കഷണ്ടി തലയും കട്ടിമീശയുമൊക്കെയായി, അനുരാഗവിലോചനായി സഹഅധ്യാപികയെ പ്രണയിക്കുന്ന ശ്രീനിവാസൻ മാഷ്. വിനയ് ഫോർട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘തമാശ’. ചിത്രത്തിലെ പോസ്റ്ററുകൾക്കും പുറത്തിറങ്ങിയ ഗാനരംഗങ്ങൾക്കുമൊപ്പം പ്രതീക്ഷ നൽകുന്ന മറ്റൊരു ഘടകം ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസാണ്.നവാഗതനായ അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകരായ സമീര് താഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ഛായാഗ്രാഹകന് ഷൈജു ഖാലിദ്, നടന് ചെമ്പന് വിനോദ് ജോസ് എന്നിവർ ചേർന്നാണ്.
ചിത്രം ഇന്ന് ഈദ് റിലീസായി തിയേറ്ററുകളിൽ എത്താനിരിക്കെ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് ‘തമാശ’യുടെ വിശേഷങ്ങൾ പങ്കിടുകയാണ് വിനയ് ഫോർട്ട്. ലോട്ടറിയടിച്ചതു പോലൊരു അവസരമായിരുന്നു തനിക്ക് ‘തമാശ’യെന്നാണ് വിനയ് പറയുന്നത്.
“നടൻ എന്ന രീതിയിലുള്ള പ്രധാന പരിമിതി മൂന്നാലു മാസം കൂടുമ്പോൾ ഒരു സിനിമയെങ്കിലും ഇറങ്ങികൊണ്ടിരിക്കണം എന്നതാണ്. ഒരുപാട് നാളുകളായി എനിക്കധികം ചോയ്സുകൾ ഇല്ലായിരുന്നു. അതേസമയം, കുറേയേറെ സിനിമകൾ ചെയ്യാൻ ഞാൻ ഫോഴ്സ്ഡ് ആയിട്ടുണ്ട്. അതിജീവനത്തിനു വേണ്ടിയായിരുന്നു പലതും. സാമ്പത്തികമായ അതിജീവനത്തിനു അപ്പുറത്തേക്ക് കരിയർ വെച്ച് നോക്കുമ്പോൾ ഒരു നടനെന്ന രീതിയിൽ ഞാനെന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം. അല്ലെങ്കിൽ ആളുകൾ നമ്മെ മറന്നുപോവും. പ്രത്യേകിച്ചും, താരമല്ലാത്ത ഒരു സാധാരണ നടനെ സംബന്ധിച്ച് അതൊരു വലിയ പ്രശ്നം തന്നെയാണ്. കഴിഞ്ഞ ഒന്നൊന്നര വർഷമായിട്ട് അതുപോലൊരു കാലഘട്ടമാണ് കടന്നുപോയത്,” വിനയ് പറഞ്ഞു.
“ആ സമയത്താണ് ചെമ്പൻ ചേട്ടൻ വിളിക്കുന്നത്. ചെമ്പൻ ചേട്ടൻ എന്റെ നല്ലൊരു സുഹൃത്തും ഞാൻ സഹോദരനെ പോലെ കാണുന്ന ആളുമൊക്കെയാണ്. ഇങ്ങനെയൊരു പ്രമേയമുണ്ട് എന്നു പറഞ്ഞ് എന്നോട് കഥ പറഞ്ഞു, എങ്ങനെയുണ്ടെന്നു ചോദിച്ചു. കഥ കേട്ടിട്ട് ഞാൻ നല്ല രസമുണ്ട് എന്നു പറഞ്ഞപ്പോൾ ഈ കഥാപാത്രത്തെ ചെയ്യാൻ താൽപ്പര്യമുണ്ടോ എന്നു ചോദിച്ചു. അതൊരു ക്വസ്റ്റ്യൻ ആണോ (is that a question?) എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്.”
“ഇത് സിനിമയാകുമ്പോൾ നല്ലൊരു സംവിധായകനെ വേണം. എന്നൊരു നല്ല സംവിധായകൻ വരുന്നോ, അന്നു നമുക്ക് ഈ പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞാണ് അന്ന് ഞങ്ങൾ ആ സംഭാഷണം അവസാനിപ്പിച്ചത്. നാലഞ്ചു മാസം കഴിഞ്ഞ് ചെമ്പൻ ചേട്ടൻ പിന്നെയും വിളിച്ചു, അഷ്റഫ് ഹംസ എന്ന സംവിധായകനോട് സംസാരിച്ചു എന്നു പറഞ്ഞു. അഷ്റഫാണെന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി, എനിക്ക് അഷ്റഫിനെ മുൻപ് അറിയാമായിരുന്നു, വളരെ ഹ്യുമെയ്ൻ ആയൊരു മലബാറുകാരനാണ് അഷ്റഫ്. ഹാപ്പി ഹവേഴ്സ് എന്റർടെയിൻമെന്റ് ചിത്രം നിർമ്മിക്കും, സമീർ താഹിർ ഈ ചിത്രം ഷൂട്ട് ചെയ്യും എന്നായിരുന്നു ചെമ്പൻ ചേട്ടന്റെ അടുത്ത ഡയലോഗ്. എനിക്ക് ലോട്ടറി അടിച്ച എഫക്റ്റ് ആയിരുന്നു,” വിനയ് കൂട്ടിച്ചേർക്കുന്നു.

വിമൽ സാറല്ല, ശ്രീനിവാസൻ സാർ
‘തമാശ’യിൽ ശ്രീനിവാസൻ എന്ന കോളേജ് അധ്യാപകനെയാണ് വിനയ് അവതരിപ്പിക്കുന്നത്. മലയാളം അധ്യാപകനായ ശ്രീനിവാസന്റെ ജീവിതവും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്നു സ്ത്രീകളുമൊക്കെയാണ് കഥയുടെ പ്രമേയം. വിനയ് ഫോർട്ടിന്റെ കരിയറിലെ തന്നെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായ ‘പ്രേമ’ത്തിലെ വിമൽ സാറിൽ നിന്നും ശ്രീനിവാസൻ സാറിനെ രക്ഷിക്കുക എന്നതായിരുന്നു തനിക്കു മുന്നിലുണ്ടായിരുന്നു ആദ്യത്തെ ചലഞ്ചെന്ന് വിനയ് പറയുന്നു.
“ലോട്ടറി അടിച്ച അവസ്ഥയിൽ നിന്നും ഞാൻ പതിയെ റിയാലിറ്റിയിലേക്ക് വന്നു. എല്ലാ നടന്മാരുടെയും സ്വപ്നമായിരിക്കും നമ്മൾ ലീഡ് ചെയ്യുന്ന സോൾഫുൾ സിനിമകൾ ചെയ്യുക എന്നത്. ഒരു നടനെന്ന രീതിയിൽ അതാണ് എന്റെയും ആഗ്രഹം. വലിയ അവാർഡുകൾ, സാമ്പത്തിക ലാഭം, പുറത്തു പോകുമ്പോൾ ലഭിക്കുന്ന പോപ്പുലാരിറ്റി അതിനൊക്കെ അപ്പുറത്തേക്ക് ഞാൻ ആഗ്രഹിക്കുന്നത് വളരെ സോൾഫുൾ ആയ, എന്നും നിലനിൽക്കുന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്യണം എന്നാണ്.”
“പക്ഷേ, ഈ അവസരം വന്നപ്പോൾ എന്റെ മുന്നിൽ അവശേഷിച്ചൊരു ചോദ്യമുണ്ട്. എന്റെ വേഷങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ‘പ്രേമ’ത്തിലെ വിമൽ സാർ എന്ന കഥാപാത്രമാണ്. അയാൾക്കും മുടിയില്ലാത്തതിന്റെ കോംപ്ലക്സ് ഉണ്ട്, അദ്ദേഹവും ഒരു കോളേജിൽ പഠിപ്പിക്കുന്നു, ഒരു അധ്യാപികയോട് പ്രണയതാൽപ്പര്യവും ഉണ്ട്. ഈ മൂന്നു സാമ്യതകളും ഈ കഥാപാത്രത്തിനും ഉണ്ട്.”
“പിന്നെ ഞാനാലോചിച്ചു, ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും സമീർ താഹിറും ഷൈജു ഖാലിദും കൂടി ഒരു സിനിമ ചെയ്യുന്നു. അവരെന്നെ പ്രധാന കഥാപാത്രമാകുന്നു. എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്, എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവസരങ്ങളിൽ ഒന്നാണത്. ഇവരുടെയൊക്കെ ചിത്രങ്ങളിൽ മുൻപ് ദുൽഖർ, ഫഹദ് തുടങ്ങി വൻതാരങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. അങ്ങനെ ഒരു അവസരം ലഭിച്ചിട്ട്, അതിലേക്ക് ഞാൻ ഇനിയും ‘പ്രേമ’ത്തിലെ വിമൽ സാറിനെയും കൊണ്ട് ചെന്നാൽ ഞാനെന്നെ തന്നെ റെസ്പെക്റ്റ് ചെയ്യാതെ പോവുന്നതു പോലെയാവും. അതുകൊണ്ട് ഞാൻ ചിത്രത്തിനു വേണ്ടി നന്നായി പണിയെടുക്കാൻ തീരുമാനിച്ചു.” ‘തമാശ’യ്ക്ക് വേണ്ടി നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് വിനയ് പറഞ്ഞു തുടങ്ങി.
” എനിക്കു മുന്നിൽ കുറേ സമയം ഉണ്ടായിരുന്നു. ഈ സിനിമ കൺഫേം ആയതിനു ശേഷം ജീവിതത്തിലൊരു പ്രതീക്ഷ വന്നു. ഇനി സർവൈവൽ പടങ്ങൾ വേണ്ട എന്നു തീരുമാനിച്ചു. തിരക്കഥ എഴുത്തു മുതൽ ഇവരുടെ കൂടെയുള്ളതു കൊണ്ട് എനിക്ക് കുറേ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റി. രൂപത്തിലും ഭാവത്തിലും പെർഫോമൻസിലും ഒന്നും വിമൽ സാറിന്റെ ഒരു സാമ്യതയും ഇതിൽ വരരുത് എന്നാഗ്രഹിച്ചു. ശ്രീനിവാസൻ സാർ എങ്ങനെയാവും നടക്കുക, ഇരിക്കുക, ഒരു സ്വിറ്റുവേഷൻ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യും- അത്തരം ഡീറ്റെയിൽസിൽ എല്ലാം ഞാൻ വർക്ക് ചെയ്തിരുന്നു. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ, ഒരു നടനു കിട്ടാനുള്ളതിൽ വെച്ച് ഏറ്റവും വലിയ ലക്ഷ്വറി എന്നു വിശേഷിപ്പിക്കാവുന്ന ഒരു സെറ്റായിരുന്നു അത്.
വളരെ ക്രിയേറ്റീവ് ആയ, പൊട്ടൻഷ്യൽ ഉള്ള, ബ്രില്ല്യന്റായ ടെക്നീഷ്യൻമാർ ‘തമാശ’യുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നു. സംവിധായകൻ അഷ്റഫ് ഹംസയെ കൂടാതെ ക്യാമറയുടെ പിറകിൽ സമീർ താഹിർ ഉണ്ട്. സമീറിന് സമീറിന്റേതായ കുറേ കാഴ്ചപ്പാടുകൾ ഉണ്ട്. മോണിറ്ററിന്റെ പിറകിൽ ഷൈജു ഖാലിദും ഷൈജുവിന്റെ അനിയൻ റഹ്മാനുമുണ്ടാകും (അനുരാഗകരിക്കിൻ വെള്ളം’ സംവിധായകൻ ഖാലിദ് റഹ്മാൻ), പിന്നെ സക്കറിയ, മൊഹസിൻ പെരാരി- അവരുടെയെല്ലാം കൂട്ടായ പരിശ്രമമാണ് ‘തമാശ’.
‘തമാശ’യിൽ ചിരിക്കൊപ്പം അൽപ്പം കാര്യവുമുണ്ട്
‘തമാശ’ റൊമാന്റിക് കോമഡി ഴോണറിൽ വരുന്ന ചിത്രമാണ്. ഒപ്പം സാമൂഹിക പ്രസക്തിയുള്ള ആ വിഷയം കൂടി ‘തമാശ’ ചർച്ച ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യക്തികൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു വിഷയമാണ് ബോഡി ഷേമിംഗ് എന്നത്. ഗൗരവകരമായി തന്നെ ആ വിഷയത്തെ സിനിമ നോക്കി കാണുന്നുണ്ട്. അതിനായി പ്ലക്കാർഡ് പിടിക്കുന്നില്ല, മെസേജ് അടിച്ചേൽപ്പിക്കുന്നില്ല. എന്നാൽ കൃത്യമായി ആ വിഷയത്തെ ചോദ്യം ചെയ്യുന്നുണ്ട് സിനിമ. ഇന്റർനെറ്റും സ്മാർട്ട് ഫോണും ഉണ്ടെങ്കിൽ ആരെയും എന്തുവേണമെങ്കിലും പറയാം എന്നൊരു അവസ്ഥയുണ്ട്. നമ്മൾ മറ്റൊരാളുടെ ഇമോഷൻസിനു വില കൽപ്പിക്കുകയോ മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കുകയോ ചെയ്യുന്നില്ലെന്നതാണ് വിഷമകരം.
ബോഡി ഷേമിംഗ് എന്നു പറയുമ്പോൾ എന്റെയും നിങ്ങളുടെയുമൊന്നും ഫിസിക്കൽ അപ്പിയറൻസ് നമുക്ക് ഡിസൈൻ ചെയ്യാൻ പറ്റില്ലല്ലോ. നമ്മൾ ഇങ്ങനെ ജനിക്കുന്നതല്ലേ? അതുകൊണ്ടു തന്നെ ആ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. നിങ്ങളുടെ തമാശ എങ്ങനെ എന്റെ ജീവിതത്തെ ബാധിക്കുന്നു എന്നുള്ള ഒരു ചോദ്യമുണ്ട്. അതിൽ നിന്നാണ് ‘തമാശ’ എന്ന പേരുണ്ടായിരിക്കുന്നത്.
Read more: Thottappan, Thamaasha movie release: ‘തമാശ’യും ‘തൊട്ടപ്പനും’ നാളെയെത്തും