scorecardresearch
Latest News

Theerppu Movie Review Rating: സൗഹൃദം, ചതി, പകതീർപ്പ്, ആവറേജ് കാഴ്ചാനുഭവമായി തീർപ്പ്; റിവ്യൂ

Prithviraj Malayalam Movie Theerppu Review Rating: രാഷ്ട്രീയ-ചരിത്ര റഫറൻസുകൾ ബ്ലാക്ക് ഹ്യൂമറായി പ്രേക്ഷകരിലേക്കും ചിരി പടർത്തുന്നുണ്ട്. എന്നാൽ, കഥയുടെ സ്വാഭാവികമായ ഒഴുക്കിനോടും മെയിൻ പ്ലോട്ടിനോടും ചേരാതെ മുഴച്ചുനിൽക്കുകയാണ് ഈ റഫറൻസുകൾ

RatingRatingRatingRatingRating
Theerppu Review, Theerppu Movie Review, Theerppu Film Review, Prithviraj Theerppu ott, theerppu ott release, തീര്‍പ്പ്‌ റിവ്യൂ, തീര്‍പ്പ്‌ OTT

Prithviraj Malayalam Movie Theerppu Review Rating: ‘കമ്മാരസംഭവ’ത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീര്‍പ്പ്’ തിയേറ്ററുകളിലെത്തി. അക്കാഡിയോ സാകേത് (Accadio Saket) എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് ‘തീർപ്പ്’ പറയുന്നത്. റാം കുമാർ നായറും ഭാര്യ മൈഥിലിയുമാണ് ഈ അൾട്രാ ലക്ഷ്വറി ബീച്ച് റിസോർട്ടിന്റെ നടത്തിപ്പുകാർ. അവിടേക്ക് ഒരു വൈകുന്നേരം അതിഥികളായി എത്തുകയാണ് റാമിന്റെ ബാല്യകാലസുഹൃത്തായ പരമേശ്വരൻ പോറ്റിയും ഭാര്യ പ്രഭയും. വഞ്ചനയുടെയും ചതിയുടെയും കഥകൾ പറയാനുള്ള ആ സൗഹൃദങ്ങൾക്കിടയിലേക്ക് ഒരു അന്തിമ വിധി തീർപ്പിനായി അപ്രതീക്ഷിതമായി ഒരു അതിഥി എത്തുന്നു. അവിടം മുതൽ കഥ മാറി തുടങ്ങുകയാണ്.

പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന ചിത്രം പോകപോകെ സങ്കീർണ്ണമാവുകയാണ്. ഒരു പാമ്പും കോണിയും കളിയിലെ കരുക്കളെ പോലെ ഇടയ്ക്ക് കുതിച്ചും ഇടയ്ക്ക് വീണുമൊക്കെയാണ് കഥാപാത്രങ്ങളുടെ സഞ്ചാരം. രണ്ട് കാലഘട്ടങ്ങളാണ് ചിത്രം പ്രധാനമായും പറഞ്ഞുപോവുന്നത്, അതിൽ വളരെ സെൻസിറ്റീവായ ചില സാമുദായിക- രാഷ്ട്രീയ വിഷയങ്ങൾ കൂടി കടന്നുവരുന്നു.

മുരളി ഗോപി ചിത്രങ്ങളുടെ സ്ഥിരം എലമെന്റുകളെല്ലാം ചിത്രത്തിലും കാണാം, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ, ബൗദ്ധികപരവും ചരിത്രപരവും മതപരവുമായ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം തിരക്കഥയിൽ മങ്ങിയും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്. സമകാലിക രാഷ്ട്രീയസാഹചര്യങ്ങളും ചരിത്രവുമെല്ലാം ഹാസ്യാത്മകമായി കഥയിലേക്ക് കയറി വരുന്നു, അർണബ് ഗോസ്വാമി മുതൽ ഗാന്ധിയും മുസോളിനിയും ഹിറ്റ്ലറും വരെ തീർപ്പിലെ അതിഥികളാണ്. ചരിത്ര റഫറൻസുകൾ ബ്ലാക്ക് ഹ്യൂമറായി പ്രേക്ഷകരിലേക്കും ചിരി പടർത്തുന്നുണ്ട്. എന്നാൽ, കഥയുടെ സ്വാഭാവികമായ ഒഴുക്കിനോടും മെയിൻ പ്ലോട്ടിനോടും ചേരാതെ മുഴച്ചുനിൽക്കുകയാണ് തിരക്കഥാകൃത്തിന്റെ ഇത്തരത്തിലുള്ള രാഷ്ട്രീയ-ചരിത്ര റഫറൻസുകൾ.

ആദ്യം മുതൽ അവസാനം വരെ, ഒരു ഡ്രാമ സ്വഭാവമാണ് തീർപ്പിൽ കാണാനാവുക. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ, ഒരേ പ്ലോട്ടിൽ നിശ്ചിതസമയപരിധിയ്ക്ക് അകത്ത് നടക്കുന്ന കഥ എന്നിവയൊക്കെ ആ നാടകീയതയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. വളരെ ഹെവിയാണ് രംഗസജ്ജീകരണങ്ങളും.

പൃഥ്വിരാജിന്റെ അബ്ദുള്ള മരക്കാരാണ് ചിത്രത്തിലെ ഷോ സ്റ്റീലർ. സൈജു കുറുപ്പിന്റെ പ്രകടനവും പ്രേക്ഷകരുടെ ഇഷ്ടം കവരും. സിദ്ധിഖ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ എന്നിവർ തങ്ങളുടെ വേഷങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിച്ചപ്പോൾ ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരും കഥാപാത്രങ്ങളോട് നീതി പുലർത്തി. റാം എന്ന കഥാപാത്രം വിജയ് ബാബുവിന്റെ കയ്യിൽ അത്ര ഭദ്രമല്ലെന്നു പറയേണ്ടിവരും, പലയിടത്തും ആ കഥാപാത്രത്തെ വിശ്വാസയോഗ്യമായി അവതരിപ്പിക്കാൻ വിജയ് ബാബുവിന് സാധിക്കുന്നില്ല. ഇന്ദ്രജിത്തിന് കാര്യമായി പെർഫോം ചെയ്യാനുള്ള അവസരമൊന്നും ചിത്രത്തിൽ ഇല്ല.

മേക്കിംഗിൽ മികവു പുലർത്തുന്നുണ്ട് ‘തീർപ്പ്’. ഛായാഗ്രഹണം, കലാസംവിധാനം എന്നിവയും മികച്ചു നിൽക്കുന്നു. അതേസമയം, രണ്ടാം പകുതിയിലെ ഗാനരംഗമൊക്കെ കച്ചവട സിനിമ ഫോർമാറ്റിലേക്ക് കൊണ്ടുവരാൻ അനാവശ്യമായി ഉൾപ്പെടുത്തിയ ഫീലാണ് സമ്മാനിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് തീർപ്പ് നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് ആദ്യപകുതിയുടെ സഞ്ചാരം, അതേ താളം നിലനിർത്താനോ പ്രേക്ഷകരിൽ മതിപ്പുളവാക്കാനോ രണ്ടാം പകുതിയ്ക്ക് കഴിയുന്നില്ല, ഇക്കാരണം കൊണ്ടുതന്നെ തീർപ്പ് ഒരു ആവറേജ് കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Read Here: ഒരു പടത്തിന് പോയാലോ?; മഞ്ജുവും മോഹൻലാലും പൃഥ്വിയും ചോദിക്കുന്നു

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Prithviraj malayalam movie theerppu review rating