/indian-express-malayalam/media/media_files/uploads/2022/08/peace-review.jpg)
Peace Malayalam Movie Review & Rating: ഓണക്കാലം സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള കാലമാണ്. ഇത്തവണ കൊറോണ ഭീതി ചെറുതായി മാറി തീയറ്ററുകൾ സജീവമാകുന്ന സമയം കൂടിയാണ്. ഒ ടി ടി റിലീസ്, തീയറ്റർ പ്രതിസന്ധി ഒക്കെ സംബന്ധിച്ച തർക്ക വിതർക്കങ്ങൾ നിലനിൽക്കുമ്പോഴും ചെറുതും വലുതുമായ സിനിമകൾ തീയറ്ററുകളിൽ ആഴ്ച തോറും ഇറങ്ങുന്നുണ്ട്.
പ്രീ ഫെസ്റ്റിവൽ ചിത്രമായാണ് അക്കൂട്ടത്തിൽ 'പീസ്' പ്രേക്ഷകരിലേക്ക് എത്തുന്നത്. നവാഗതനായ സൻഫീർ സംവിധാനം ചെയ്യുന്ന ഈ സിനിമ ആദ്യം ശ്രദ്ധിക്കപ്പെട്ടത് വലിയ താര നിര കൊണ്ടാണ്. ജോജു ജോർജ്, രമ്യ നമ്പീശൻ, ആശ ശരത്, അദിതി രവി, അനിൽ നെടുമങ്ങാട്, മാമുക്കോയ, വിജിലേഷ്, അർജുൻ സിംഗ്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. അനിൽ നെടുമങ്ങാടിനെയും കോട്ടയം പ്രദീപിനെയും അവസാനമായി തീയറ്റർ സ്‌ക്രീനിൽ കാണാൻ പറ്റുന്നതും ഒരുപക്ഷെ 'പീസി'ലൂടെ ആവും.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പരസ്യങ്ങളിൽ കണ്ട ആശ ശരത്തിന്റെ പുകവലി രംഗവും അതിനെ ചുറ്റിപ്പറ്റി ഉണ്ടായ ചർച്ചകളും ഒക്കെയാണ് ചിത്രത്തെ സംബന്ധിച്ച ചർച്ചകളെ റിലീസിന് മുൻപ് സജീവമാക്കി നിർത്തിയത്. അതിനൊപ്പം ഒരു 'ട്രിപ്പിംഗ് മൂഡ് ' നില നിർത്താനും സിനിമയുടെ ട്രെയിലറിനും മറ്റു പരസ്യങ്ങൾക്കുമായി. സിനിമയിലെ പാട്ടുകളും അത്തരം ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതായിരുന്നു.
ജോജുവിന്റെ കാർലോസും കുടുംബവും സുഹൃത്തുക്കളും വളരെ സ്വസ്ഥമായ, ആഘോഷം പൂർണമായ ഒരു ജീവിതം നയിക്കുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്. സന്തോഷം നിറഞ്ഞ ഒരു രാത്രി അവർ നടത്തിയ ഒരു ചെറിയ യാത്രയിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടക്കുന്നു. അതിൽ നിന്നും രക്ഷപെടാൻ ഇവർ നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളും ഒക്കെയാണ് 'പീസി'ന്റെ പ്രാഥമിക കഥാഗതി. തിരിവുകളും വളവുകളും അവസാനിക്കാത്ത ഒരു യാത്രയിലൂടെ സിനിമ വികസിക്കുകയും തുടങ്ങിയിടത്ത് തന്നെ എത്തി നിൽക്കുകയും ചെയ്യുന്നു.
മലയാളത്തിൽ നവ തരംഗ സിനിമയുടെ ഒപ്പം തന്നെ ഉണ്ടായി വന്നതാണ് നോൺ ലീനിയർ ആയി കഥ പറയുന്ന രീതി. 'പീസും' പൂർണമായി പിന്തുടരുന്നത് ആ രീതിയാണ്. ഒപ്പം ആക്ഷേപ ഹാസ്യത്തിന്റെ, അബ്സർഡിറ്റിയുടെ ഒക്കെ അടരുകളെ ഉപരിപ്ലവമായി ഉപയോഗിക്കാൻ സിനിമ ചിലയിടത്ത് ശ്രമിക്കുന്നുണ്ട്. ചില മെക്സിക്കൻ ഗാങ്സ്റ്റർ സിനിമകളും മലയാളത്തിൽ 'ഡബിൾ ബാരൽ' (2015) പോലുള്ള സിനിമകളും പരീക്ഷിച്ച സാധ്യതയുടെ തുടർച്ചയിലാണ് 'പീസും' കടന്നു വരുന്നത്. മലയാളത്തിനു അത്ര കണ്ട് പരിചിതമല്ലാത്ത രീതിയാണ് അത്.
പ്രധാന നടന്മാരുടെ കയ്യൊതുക്കമുള്ള അഭിനയം ആണ് സിനിമയുടെ പ്രധാന യു എസ് പി. വളരെ കുറച്ച് സ്ക്രീൻ സ്പേസ് ഉള്ള താരങ്ങൾ മുതൽ പ്രധാന വേഷങ്ങൾ ചെയ്ത താരങ്ങൾ വരെ സ്വന്തം റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. സ്‌ക്രീനിൽ സ്വന്തം ഇടം അറിഞ്ഞഭിനയിക്കുക എന്ന ദൗത്യം നടീനടന്മാർ ഭംഗിയാക്കി. ഹാസ്യത്തിന്റെ ടൈമിംഗ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. 'പീസി'ൽ ആ ടൈമിംഗ് വളരെ നന്നായി താരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
നോൺ ലീനിയർ കഥ പറച്ചിലുകൾ മലയാളി സിനിമാ ശീലങ്ങളിൽ അത്ര പ്രിയപ്പെട്ട ഒന്നായി പലപ്പോഴും തോന്നിയിട്ടില്ല. സൂക്ഷമമായ കാഴ്ച, വിശകലന ശേഷികളെ ഉപയോഗിക്കുക എന്നത് സിനിമ ഒരു വിനോദോപാധി മാത്രം ആയി കാണുന്നവർക്ക് അത്ര എളുപ്പത്തിൽ ദഹിക്കുന്ന ഒന്നല്ല. അത്തരം ചിത്രങ്ങൾ പലപ്പോഴും കുടുംബ പ്രേക്ഷകരെ തീയറ്ററുകളിലേക്ക് ആകർഷിക്കാറില്ല. അതെ പ്രശ്നം ചിലപ്പോൾ പീസിനെയും ബാധിച്ചേക്കാം.
കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങൾ സിനിമയിലുണ്ട്. എന്നാൽ അവക്ക് പൂർണത പലപ്പോഴും അകാരണമായി കിട്ടാതായതും സിനിമയിൽ നിന്ന് പ്രേക്ഷകരെ പുറകോട്ട് വലിക്കാം. കഥാപാത്രങ്ങൾ തിരക്കഥയിൽ പലപ്പോഴും അപൂർണമായി ചിതറി പോയത് പോലെ അനുഭവപ്പെട്ടു. പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും ക്യാമറയും സിനിമയുടെ മുഴുവൻ മൂഡിനോട് ചേർന്ന് നിന്നു. എഡിറ്റിങ് പലപ്പോഴും നോൺ ലീനിയർ രീതി ആശ്രയിച്ചത് കൊണ്ട് സാധാരണ കാഴ്ചശീലങ്ങളെ ആശ്രയിക്കുന്ന പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാൻ ഇടയുണ്ട്.
ഒരു വാണിജ്യ സിനിമ ആയിരിക്കുമ്പോൾ തന്നെ പൂർണമായും ഒരു പരീക്ഷണ ചിത്രമാണ് 'പീസ്.' പല അടരുകളിൽ ആയി കഥ പറഞ്ഞു അവസാനം എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന രീതിയെ നോൺ ലീനിയർ ആയി ഉപയോഗിക്കുന്ന ഒന്ന്. പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്കുള്ള പ്രധാന കഥാപാത്രങ്ങളുടെ യാത്രയെ അത് ഒന്നുകൂടി ആശയക്കുഴപ്പത്തിലേക്ക് എത്തിക്കുന്നു. ലളിതമായ കാഴ്ചക്ക് അപ്പുറം, ഇത്തരം കാഴ്ച ശീലങ്ങൾ ആഗ്രഹിക്കുന്നവരുടെ മാത്രം സിനിമയാണ് 'പീസ്.'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.