scorecardresearch

Bhramam Movie Review & Rating: ആത്മാവ് നഷ്ടപ്പെട്ട റീമേക്ക്; 'ഭ്രമം' റിവ്യൂ

Bhramam Movie Review & Rating: പൃഥ്വിരാജാണ് റെയ് മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്നാലാവും വിധം കഥാപാത്രത്തോട് നീതി പുലർത്താൻ പൃഥ്വി ശ്രമിച്ചിട്ടുണ്ട്

Bhramam Movie Review & Rating: പൃഥ്വിരാജാണ് റെയ് മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്നാലാവും വിധം കഥാപാത്രത്തോട് നീതി പുലർത്താൻ പൃഥ്വി ശ്രമിച്ചിട്ടുണ്ട്

author-image
Dhanya K Vilayil
New Update
Bhramam movie review, Bhramam review, watch Bhramam online, Bhramam Amazon prime video, watch malayalam movie Amazon prime video, Prithviraj, Unni Mukundan, പൃഥ്വിരാജ്, ഭ്രമം മൂവി റിവ്യൂ

Bhramam Movie Review & Rating: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ, ട്വിസ്റ്റുകളും ടേണുകളുമായി വിസ്മയിപ്പിച്ച ബോളിവുഡ് ചിത്രമാണ് അന്ധാധൂൻ. കഥയിലെയും ട്രീറ്റ്‌മെന്റിലെയും പുതുമയും അഭിനേതാക്കളുടെ തകർപ്പൻ പ്രകടനവും അന്ധാധൂനിനെ വൻവിജയമാക്കി തീർത്തു. മികച്ച ഫീച്ചർ ഫിലിം, മികച്ച നടൻ, മികച്ച തിരക്കഥ എന്നിങ്ങനെ മൂന്ന് ദേശീയ അവാർഡുകളും ചിത്രത്തെ തേടിയെത്തി.

Advertisment

ഡാർക്ക് കോമഡിയുടെയും സസ്‌പെൻസ് ത്രില്ലറിന്റെയും സ്വഭാവമുള്ള ചിത്രം ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രങ്ങളെയായിരുന്നു പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ബോളിവുഡിൽ ആയുഷ്മാൻ ഖുറാന എന്ന നടന്റെ താരമൂല്യം ഉയർത്തിയതിലും ഈ ചിത്രം നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്.

അന്ധാധൂനിന് മലയാളത്തിലും റിമേക്ക് വരുന്നു എന്ന വാർത്ത വന്നതു മുതൽ മലയാള സിനിമാപ്രേക്ഷകരും ആകാംക്ഷയോടെയാണ് 'ഭ്രമ'ത്തിനായി കാത്തിരുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് 'ഭ്രമം' ആമസോൺ പ്രൈമിൽ റിലീസിനെത്തിയിരിക്കുകയാണ്.

പിയാനിസ്റ്റായ റെയ് മാത്യുവിന്റെ ജീവിത കഥയാണ് 'ഭ്രമം' പറയുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അന്ധനായ പിയാനിസ്റ്റ് എന്നതാണ് റെയ് മാത്യുവിന്റെ ആ നഗരത്തിലെ മേൽവിലാസം. എന്നാൽ അന്ധത എന്നത് അയാൾ സ്വയം എടുത്തണിഞ്ഞ ഒരു മാസ്ക് ആണ്. അന്ധനെന്ന മേൽവിലാസത്തിനു ലഭിക്കുന്ന സഹതാപവും സൗകര്യങ്ങളും അവസരങ്ങളും അയാൾ പരമാവധി ചൂഷണം ചെയ്യുകയാണ്. പണം സമ്പാദിച്ച് യൂറോപ്പിലേക്ക് പറക്കണം, അവിടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കണം എന്നൊക്കെയാണ് അയാളുടെ സ്വപ്നം.

