scorecardresearch

Helen Movie Review: ഇരച്ചു കയറുന്ന തണുപ്പും ഭീതിയും; ഹെലനെ വിശ്വസിക്കാം, അന്നയെയും

Helen Malayalam Movie Review: ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രകടനം അജു വര്‍ഗീസിന്റേതാണ്. ഹാസ്യ കഥാപാത്രങ്ങളിൽ മാത്രം കണ്ടു പരിചയിച്ച അജുവില്‍നിന്നുമൊരു മോചനമാണ് എസ്‌ഐ രതീഷ്‌കുമാര്‍

Helen Malayalam Movie Review: ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രകടനം അജു വര്‍ഗീസിന്റേതാണ്. ഹാസ്യ കഥാപാത്രങ്ങളിൽ മാത്രം കണ്ടു പരിചയിച്ച അജുവില്‍നിന്നുമൊരു മോചനമാണ് എസ്‌ഐ രതീഷ്‌കുമാര്‍

author-image
Abin Ponnappan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Helen Malayalam Movie Review, ഹെലന്‍ മൂവി റിവ്യു,Helen Movie Review, Helen Review,ഹെലന്‍, Anna Ben Movie Helen, അന്ന ബെന്‍ ഹെലന്‍,Anna Ben Movie Helen Review, Anna Ben New Movie, ie malayalam,

Helen Malayalam Movie Review: ഒരു സിനിമ കാണാനായി പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കുന്നതിലും ചിത്രത്തിന്റെ മൂഡ് എന്താണെന്ന് ബോധ്യപ്പെടുത്താനും പോസ്റ്ററുകള്‍ക്ക് വലിയ പങ്കുണ്ട്. 'ഹെലന്റെ' ആദ്യ പോസ്റ്റര്‍ ചുവന്ന പശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ എഴുതിയ ഹെലന്‍ എന്ന പേരും അന്ന ബെന്നിന്റെ ചിത്രവുമായിരുന്നു. രണ്ടാമത്തേതില്‍ മഞ്ഞാല്‍ ചുറ്റപ്പെട്ട അന്നയുടെ കണ്ണുകളും ചുവന്ന അക്ഷരത്തിലെഴുതിയ 'ഹെലന്‍' എന്ന പേരുമായിരുന്നു. ഇങ്ങനെ തിയറ്ററിലെത്തും മുമ്പ് ചിത്രത്തിന്റെ മൂഡ് സെറ്റ് ചെയ്താണ് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത 'ഹെലന്‍' തിയറ്ററിലെത്തിയത്.

Advertisment

ഒറ്റവാക്കില്‍ ഹെലന്‍ ഒരു സര്‍വൈവല്‍ ത്രില്ലറാണ്. രണ്ടു ദിവസത്തിനുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം. സിനിമയുടെ പോസ്റ്ററിലുടനീളം പുലര്‍ത്തിയ ലാളിത്യവും വ്യക്തതയും അതേപോലെ ചിത്രവും പിന്തുടുരുന്നുണ്ട്. പറയാന്‍ ഉദ്ദേശിച്ചത് വ്യക്തമായി, അമിതമാകാതെ, കൃത്യമായി പറഞ്ഞു പോകുന്ന ചിത്രമാണ് 'ഹെലന്‍'. അഭിനയിച്ചവരും പിന്നണിയിലുള്ളവരുമെല്ലാം തങ്ങളുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്ന സിനിമ.

Helen Malayalam Movie Review, ഹെലന്‍ മൂവി റിവ്യു,Helen Movie Review, Helen Review,ഹെലന്‍, Anna Ben Movie Helen, അന്ന ബെന്‍ ഹെലന്‍,Anna Ben Movie Helen Review, Anna Ben New Movie, ie malayalam,

വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്ന നഴ്‌സാണ് ഹെലന്‍. രാവിലെ ഐഎല്‍ടിഎസ് ക്ലാസിനു പോകുന്ന ഹെലന്‍ രാത്രി ജോലി ചെയ്യുന്നുണ്ട്. ഹെലനും അവളുടെ പപ്പ പോളും തമ്മിലുള്ള ബന്ധവും അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നവുമൊക്കെയാണ് ചിത്രം പറയുന്നത്. നേരത്തെ ടീസറിലും ട്രെയിലറിലും നിന്ന് എന്താണ് പ്രശ്‌നമെന്ന് വ്യക്തമായിരുന്നു. ഫ്രീസറില്‍ കുടുങ്ങിപ്പോവുന്ന ഹെലന്റെ രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് ചിത്രം പറയുന്നത്. മകളെ കണ്ടെത്താനുള്ള അച്ഛന്റെയും ശ്രമങ്ങള്‍ ചിത്രം അവതരിപ്പിക്കുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം അന്ന ബെന്‍ നായികയാകുന്ന ചിത്രമാണ് 'ഹെലന്‍'. ടൈറ്റില്‍ റോളില്‍ അന്ന എത്തുമ്പോള്‍ അരങ്ങേറ്റ ചിത്രത്തിന്റെ ഭാരം ചുമലിലുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ കുമ്പളങ്ങിയിലെ ബേബിമോളെ അവിടെത്തന്നെ നിർത്തി ഹെലനായി മാറിയിരിക്കുകയാണ് അന്ന. ചിത്രത്തിന്റെ ഏറിയ പങ്കും അന്നയുടെ പെര്‍ഫോമന്‍സിലൂടെയാണ് മുന്നോട്ടുപോകുന്നത്. മരണത്തെ മുന്നില്‍ കാണുന്ന, രക്ഷപ്പെടാനായി ഓരോ നിമിഷവും പൊരുതുന്ന ഹെലനെ അതേ അര്‍ത്ഥത്തില്‍ കാണുന്നവരിലേക്ക് എത്തിക്കാന്‍ അന്നയ്ക്ക് സാധിച്ചിട്ടുണ്ട്.

Advertisment

Helen Malayalam Movie Review, ഹെലന്‍ മൂവി റിവ്യു,Helen Movie Review, Helen Review,ഹെലന്‍, Anna Ben Movie Helen, അന്ന ബെന്‍ ഹെലന്‍,Anna Ben Movie Helen Review, Anna Ben New Movie, ie malayalam,

ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗങ്ങള്‍ ഹെലനും പപ്പയും തമ്മിലുള്ളതാണ്. അച്ഛന്‍-മകള്‍ സ്‌നേഹത്തിന്റെ പല പതിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അതൊന്നും കാഴ്ചക്കാരെ ബാധിക്കാത്ത തരത്തിലാണ് അന്നയും ലാലും ഹെലനും പോളുമായി മാറിയിരിക്കുന്നത്. ലാലിനെപ്പോലൊരു നടന് അനായാസമായൊരു റോളാണ് പോള്‍. തന്റെ രണ്ടാമത്തെ മാത്രം ചിത്രമാണ് അന്നയുടേതെന്നത് ഒരിക്കല്‍ പോലും തോന്നുന്നില്ല. വളരെ മുതിര്‍ന്നൊരു നടനൊപ്പം അഭിനയിക്കുമ്പോഴും അന്ന ഒട്ടും പിന്നോട്ടുപോകുന്നില്ല. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ വിജയം. അതേസമയം, കാമുകന്‍ അസറുമൊത്തുള്ള രംഗങ്ങളില്‍ ഹെലന്‍ ബേബി മോളെ ഓര്‍മപ്പെടുത്തുന്നുണ്ട്.

ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രകടനം അജു വര്‍ഗീസിന്റേതാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടു പരിചയിച്ച അജുവില്‍നിന്നുമൊരു മോചനമാണ് ചിത്രത്തിലെ എസ്‌ഐ രതീഷ്‌കുമാര്‍. തനിയാവര്‍ത്തനമായിരുന്ന കോമഡി റോളുകളില്‍ നിന്നുമൊരു മാറ്റം. വരുന്ന ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ പ്രേക്ഷകന് അജുവിന്റെ പൊലീസ് ഓഫീസറോട് ദേഷ്യവും വെറുപ്പും തോന്നും. ആക്ടര്‍ എന്ന നിലയില്‍ അദ്ദേഹം മാറി നടക്കുകയാണെന്ന് തോന്നുന്നു.

അസറായി എത്തിയ നോബിള്‍ തോമസ് മോശമാക്കിയിട്ടില്ല. തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ അസറിനെ അവതരിപ്പിക്കാന്‍ നോബിളിന് സാധിച്ചിട്ടുണ്ട്. അതേസമയം, അസറിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനുള്ള സാധ്യത ചിത്രത്തില്‍ കുറവായിരുന്നു.

ചിത്രത്തിനുള്ള പോരായ്മയായി തോന്നിയത് പ്രവചനീയതയാണ്. എക്‌സ്ട്രാ ഓര്‍ഡിനറിയാകാന്‍ കഴിയുമായിരുന്നൊരു ത്രില്ലറില്‍നിന്ന് എന്താണ് നടക്കാന്‍ പോകുന്നതെന്ന് പ്രേക്ഷകന് ഊഹിക്കാന്‍ സാധിക്കുമെന്നത് ചിത്രത്തെ പിന്നോട്ടുവലിക്കുന്നുണ്ട്. പ്രേക്ഷകന്റെ ചിന്തയ്ക്ക് അപ്പുറത്തേക്ക് കൊണ്ടുപോയി എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലറാക്കി മാറ്റാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിന് ശ്രമിക്കാതെ തങ്ങള്‍ക്ക് പറയാനുള്ളത് വൃത്തിയായി പറയുക എന്നതിലാണ് മാത്തുക്കുട്ടി സേവ്യര്‍ ശ്രമിച്ചിരിക്കുന്നത്.

രണ്ടാം പകുതിയിലെ പാട്ടും അനവസരത്തിലുള്ളതാണെന്ന് തോന്നി. ചിത്രത്തിന്റെ മൂഡിന് തടസം വരുന്നതാണ് ഈ പാട്ട്. അതേസമയം, ചിത്രത്തില്‍ ചുവപ്പ്, വെള്ള നിറങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന രീതി ശ്രദ്ധേയമായിരുന്നു. പോസ്റ്റര്‍ മുതല്‍ ചുവപ്പും വെള്ളയും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ ഒരുപാട് രംഗങ്ങളിലും ഈ രണ്ട് നിറങ്ങളുടെ കോമ്പിനേഷന്‍ കാണാം.

മൊത്തത്തില്‍ കണ്ടിരിക്കാവുന്ന, വളരെ വൃത്തിയോടെ അണിയിച്ചൊരുക്കിയിരിക്കുന്ന സര്‍വൈവല്‍ ത്രില്ലറാണ് 'ഹെലന്‍'. അഭിനേതാക്കളുടെ പ്രകടനത്തിലും ചിത്രത്തിന്റെ മെയ്ക്കിങ്ങിലുമെല്ലാം ലാളിത്യവും കൃത്യതയുമുള്ളൊരു ചിത്രം. വിനീത് ശ്രീനിവാസന്‍ നിര്‍മാതാവാകുന്ന ചിത്രം ആ പേര് നല്‍കുന്ന ഗ്യാരണ്ടി കാക്കുന്നുണ്ട്. അതിലുപരിയായി തനിക്ക് പറയാന്‍ എന്താണെന്നുള്ളതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകന്റെ ചിത്രമാണ് 'ഹെലന്‍'.

Read more: Jack & Daniel Movie Review: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ; ‘ജാക്ക് & ഡാനിയൽ’ റിവ്യൂ

Vineeth Sreenivasan Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: