scorecardresearch

Thamaasha Movie Review: ചില തമാശക്കാരുടെ മുഖത്തടിക്കുന്ന 'തമാശ'

Thamaasha Movie Review: കഷണ്ടിയായതിന്റെ അപകര്‍ഷതാ ബോധത്തില്‍ വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ശ്രീനിവാസന്‍ എന്ന കോളേജ് അധ്യാപകന്റെ കഥയാണ് തമാശ

Thamaasha Movie Review: കഷണ്ടിയായതിന്റെ അപകര്‍ഷതാ ബോധത്തില്‍ വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ശ്രീനിവാസന്‍ എന്ന കോളേജ് അധ്യാപകന്റെ കഥയാണ് തമാശ

author-image
Sandhya KP
അപ്‌ഡേറ്റ് ചെയ്‌തു
New Update
thamasha, thamasha review, thamasha vinay fort, thamasha vinay fortt, thamasha movie malayalam, thamasha malayalam movie, thamaasha review malayalam, thamaasha movie review, thamaasha movie review malayalam, thamaasha movie audience review, thamaasha movie public review, thamaasha movie review in malayalam, thamaasha movie public ratings, vinayakan, dileesh pothen, malayalam movies, malayalam cinema, തമാശ, തമാശ സിനിമ, തമാശ റിവ്യൂ, തമാശ റേറ്റിംഗ്, തമാശ വിനയ് ഫോര്‍ട്ട്‌

Thamaasha Movie Review: ലിജോ ജോസ് പെല്ലിശ്ശേരി, സമീര്‍ താഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, ഷൈജു ഖാലിദ്. ഇത് മലയാള സിനിമ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നാല് പേരുകളാണ്. അത്ര തന്നെ പ്രതീക്ഷയോടെയാണ് ഈ നാല് പേരും നിര്‍മ്മാതാക്കളായി കൈകോര്‍ത്ത ചിത്രം 'തമാശ' ഇന്ന് തിയേറ്ററുകളിലെത്തുമ്പോഴും പ്രേക്ഷകര്‍ ടിക്കറ്റെടുക്കുന്നത്. മലയാളത്തിലെ വേഴ്‌സറ്റൈല്‍ നടന്‍മാരില്‍ ഒരാളായ വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisment

കഷണ്ടിയായതിന്റെ അപകര്‍ഷതാ ബോധത്തില്‍ വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ശ്രീനിവാസന്‍(വിനയ് ഫോര്‍ട്ട്) എന്ന കോളേജ് അധ്യാപകന്റെ കഥയാണ് തമാശ. തന്റെ രൂപം സമൂഹത്തില്‍ തന്നെ ഒരു കോമാളിയാക്കുന്നു എന്ന അപകര്‍ഷതാബോധവും പേറിയാണ് ഓരോ ദിവസവും ശ്രീനിവാസന്‍ ജീവിക്കുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും അയാള്‍ പരിഹസിക്കപ്പെടുന്നുണ്ട്. ശ്രീനിവാസന്റെ ഓരോ വിവാഹാലോചനകളും മുടങ്ങുന്നത് തലയില്‍ മുടിയില്ലെന്ന പേരിലാണ്. ഷേക്‌സ്പിയര്‍ മുതല്‍ ഗാന്ധിജിയും വൈക്കം മുഹമ്മദ് ബഷീറും വരെ മുടിയില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ കല്യാണ ബ്രോക്കറോട് തട്ടിക്കയറുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. കഷണ്ടി ഒരു 'കുറവല്ല' എന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഓരോ തവണയും ശ്രമിച്ച് അയാള്‍ പരാജയപ്പെട്ട് പോകുകയാണ്.

കോളേജിലെ പ്യൂണായ റഹീം(നവാസ് വള്ളിക്കുന്ന്) ആണ് ശ്രീനിവാസന്റെ ഉപദേശിയും സന്തതസഹചാരിയുമെല്ലാം. അയാളുടെ ഉപദേശ പ്രകാരം ശ്രീനിവാസന്‍ സഹപ്രവര്‍ത്തകയായ ബബിത ടീച്ചറുമായി(ദിവ്യപ്രഭ) അടുക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളിലൂടെയും ശ്രീനിയുടെ ആത്മവിശ്വാസ്‌ക്കുറവിലൂടെയുമെല്ലാമാണ് തമാശയുടെ കഥ വികസിക്കുന്നത്.

മിക്കപ്പോഴും നമ്മള്‍ തമാശയായി പറയുന്ന പല കാര്യങ്ങളും ഒട്ടും തമാശയല്ലെന്ന് മുഖത്തടിച്ചുകൊണ്ട് ഓര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രമാണിത്. രൂപത്തെയും നിറത്തെയും തടിയേയുമെല്ലാം അടിസ്ഥാനപ്പെടുത്തി നാം രൂപപ്പെടുത്തിയെടുത്ത സൗന്ദര്യ സങ്കല്‍പ്പത്തെ അപ്പാടെ പൊളിച്ചെഴുതുകയും രൂപത്തിന്റെ പേരിലുള്ള 'തമാശ'കള്‍ അത്ര തമാശയല്ല അത് വളരെ ക്രൂരവും പ്രാകൃതവുമാണെന്ന് ചിത്രം അടിവരയിടുന്നു.

Advertisment

thamasha, thamasha review, thamasha vinay fort, thamasha vinay fortt, thamasha movie malayalam, thamasha malayalam movie, thamaasha review malayalam, thamaasha movie review, thamaasha movie review malayalam, thamaasha movie audience review, thamaasha movie public review, thamaasha movie review in malayalam, thamaasha movie public ratings, vinayakan, dileesh pothen, malayalam movies, malayalam cinema, തമാശ, തമാശ സിനിമ, തമാശ റിവ്യൂ, തമാശ റേറ്റിംഗ്, തമാശ വിനയ് ഫോര്‍ട്ട്‌

മാട്രിമോണിയല്‍ പേജില്‍ നിറവും തടിയും ഉയരവും ജാതിയുമടക്കം പരസ്യപ്പെടുത്തി വിവാഹക്കമ്പോളത്തില്‍ വില്‍പ്പനച്ചരക്കാകുന്ന സ്ത്രീ പുരുഷന്മാര്‍ക്കു കൂടി തമാശ ഗൗരവമായ ഒരു പാഠമാണ്. തടി കൂടിയാല്‍ നല്ല ചെക്കനെ കിട്ടില്ല എന്ന് പറയുന്നവര്‍ക്ക് 'കുമ്പളങ്ങയല്ല എനിക്ക് ഫലൂഡ കഴിക്കാനാണ് ഇഷ്ടം' എന്നൊരു ക്ലാസ് മറുപടി തമാശയിലുണ്ട്. വളരെ ഗൗരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഒരിടത്തു പോലും സിനിമ അതിന്റെ എന്റര്‍ടെയിനിങ് സ്വഭാവം കൈവിടുന്നില്ല. ഉത്സവസീസണില്‍ ഏത് രൂപക്കാര്‍ക്കും പ്രായക്കാര്‍ക്കും പോയി കാണാവുന്ന ചിത്രമാണിത്. കാരണം ഒരിടത്തു പോലും തമാശ നിങ്ങളെ പരിഹസിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയ്മിങ്, കമന്റുകളിലൂടെയുള്ള ഹരാസിങ് എന്നിവയും തമാശ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്.

ഒരു നവാഗത സംവിധായകനാണെന്ന് ഒരിക്കല്‍ പോലും തോന്നിക്കാതെയാണ് അഷ്‌റഫ് ഹംസ തമാശ ഒരുക്കിയിരിക്കുന്നത്. വളരെ ഇരുത്തം വന്ന സംവിധായകനും തിരക്കഥാകൃത്തുമാണ് ഈ കലാകാരന്‍. രണ്ടാം പകുതി അല്‍പ്പം ലാഗ് അനുഭവപ്പെട്ടെങ്കിലും ചിത്രം അതിന്റെ ട്രാക്കില്‍ നിന്ന് വഴി മാറുന്നില്ല.

കൊച്ചിക്കാരനായ വിനയ് ഫോര്‍ട്ട് അനായാസമാണ് പൊന്നാനിക്കാരനായ ശ്രീനിവാസന്‍ മാഷായി മാറുന്നത്. 'ജാവ സിമ്പിളും പവര്‍ഫുളും' ആണെന്ന് പറയുന്ന പ്രേമത്തിലെ അധ്യാപകനേ അല്ല ഈ മലയാളം മാഷ്. താന്‍ അനുഭവിക്കുന്ന അപകര്‍ഷതാബോധം കഥാപാത്രത്തിന്റെ ഇരിപ്പിലും നടപ്പിലും പോലും കൊണ്ടുവരാന്‍ വിനയ് ഫോര്‍ട്ടിന് സാധിച്ചിട്ടുണ്ട്. ബബിത ടീച്ചറായി ദിവ്യപ്രഭയും സഫിയയായി ഗ്രേസ് ആന്റണിയും മികച്ച പ്രകടനം കാഴ്ചവച്ചു. ചിന്നു എന്ന കഥാപാത്രമായെത്തിയ ചിന്നു ചാന്ദിനി എന്ന നടി മലയാള സിനിമയും പ്രേക്ഷകരും വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യും എന്നുറപ്പ്. ചിന്നുവില്‍ അവരവരെ തന്നെ കാണുന്ന നിരവധി പേരുണ്ടാകും.

Read More: 'തമാശ'യല്ല ജീവിതം: വിനയ് ഫോർട്ട് അഭിമുഖം

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നവാസ് വള്ളിക്കുന്നിന്റേതാണ്. മലയാള സിനിമയിലെ ഏറ്റവും ടൈമിങുള്ള കൊമേഡിയനും വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടനുമാണ് അദ്ദേഹം. റഹീം എന്ന കഥാപാത്രമായി നവാസിനെ അല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍ സാധിക്കില്ല.

പൊന്നാനിയുടേയും കൊച്ചിയുടേയും സൗന്ദര്യം മാത്രമല്ല, ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും മനസുകൂടിയാണ് സമീര്‍ താഹിറിന്റെ ക്യാമറ പകര്‍ത്തിയിരിക്കുന്നത്. സംവിധായകന്‍ മുഹ്‌സിന്‍ പെരാരിയുടെ വരികളും ഷഹബാസ് അമന്റേയും റെക്‌സ് വിജയന്റേയും സംഗീതം തമാശയ്ക്ക് രസം കൂട്ടുന്നു.

മുകളില്‍ പറഞ്ഞതു പോലെ ഒരിടത്തു പോലും ചിത്രം അതിന്റെ രസച്ചരട് മുറിയാതെ മുന്നോട്ട് പോകുന്നുണ്ട്. ബോഡി ഷെയ്മിങ് പ്രമേയമാക്കി മുമ്പ് ആഷിഖ് അബു ചെയ്ത 'ഡാ തടിയാ' എന്ന ചിത്രം പറയാന്‍ ബാക്കി വച്ച പലതും തമാശ പറയുന്നുമുണ്ട്.

Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: