scorecardresearch

Kochal Movie Release & Review: കണ്ടിരിക്കാവുന്ന ഒരു കുറ്റാന്വേഷണ ചിത്രം, 'കൊച്ചാള്‍' റിവ്യൂ

Kochal Movie Review & Rating: ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾ പിന്തുടരുന്ന പതിവ് മാതൃകയിൽ നിന്ന് അല്പം മാറിയാണ് കൊച്ചാളിന്റെ സഞ്ചാരം

Kochal Movie Review & Rating: ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾ പിന്തുടരുന്ന പതിവ് മാതൃകയിൽ നിന്ന് അല്പം മാറിയാണ് കൊച്ചാളിന്റെ സഞ്ചാരം

author-image
Goutham V S
New Update
Kochal review, Kochal movie review, Kochal film review, Krishna Shankar, Kochal full movie, Kochal full movie download, Kochal full movie ott, Kochal full movie watch online, Kochal OTT Release

Krishna Shankar Kochal Movie Release & Review: ഇന്നത്തെ മലയാളം സിനിമയിൽ ഏറ്റവുമധികം കാണുന്ന കഥാപരിസരം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളാണ്. കഴിഞ്ഞ കാലങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയ പല ചിത്രങ്ങളും ഈ ഗണത്തിൽ പെടുന്നവയായിരുന്നു. അഞ്ചാം പാതിര മുതൽ അടുത്തിടെ ഇറങ്ങിയ ജയസൂര്യയുടെ ജോൺ ലൂതർ വരെ ഈ പട്ടികയിലുണ്ട്. ശ്യാം മോഹൻ സംവിധാനം ചെയ്ത കൊച്ചാൾ എന്ന ചിത്രവും വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. എന്നാൽ സാധാരണ മലയാള സിനിമയിൽ കണ്ടുവരുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾ പിന്തുടരുന്ന മാതൃകയിൽ നിന്ന് അല്പം മാറിയാണ് കൊച്ചാളിന്റെ സഞ്ചാരം. വല്യ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ഗ്രാമവും അവിടത്തെ ആളുകളെയും അവരുടെ ജീവിതവുമൊക്കെ കാണിച്ചുകൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.

Advertisment

കൊച്ചാൾ എന്ന് ഇരട്ട പേരുള്ള ഗോപീകൃഷ്ണൻ എന്ന യുവാവിന് അദ്ദേഹത്തിന്റെ അച്ഛനെ പോലെ പോലീസ് ആവണമെന്ന് ആഗ്രഹമുണ്ടെങ്കിലും അയാൾക്കതിനു സാധിക്കുന്നില്ല. ഇതിനിടയിൽ കൊച്ചാളിന്റെ പ്രണയവും, ഗ്രാമത്തിലെ പ്രധാന പലിശക്കാരനായ പൈലിയും, അയാളുടെ ഗുണ്ടയായി എത്തുന്ന പിൻകർ ബാബു എന്ന ഗുണ്ടയും തുടങ്ങി ആ ഗ്രാമത്തിലെ പല കഥാപാത്രങ്ങളും കഥയിലേക്ക് കടന്നു വരുന്നുണ്ട്. സർവീസിലിരിക്കെ തന്റെ അച്ഛൻ അപകടത്തിൽ മരിക്കുന്നതോടെ കൊച്ചാളിന് അച്ഛന്റെ ജോലി ലഭിക്കുകയും തുടർന്ന് കഥാഗതി പതുക്കെ മാറുകയാണ്.

പോലീസ് ആയിട്ടും ബാബുവിനെ പോലത്തെ ഗുണ്ടകൾ തനിക്ക് യാതൊരു വിലയും നൽകാത്തത് കൊച്ചാളിനെ മാനസികമായി തളർത്തുന്നുണ്ട് . നാട്ടുകാരുടെയും തന്റെ കാമുകിയുടെയും മുന്നിൽ വെച്ച് ബാബു പോലീസ് യൂണിഫോമിലുള്ള കൊച്ചാളിനെ അപമാനിക്കുന്നുമുണ്ട്. ഇങ്ങനെ പല സംഭവങ്ങളിലൂടെയും സിനിമ മുന്നോട്ട് പോകുമ്പോഴാണ്, ഗ്രാമത്തിലെ പലിശക്കാരനും പ്രമാണിയുമായ പൈലിയും അയാളുടെ ഭാര്യയും ക്രൂരമായി കൊല്ലപ്പെടുന്നത്. അത്തരം ഒരു ഗ്രാമപ്രദേശത്തു ഒരിക്കലും വിചാരിക്കാത്ത രീതിയിലുള്ള ഇരട്ട കൊലപാതകം അതിനു മുൻപ് നടന്ന പല സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നു എന്നിടത്താണ് ചിത്രം വ്യത്യസ്തമാകുന്നത്. അതുവരെ കണ്ട കഥാപാത്രങ്ങൾക്കെല്ലാം ആ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തോന്നും വിധമാണ് കഥാഗതി പോകുന്നത്.

തുടർന്ന് കൊലപാതക കേസ് അന്വേഷിക്കാനായി എത്തുന്നത് പ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥനാണ് . ഇവിടെ നിന്നാണ് ചിത്രം പൂർണമായും ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ സ്വഭാവത്തിലേക്ക് മാറുന്നത്. ഗ്രാമത്തിലെ പലരിലേക്കും സംശയം നീളുമെങ്കിലും പൊലീസിന് കൃത്യമായ തെളിവുകൾ ലഭിക്കുന്നില്ല, ഒടുവിൽ കൊച്ചാൾ പോലും സംശയത്തിന്റെ നിഴലിൽ ആവുകയും ഉദ്യോഗത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയുന്നുണ്ട്. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കാനായി കൊച്ചാൾ തന്റേതായ രീതിയിൽ അന്വേഷണം തുടരുന്നു.

Advertisment

കേസ് അന്വേഷിക്കാനായി എത്തുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയും കൊച്ചാളിന്റെ നിലനിൽപ്പിനായുള്ള പോരാട്ടവും തമ്മിലുള്ള സംഘർഷവും ചിത്രത്തിൽ രസകരമായി കൊണ്ട് വരാൻ സംവിധായകനും തിരക്കഥാകൃത്തുക്കളായ മദനനും പ്രജിത് കെ പുരുഷോത്തമനും സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അവസാനം വരെ ആകാംഷ നിലനിർത്താനും സംവിധായകന് ആവുന്നുണ്ട്. എന്നാൽ പഴയകാല വാരികകളിലെ കുറ്റാന്വേഷണ നോവലിന്റെ രീതിയിലാണ് ചിത്രത്തിന്റെ കഥാപരിസരവും ഒഴുക്കും കഥാപാത്ര നിർമിതിയും. ക്ലൈമാക്സിൽ പതിവുപോലെ ട്വിസ്റ്റുകളും അപ്രതീക്ഷിത കുറ്റവാളികളും കടന്നുവരുന്നുമുണ്ട് .

പ്രേമം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണ ശങ്കറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ കൊച്ചാളിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ നിസ്സഹായമായ അവസ്ഥകളും, നിലനിൽപ്പിനായുള്ള പോരാട്ടവുമെല്ലാം കൃഷ്ണ ശങ്കർ കയ്യടക്കത്തോട് കൂടി കൈകാര്യം ചെയ്തിട്ടുണ്ട്. മുരളി ഗോപിയുടെ പോലീസ് ഓഫീസർ വേഷം മികച്ചു നിന്നൊരു കഥാപാത്രമാണ്. ശക്തമായ ശരീരഭാഷയും, ആരെയും ഗൗനിക്കാത്ത പ്രകൃതവുമുള്ള അഹംഭാവിയായ ഒരു പോലീസുകാരന്റെ വേഷം മുരളി ഗോപി മികച്ചതാക്കിയിട്ടുണ്ട്.

പിൻകെർ ബാബുവായി എത്തുന്ന ഷൈൻ ടോം ചാക്കോയുടെ പ്രകടനവും ചിത്രത്തിന് മുതൽകൂട്ടാവുന്നുണ്ട്. കുറുപ്പ്, ഭീഷ്മപർവ്വം തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ഷൈനിന്റെ മറ്റൊരു മികച്ച വില്ലൻ കഥാപാത്രമാണ് കൊച്ചാളിലേത്. ഇന്ദ്രൻസ്, വിജയരാഘവൻ, രഞ്ജി പണിക്കർ തുടങ്ങിയവരും തങ്ങളുടെ ചെറിയ വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.

ജോമോൻ തോമസിന്റെ ദൃശ്യങ്ങൾ ചിത്രത്തിന്റെ ആസ്വാദന നിലവാരം കൂട്ടുന്നുണ്ട്. ആദ്യപകുതിയിൽ ഇഴച്ചിൽ അനുഭവപ്പെടുമെങ്കിലും, കണ്ടിരിക്കാവുന്ന ഒരു കുറ്റാന്വേഷണ കഥയായി രണ്ടാം പകുതി മാറുന്നുണ്ട് എന്നുള്ളതാണ് കൊച്ചാളിനെ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമായി മാറ്റുന്നത്.

Read Here: Dear Friend, Kochal, 777 Charlie, Ante Sundaraniki: ഇന്ന് തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ

Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: