scorecardresearch

അടിമുടി കാഴ്ചാനുഭവമായ സിനിമ; 'കാന്താര' റിവ്യൂ: Kantara Movie Review & Rating:

Kantara Movie Review & Rating: തീർത്തും പ്രാദേശികമായ ഇടങ്ങളിൽ നിന്നു കൊണ്ട് ആഗോളമായ ഒരു വിഷയത്തിന്‍റെ സമാനമായ തലങ്ങളെ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ സിനിമക്ക് സാധിക്കുന്നു

Kantara Movie Review & Rating: തീർത്തും പ്രാദേശികമായ ഇടങ്ങളിൽ നിന്നു കൊണ്ട് ആഗോളമായ ഒരു വിഷയത്തിന്‍റെ സമാനമായ തലങ്ങളെ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ സിനിമക്ക് സാധിക്കുന്നു

author-image
Aparna Prasanthi
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kantara, Kantara review, Kantara film review, Kantara rating, Kantara casting, Kantara movie download

Kantara Kannada Movie Review & Rating: 'ലോക്കൽ ഈസ്‌ ഇന്റർനാഷണൽ' എന്ന ബോധ്യത്തിന്‍റെ സമകാലിക ഇന്ത്യൻ സിനിമാ ലോകത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളാണ് കന്നഡ സിനിമയിലെ പുതിയ 'ഷെട്ടി' ത്രയങ്ങൾ ( ഋഷഭ് ഷെട്ടി, രക്ഷിത് ഷെട്ടി, രാജ് ബി ഷെട്ടി.) ഇപ്പോൾ ഇന്ത്യൻ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന 'കാന്താര' ആദിമധ്യാന്തം ആ സമവാക്യത്തെ സത്യസന്ധമായി ഉപയോഗിച്ച് വിജയിച്ച ഒന്നാണ്. സംവിധായകനും സിനിമയിലെ കേന്ദ്ര കഥാപാത്രവുമായ ഋഷഭ് ഷെട്ടി വളരെ പ്രാദേശികമായ ഒരു മിത്തിനെ തീർത്തും പ്രാദേശികമായ നിർമിതിയിലൂടെ ആഗോള കാണികൾക്ക് മുന്നിൽ വച്ച് കയ്യടി വാങ്ങുന്നു. സിനിമയിലൂടെ ഋഷഭ് ഷെട്ടി എന്ന നടനും സംവിധായകനും 'ഭൂതക്കോല' എന്ന തുളുനാടന്‍ കലാരൂപവും മാത്രമല്ല ഭൂമിയുടെ അധികാര ക്രയവിക്രയങ്ങളിലെ ക്രൂരമായ അനീതിയും ശക്തമായി അടയാളപ്പെടുത്തപ്പെടുന്നു. തീർത്തും പ്രാദേശികമായ ഇടങ്ങളിൽ നിന്നു കൊണ്ട് ആഗോളമായ ഒരു വിഷയത്തിന്‍റെ സമാനമായ തലങ്ങളെ പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ സിനിമക്ക് സാധിക്കുന്നു.

Advertisment

മൂന്നു കാലങ്ങളിൽ നിന്നു കൊണ്ടാണ് 'കാന്താര' കഥ പറയുന്നത്. 18-ാം നൂറ്റാണ്ട് മുതൽ കഴിഞ്ഞ ദശാബ്ദം വരെ അടയാളപ്പെടുന്നത് ഒരു നാടോടി കഥയുടെ ക്രമാനുഗത വളർച്ച പോലെയാണ്. ചിതറിയ മൂന്നു കാലങ്ങളിൽ നിന്നു കൊണ്ട് പലപ്പോഴും കാണികളെ ഞെട്ടിക്കുന്ന ഒരു 'ഫെയറിടേൽ ഇഫക്ട്' ഉണ്ടാക്കാൻ സിനിമക്കാവുന്നു. അതിനു ഋഷഭ് ഷെട്ടിയുടെ സംവിധാനവും തിരക്കഥയും അഭിനയവും കിഷോറും അച്യുത് കുമാറും വിനോദ് ബുഡപ്പയും പ്രകാശ് ഷെട്ടിയുമുൾപ്പെട്ട സഹതാരങ്ങൾ നൽകിയ പിന്തുണയും അരവിന്ദ് എസ് കാശ്യപിന്‍റെ സ്വപ്ന സമാനമായ സിനിമാട്ടോഗ്രഫിയും അജനീഷ് ലോകനാഥിന്‍റെ സംഗീതവുമെല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട്.

Kantara Movie Review & Rating

'കാന്താര' എന്ന സംസ്കൃത വാക്കിനു ദുരൂഹത നിറഞ്ഞ കാട് എന്നാണർത്ഥം. ആ കാട് വ്യക്തമായും ഒരു സാങ്കല്പിക ഭൂമിക എന്ന നിലയിലാണ് ഇവിടെ അടയാളപ്പെടുത്തപ്പെടുന്നത്. അത് എവിടെയുമാകാം എന്ന സൂചനയുമുണ്ട്. കഥക്ക്, സിനിമ ഉന്നയിക്കുന്ന പ്രശ്നത്തിന് ഒരു യൂണിവേഴ്സൽ സ്വഭാവവും ഉണ്ട്. ദക്ഷിണ കർണാടക/കന്നഡ തീരദേശത്തെ സിനിമ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. കുന്ദാപുരക്കുള്ളിലെ ഒരു കാടിന്‍റെ അടയാളങ്ങൾ സിനിമയിൽ ഉടനീളം കാണാം. ഋഷഭ് ഷെട്ടിയുടെയും രക്ഷിത് ഷെട്ടിയുടെയും രാജ് ബി ഷെട്ടിയുടെയും മുൻകാല സിനിമകളിലേത് പോലെ 'കാന്താര'യും മംഗലാപുരത്തെയും പ്രാന്ത പ്രദേശങ്ങളെയും വരച്ചു കാട്ടുന്നു. മിത്തിനെ സമകാലീന വിഷയവുമായി കൂട്ടി കലർത്തുക എന്ന അവരുടെ സ്ഥിരം ശൈലിയും ഇവിടെ ആവർത്തിക്കപ്പെടുന്നു. 'റോ റസ്റ്റിക്ക്' നായകൻ എന്ന നിലയിൽ നിന്നുമുള്ള പരിണാമം കാണിക്കുന്ന രംഗങ്ങളാണ് സിനിമയുടെ ആത്മാവ് എന്ന് പറയാം.

Advertisment

'തീയേറ്റർ അനുഭവം' എന്നൊന്ന് സിനിമയ്ക്ക് നിര്‍ബന്ധമാണോ എന്നത് ഇന്നും തർക്ക വിഷയമായി നിൽക്കുന്ന ഒന്നാണ്. കൊറോണാനന്തര-ഒടിടി കാലത്ത് തീയേറ്റർ വ്യവസായത്തിന്‍റെ ഭാവി പോലും ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ 'കാന്താര' തീർച്ചയായും ആ അനുഭവം പൂർണമായും ആവശ്യപ്പെടുന്ന സിനിമയാണ്. സിനിമയിലെ ഓരോ ദൃശ്യവും പ്രകടനവും സംഗീതവും എല്ലാം സൂക്ഷ്മമായ തിയേറ്റർ കാഴ്ച ആവശ്യപ്പെടുന്നു. ഒപ്പം ഭൂതക്കോല, യക്ഷഗാനം പോലെയുള്ള പരമ്പരാഗത കലാരൂപങ്ങളെ സിനിമയിൽ പ്രതീകാത്മകമായി ഉപയോഗിച്ച രീതിയും അത്തരമൊരു കാഴ്ച ആവശ്യപ്പെടുന്നു. കാഴ്ചാനുഭവം വെറുതെ പറഞ്ഞും എഴുതിയും പോകുന്ന വാക്കല്ല എന്ന് ഈ സിനിമ തുടക്കം മുതൽ ഒടുക്കം വരെ ഓർമിപ്പിക്കുന്നുണ്ട്. 

സിനിമയുടെ അടിമുടി ഭംഗിയുള്ള നിർമിതിക്കിടയിലും കല്ലുകടിയായി തോന്നിയത് ഒബ്ജെക്റ്റിഫിക്കേഷൻ നിറഞ്ഞ പ്രണയവും ചില ഹാസ്യ രംഗങ്ങളുമാണ്. സിനിമയുടെ മൊത്തം രാഷ്ട്രീയ ബോധ്യത്തിനും നിർമിതിയുടെ സൗന്ദര്യത്തിനും എതിരെയുള്ള കാഴ്ചകളായി ആ രംഗങ്ങൾ അനുഭവപ്പെട്ടു. സിനിമ ഉണ്ടാക്കുന്ന രസച്ചരടിനെ പ്രണയ രംഗങ്ങൾ പൊട്ടിച്ചു എന്ന് തന്നെ പറയാം. ഒരു കാലത്ത് കന്നഡ പോപ്പുലർ സിനിമയിൽ ഇത്തരം പ്രണയ കാഴ്ചകൾ പതിവായിരുന്നു. അന്ന് അതിനെതിരെ വൻ പ്രതിഷേധവും ഉണ്ടായിരുന്നു. സിനിമയിലെ അത്തരം കാഴ്ചകൾക്കെതിരെ കൂടിയുള്ള കയ്യടിയാണ് 'ഷെട്ടി ത്രയ'ങ്ങൾക്ക് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്ന സ്വീകാര്യത. ആ സ്വീകാര്യതയിൽ നിന്നു കൊണ്ടുള്ള ഇത്തരം കാഴ്ചകൾ സുഖകരമായി തോന്നിയില്ല.

സിനിമ ആർട്ട് ആണോ ക്രാഫ്റ്റ് ആണോ എന്ന ചോദ്യത്തിന് അതൊരു വ്യവസായമാണെന്ന മറുപടിയാണ് ഉയർന്നു കേൾക്കാറുള്ളത്. അവിടെക്കാണ് ആർട്ടും ക്രാഫ്റ്റുമായ 'കാന്താര' വന്നു വൻ വാണിജ്യ വിജയം നേടുന്നത്. അത് കൊണ്ടാണ് കന്നഡ സിനിമയുടെ മാറുന്ന ബോധ്യങ്ങളിൽ ഒന്നായി 'കാന്താര'യെ അടയാളപ്പെടുത്തുന്നത്.

Kannada Films Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: