. എന്തായാലും, മലയാള സിനിമയിലെ നന്മമര നായകന്മാർ തൽക്കാലമൊന്നു വഴി മാറി കൊടുക്കൂ, ഇനി പാട്രിയാര്‍ക്കിയുടെയും മാസ്‌കുലിനിറ്റിയുടെയും ആൾരൂപമായ അപ്പന്റെയും സ്വാർത്ഥതയും ക്രിമിനൽ ബുദ്ധിയും സമാസമം ചേരുന്ന മുകുന്ദനുണ്ണിമാരുടെയും കാലമാണ്. ഡാർക്ക് കോമഡി ചിത്രങ്ങൾ വേറിട്ട ആസ്വാദനം സാധ്യമാക്കി കൊണ്ട് മലയാളസിനിമയിൽ പുതിയ ഭൂമികകൾ കണ്ടെത്തുകയാണ്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Mukundan unni associates movie review rating vineeth sreenivasan