/indian-express-malayalam/media/media_files/uploads/2019/03/super-deluxe-1.jpg)
Vijay Sethupathi Starrer Super Deluxe Movie Review: ഒരു സംവിധായകന് മുന്നില്‍ രണ്ട് വഴികളുണ്ടാകും. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമ തയ്യാറാക്കാം, അല്ലെങ്കില്‍ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ സിനിമ ചെയ്യാം. ആദ്യ വഴിയേ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ത്യാഗരാജന്‍ കുമാരരാജ 'ആരണ്യകാണ്ഡ'ത്തിലൂടെ തന്നെ വ്യക്തമാക്കിയതാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാം ചിത്രവുമായി എത്തുമ്പോഴും തന്റെ കാഴ്ചപ്പാടിലൊരു മാറ്റത്തിനും ത്യാഗരാജന്‍ സന്ധി ചെയ്യുന്നില്ല. ആ മാറ്റമില്ലാത്ത കാഴ്ചപ്പാടുകൾ സമ്മാനിച്ചത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ 'പാത്ത് ബ്രേക്കിങ്' സിനിമകളിലൊന്നാണ്.
'ഡേയ് റാസ്‌കല്‍! എന്നെ മറന്നോ?' എന്ന് ചിത്രത്തിലൊരു കഥാപാത്രം ചോദിക്കുന്നുണ്ട്. ആ ചോദ്യം ത്യാഗരാജന്‍ പ്രേക്ഷകനോട് തന്നെ ചോദിക്കുന്നതാണ്. 'ആരണ്യകാണ്ഡം' കണ്ടവരാരും ത്യാഗരാജന്‍ കുമാരരാജനെന്ന പേര് മറക്കില്ല. ഏഴര വര്‍ഷം മുമ്പ് എവിടെ നിര്‍ത്തിയോ അവിടെ നിന്നു തന്നെയാണ് ത്യാഗരാജന്‍ 'സൂപ്പര്‍ ഡീലക്‌സ്' തുടങ്ങിയിരിക്കുന്നത്. 'ആരണ്യകാണ്ഡ'വും 'സൂപ്പർ ഡീലക്സും' രണ്ട് ചിത്രമായി നിലനില്‍ക്കുമ്പോള്‍ തന്നെ രണ്ടും ബന്ധപ്പെട്ടിരിക്കുന്നു. ആദ്യ ചിത്രം കാണാത്തവരേയും കണ്ടവരേയും ഒരു പോലെ സ്വാധീനിക്കാനും, കണ്ടവര്‍ക്ക് കൂടുതല്‍ മികച്ച അനുഭവം സമ്മാനിക്കാനും 'സൂപ്പര്‍ ഡീലക്‌സി'നു കഴിയുന്നുണ്ട്.
'ആരണ്യകാണ്ഡ'ത്തില്‍ ധര്‍മ്മത്തെ കുറിച്ചായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ 'സൂപ്പര്‍ ഡീലക്‌സി'ല്‍ ത്യാഗരാജന്‍ പറയുന്നത് ജീവിതത്തെ കുറിച്ചാണ്. ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയല്ലാതിരുന്നിട്ട് കൂടി ഈ രണ്ട് ചിത്രങ്ങളും ബന്ധപ്പെട്ടു കിടക്കുന്നു. അതു പോലെ തന്നെയാണ് 'സൂപ്പര്‍ ഡീലക്‌സി'ലെ നാല് കഥകളും. പരസ്പരം ബന്ധമില്ലെന്ന് കരുതുന്ന നാല് കഥകള്‍ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ പരസ്പരം കണക്ട് ആവുകയും തുടര്‍ന്ന് അതു മറ്റൊരു സിനിമയും കഥയുമായി മാറുന്ന ബ്രില്ല്യന്‍സ്,അതാണ് 'സൂപ്പർ ഡീലക്സി'ൽ കാണാൻ സാധിക്കുക.
Read More: 'സൂപ്പർ ഡീലക്സ്' ഇനിയും കാണാത്തവർക്ക്, നഷ്ടമാകുന്നത് വെറുമൊരു സിനിമ മാത്രമല്ല
സാമന്തയും ഫഹദും അവതരിപ്പിച്ച മുകിൽ- വെമ്പു ദമ്പതികളുടെ കഥയില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്. തന്റെ പൂര്‍വ്വ കാമുകനെ വെമ്പു വീട്ടിലേക്ക് ക്ഷണിക്കുന്നതും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ('ആരണ്യകാണ്ഡ'ത്തിന്റെ ഓപ്പണിങിലും ലൈംഗികവേഴ്ച രംഗമുണ്ട്, പക്ഷെ രണ്ടും വ്യത്യസ്തമാണ്). ഓപ്പണിങ് സീനില്‍ 'അയാം എ ഡിസ്‌കോ ഡാന്‍സര്‍' പാട്ടിന്റേയും സെക്‌സിന്റേയും പശ്ചാത്തലത്തില്‍ ആ വീടിന്റെ ഡീറ്റയിലിങ് നടക്കുന്നുണ്ട്. ചിത്രത്തിലുടനീളം കാണാവുന്ന ഡീറ്റെയ്‌ലിങിന്റെ തുടക്കക്കാഴ്ചയായി മാറുകയാണ് ആ രംഗം. വെമ്പുവിന്റെ കാമുകന്റെ മരണവും അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഇരുവരുടേയും ശ്രമങ്ങളുമാണ് പിന്നീട്.
വീട്ടിലാരുമില്ലാത്ത ദിവസം രഹസ്യമായിരുന്നു പോണ്‍ വീഡിയോ കാണുന്ന പ്ലസ് വണ്‍ ക്ലാസ്സുകാരായ നാലു കുട്ടികളില്‍ നിന്നുമാണ് രണ്ടാം ചിത്രം ആരംഭിക്കുന്നത്. ഇവര്‍ കാണുന്ന 'മല്ലു അണ്‍കട്ട്' എന്ന ചിത്രത്തിലെ നടി, നാലു പേരില്‍ ഒരാളുടെ അമ്മയാണെന്ന് അവര്‍ തിരിച്ചറിയുന്ന നിമിഷത്തില്‍ നിന്നുമാണ് കഥയുടെ ഗതി മാറുന്നത്. പോണ്‍ താരത്തിന്റെ വേഷം ചെയ്തിരിക്കുന്നത് രമ്യാ കൃഷ്ണനാണ്. രമ്യയുടെ അഭിനയ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് ലീല.
സ്വയം പ്രഖാപിത ദൈവമായ അര്‍പ്പുതത്തിന്റേതാണ് മൂന്നാം കഥ. സുനാമിയില്‍ നിന്നും ദൈവം തന്നെ മാത്രം രക്ഷിച്ചതോടെ സ്വയം ദൈവത്തിന്റെ അനുയായി ആയി മാറുന്ന അര്‍പ്പുതന്‍. നാലമത്തേതാണ് 'സൂപ്പര്‍ ഡീലക്‌സ്' മുന്നോട്ട് വെക്കുന്ന ചിന്തകളുടെ ഏറ്റവും മികച്ച വേര്‍ഷന്‍. ട്രാന്‍സ് വുമണായ ശില്‍പ്പ സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നാലാം കഥയുടെ ഇതിവൃത്തം.
നാല് കഥകളും സ്വന്തമായ വ്യക്തിത്വവും ഫിലോസഫിലും അര്‍ത്ഥ തലങ്ങളുമുള്ളവയാണ്. ഭാര്യ-ഭര്‍തൃബന്ധം, പരസ്പര ധാരണ, കാമം തുടങ്ങിയവയിലൂടെ വെമ്പുവിന്റേയും മുകിലിന്റേയും കഥ പറയുന്നു. ചിത്രത്തിലെ പ്രധാന യുഎസ്‌പികളിലൊന്നായ ഫഹദ് ഫാസിലാണ് മുകിലിനെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ തമിഴ്ചിത്രമായ 'വേലക്കാരന്റേ'യോ നാളിന്നോളം മലയാളത്തില്‍ ചെയ്ത കഥാപാത്രങ്ങളുടെയോ ഷെയ്ഡില്ലാതെ മുകിലിനെ അവതരിപ്പിക്കുന്നുണ്ട് ഫഹദ് ഫാസിൽ. മുകിലിന്റെ അമര്‍ഷവും നിസ്സഹായാവസ്ഥയും സ്‌നേഹവുമെല്ലാം ഫഹദ് മനോഹരമാക്കിയിരിക്കുന്നുണ്ട്. പക്ഷേ ഞെട്ടിക്കുക സാമന്തയായിരിക്കും. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനാണ് സാമന്തയുടേത്.
/indian-express-malayalam/media/media_files/uploads/2019/03/fahad.jpg)
ചിത്രത്തിലെ ഏറ്റവും തമാശ നിറഞ്ഞ രംഗങ്ങളുള്ളത് കുട്ടികളുടെ കഥയിലാണ്. താരങ്ങളുടെ പ്രകടനവും തമാശയും സസ്‌പെന്‍സും ട്വിസ്റ്റുകളും കോര്‍ത്തിണക്കിയ രീതിയാണ് ഇവിടെ വ്യത്യസ്ത കൊണ്ടു വരുന്നത്. അടുത്തത് എന്ത് സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവാത്ത രംഗങ്ങളും അത് കൊണ്ട് ചെന്നെത്തിക്കുന്ന ക്ലൈമാക്‌സുമടക്കം കയ്യടി അര്‍ഹിക്കുന്നു. ജീവിതം നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും മാത്രമല്ലെന്നും, തെറ്റും ശരിയും എന്താണെന്നും, ആരാണ് കുറ്റക്കാരന്‍, ആരാണ് ഇര എന്നൊക്കെ ഈ ഭാഗത്തില്‍ കടന്നു വരുന്നു. രമ്യ കൃഷ്ണന്റെ ഇമേജ് ബ്രേക്കിങ് പ്രകടനാണ് ശ്രദ്ധേയമാകുന്നത്. ഹോസ്പിറ്റലില്‍ വച്ച്, തന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ യാചിക്കുന്ന രംഗത്തിലെ രമ്യ എന്ന നടി നാമിന്നു വരെ കണ്ടതില്‍ നിന്നും എത്രയോ പടി മുന്നിലാണ്. 'പടയപ്പ'യിലേയും 'ബാഹുബലി'യിലേയും വേഷങ്ങളില്‍ കണ്ടതിനൊക്കെ അപ്പുറം ഒരുപാട് ചെയ്യാന്‍ സാധിക്കുന്ന നടിയാണ് അവര്‍ എന്ന് ഈ ചിത്രം തെളിയിക്കുന്നു. മകന് മുന്നില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ആരാണ് യഥാര്‍ത്ഥ തെറ്റുകാര്‍ എന്നും ലീല പറയുന്നിടത്ത് പ്രേക്ഷകര്‍ സ്വയം ആ ചോദ്യങ്ങള്‍ ചോദിക്കും.
Read more:വിജയ് സേതുപതി ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ പോണ്‍ താരമായി എത്തുന്നു
ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വിജയ് സേതുപതി അവതരിപ്പിച്ച ശില്‍പ്പയുടെ കഥ തന്നെയാണ്. സമീപ കാലത്ത്, ഇന്ത്യന്‍ സിനിമയില്‍ തന്നെ കണ്ട ഏറ്റവും മികച്ച ട്രാന്‍സ് വുമണ്‍ കഥാപാത്രങ്ങളിലൊന്നാണ് ശില്‍പ്പ. വിജയ് സേതുപതി എന്ന നടന്‍ ഓരോ ചിത്രം കഴിയും തോറും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശില്‍പ്പയില്‍ ശില്‍പ്പയെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഇത്രയും യഥാര്‍ത്ഥമായൊരു ട്രാൻസ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിച്ച ത്യാഗരാജനോടും വിജയ് സേതുപതിയോടും നന്ദി പറയുകയാണ് വേണ്ടത്. സ്വന്തം വീട്ടില്‍, തെരുവില്‍, പൊലീസ് സ്റ്റേഷനില്‍ അവര്‍ അനുഭവിക്കുന്ന അപമാനങ്ങളും നിസഹായവസ്ഥയുമെല്ലാം സ്‌ക്രീനില്‍ കൊണ്ടു വന്നിരിക്കുന്നു. മിഷ്‌കിന്റെ അര്‍പ്പുതവുമായി ശില്‍പ്പ കണ്ടുമുട്ടുന്ന രംഗത്തില്‍ മങ്ങിയ വെളിച്ചത്തില്‍ പോലും സേതുപതിയിലെ നടന്‍ അമ്പരപ്പിക്കും.
/indian-express-malayalam/media/media_files/uploads/2019/03/Super-Deluxe-Tamil-Movie-Release-Review-Rating-fahad-faasil-vijay-sethupathi-samantha-akkineni-ramya-krishnan.jpg)
ശില്‍പ്പയോട് ഒരിക്കല്‍ പോലും നമുക്ക് അകല്‍ച്ച തോന്നില്ല. കാണുന്നവര്‍ക്കും 'എംപതി' തോന്നുന്ന വിധത്തിലാണ് കഥാപാത്രത്തെ നിര്‍മ്മിച്ചിരിക്കുന്നതും അവതരിപ്പിച്ചിരിക്കുന്നതും. ശില്‍പ്പയുടെ മകനായി എത്തിയ കുട്ടിയാണ് ഈ രംഗങ്ങളിലെ ചിന്തകളുടെ ഉറവിടം. അവന്റെ വാക്കുകളിലൂടെയാണ് ലിംഗ നീതിയേയും തുല്യതയേയും കുറിച്ചൊക്കെ സംവിധായകന്‍ പറയുന്നത്. യുവതലമുറയുടെ ചിന്താമാറ്റത്തിന്റേയോ പുതിയ കാലത്തിന്റേയോ പ്രതിനിധിയാണ് അവന്‍.
മിഷ്‌കിന്‍ അവതരിപ്പിച്ച ആള്‍ ദൈവവും അയാളുടെ മാറ്റവുമാണ് ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ഫിലോസഫി പറയുന്നത്. ദൈവമെന്ന, എന്നും ചര്‍ച്ചയായ, സംവാദം നടക്കുന്ന വിഷയമാണ്, അര്‍പ്പുതത്തിലൂടെ ത്യാഗരാജന്‍ പ്രേക്ഷകന് മുന്നിലെത്തിക്കുന്നത്. തന്റെ ആരാധന മൂര്‍ത്തിയുടെ പ്രതിമ ഉടയ്ക്കുന്ന അര്‍പ്പുതന് അതിനുള്ളില്‍ നിന്നും മുത്ത് ലഭിക്കുമ്പോള്‍ ദൈവത്തിന് നന്ദി പറയണമോ ദൈവമില്ലെന്ന് പറയണമോ എന്നറിയാതെ നില്‍ക്കുന്നു. അര്‍പ്പുതന്റെ അവസ്ഥയിലൂടെ ഓരോരുത്തരും കടന്നു പോയിട്ടുണ്ടാകും.
വിജയ് സേതുപതി, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണ്‍, സാമന്ത തുടങ്ങിയ താരനിരയുള്ള ചിത്രത്തില്‍ ഞെട്ടിച്ച പ്രകടനം ഭഗവതി പെരുമാളാണ്. ചിത്രത്തില്‍ ഏതെങ്കിലും കഥാപാത്രത്തോട് വെറുപ്പ് തോന്നുന്നുണ്ടെങ്കില്‍ അത് ഭഗവതിയുടെ ബെര്‍ലിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനോടായിരിക്കും. ശരീരഭാഷ കൊണ്ടും വോയ്‌സ് മോഡുലേഷന്‍ കൊണ്ടും ബെര്‍ലിനെ ചിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ടവനാക്കി ഭഗവതി മാറ്റുന്നു. വെള്ളയും വെള്ളയും വസ്ത്രം ധരിച്ച് കൈയ്യിലൊരു പൂമാലയുമായി പൊലീസ് സ്റ്റേഷനിലേക്ക് കടന്നു വരുന്ന നിമിഷം മുതല്‍ അവസാന രംഗം വരെ ബെര്‍ലിന്‍ കാഴ്ചക്കാരിലുണ്ടാക്കുന്ന അസ്വസ്ഥ പറഞ്ഞറിയിക്കാത്തതാണ്. കോമഡി രംഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട അഭിനേതാവല്ല ഭഗവതി. പൊലീസ് സ്റ്റേഷനില്‍ വച്ച് ശില്‍പ്പയോടും പിന്നീട് വെമ്പുവിനോടും സംസാരിക്കുന്നിടത്ത് ബെര്‍ലിനിലെ 'സെക്ഷ്വല്‍ പ്രെഡേറ്ററെ' ഒന്നു തല്ലാന്‍ തോന്നാത്തവരുണ്ടാകില്ല.
പ്രകടനം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു താരം ഗായത്രിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി വരുന്ന തന്റെ ഭര്‍ത്താവ് ഒരു സ്ത്രീയായി മാറിയിരിക്കുന്ന ഒന്ന് തിരിച്ചറിയുന്ന നിമിഷം മുതല്‍ ഗായത്രിയുടെ കഥാപാത്രത്തിന് സംഭാഷണങ്ങളില്ല. എന്നാല്‍ ഒരു വാക്കു പോലും പറയാതെ അവരുടെ മനസില്‍ നടക്കുന്ന ചിന്തകള്‍ നമുക്ക് വായിച്ചെടുക്കാനാകും എന്നതാണ് ഗായത്രിയുടെ വിജയം.
നാല് കഥകളും നാല് ചിന്തകള്‍ മുന്നോട്ട് വെക്കുമ്പോള്‍ അവ ജീവിതം എന്ന ആകെ തുകയിലേക്ക് എങ്ങനെ എത്തിച്ചേരുന്നുവെന്നും ത്യാഗരാജന്‍ പറയുന്നുണ്ട്. ജീവിതം ജീവിതമാണ് എന്നും തെറ്റും ശരിയും കുറ്റക്കാരനും ഇരയും എന്നൊക്കെയുള്ള ബൈനറികള്‍ക്കുമപ്പുറത്താണ് ജീവിതമെന്നുമൊക്കെ ചിത്രം പറഞ്ഞു വെക്കുന്നു.
കഥയ്ക്കും ആശയത്തിനുമൊപ്പം സാങ്കേതികമായും മികവു പുലര്‍ത്തുന്നൊരു ചിത്രമാണ് 'സൂപ്പര്‍ ഡീലക്‌സ്'. നീല നിറം ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. തതുല്യതയുടെ ആകാശത്തെ കുറിച്ച് പറയുമ്പോള്‍ നീല നിറം വെറുതെ കടന്നു വരുന്നതല്ല. ചിത്രത്തിന്റെ ക്യാമറ ചെയ്ത പിഎസ് വിനോദും നീരവ് ഷായും ക്യാമറ എന്നത് രംഗങ്ങള്‍ ഒപ്പിയെടുക്കാന്‍ മാത്രമുള്ളതല്ലെന്നും അതിന് എഴുത്തുകാരന്റെ പേനയോളം ശക്തമായ റോളുണ്ട് സിനിമയിലെന്നും തെളിയിക്കുന്നു. ത്യാഗരാജനെന്ന സംവിധായകന്റെ ചിത്രമായിരിക്കുമ്പോഴും മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ ശേഖര്‍ എന്നീ എഴുത്തുകാരുടേതും കൂടിയാണ് 'സൂപ്പര്‍ ഡീലക്‌സ്'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.