Advertisment

റെയ് മാത്യുവെന്ന പിയാനിസ്റ്റിൽ ആകൃഷ്ടനായ ഒരു പഴയകാല സിനിമാതാരം തന്റെ ഭാര്യയ്ക്ക് സർപ്രൈസ് നൽകാനായി റെയിനെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുന്നു. അവിടെ വച്ച് റെയ് യാദൃശ്ചികമായി ഒരു ക്രൈമിന് സാക്ഷിയാവുന്നു, പിന്നെയങ്ങോട്ട് റെയുടെ ജീവിതത്തിൽ പ്രശ്നങ്ങളുടെ ഘോഷയാത്രയാണ്. തീർത്തും നിർദ്ദോഷമെന്ന് അയാൾ കരുതിയിരുന്ന ആ 'കൺകെട്ട് കളി' അയാൾക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നു.

പൃഥ്വിരാജാണ് റെയ് മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്നാലാവും വിധം കഥാപാത്രത്തോട് നീതി പുലർത്താൻ പൃഥ്വി ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും അന്ധനായ ഒരാളുടെ ശരീരഭാഷകളിൽ ആയുഷ്മാൻ ഖുറാന കാഴ്ച വച്ച ആ കയ്യടക്കം ചിലയിടങ്ങളിൽ പൃഥ്വിയ്ക്ക് നഷ്ടമാവുന്നുണ്ട്. ചിത്രത്തിൽ അല്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് മംമ്ത മോഹൻദാസാണ്. ഉണ്ണി മുകുന്ദനും മുഴുനീള കഥാപാത്രമായി നിറഞ്ഞുനിൽക്കുന്നുണ്ട് ചിത്രത്തിൽ. റാഷി ഖന്ന, അനന്യ, സുധീര്‍ കരമന, ശങ്കർ, ജഗദീഷ്, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഒർജിനലിൽ നിന്നും അതേപടി പകർത്തിയ രംഗങ്ങളാണ് 'ഭ്രമ'ത്തിൽ ഭൂരിഭാഗവും. ടെക്നിക്കൽ വശങ്ങൾ, താരങ്ങളുടെ അഭിനയം എന്നിവയെല്ലാം മികച്ചു നിൽക്കുമ്പോഴും എവിടെയൊക്കെയോ റീമേക്കിനോട് നീതി പുലർത്താൻ ഭ്രമത്തിന് കഴിയാതെ പോവുന്നുണ്ട്. കേരളത്തിലെ ചുറ്റുപാടുകളോടും ഇവിടുത്തെ സിനിമാ അഭിരുചികളോടും പല രംഗങ്ങളും ചേർന്നു നിൽക്കുന്നില്ല എന്നതാണ് പ്രധാന പോരായ്മ. കഥാഗതിയോട് ഇണങ്ങുന്ന രീതിയിൽ തമാശകളും ഹാസ്യാത്മകമായ സമീപനങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഗുണം ചെയ്യുന്നില്ല.

എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ജോയ് പോളിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെയ്ക്സ് ബിജോയാണ്. ജെയ്ക്സിന്റെ പാട്ടുകൾ കഥാപരിസരങ്ങളുമായി ഇണങ്ങിപോവുന്നവയാണ്.

'അന്ധാധൂൻ' കണ്ടിട്ടില്ലാത്തവർക്ക് മോശമല്ലാത്തൊരു സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് 'ഭ്രമം'. എന്നാൽ ഒർജിനൽ കണ്ടിട്ടുള്ളവരെ 'ഭ്രമം' ഒരുവേള നിരാശരാക്കിയേക്കാം. കാരണം 'ഭ്രമ'ത്തിൽ നഷ്ടമായിരിക്കുന്നത് 'അന്ധാധൂനി'ന്റെ ആത്മാവ് തന്നെയാണ്.

Read more: സിഐഡി രാംദാസിന് എന്റെ നമ്പര്‍ കൊടുത്തോ? പൃഥ്വിയോട് ദുല്‍ഖര്‍

New Release Prithviraj Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: