/indian-express-malayalam/media/media_files/uploads/2023/04/Rajinikanth.png)
നന്ദമുരി താരക രാമ റാവുവിന്റെ(എൻടിആർ) നൂറ് വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടിയിൽ നടൻ രജനികാന്ത് പങ്കെടുത്തിരുന്നു. എൻടിആർ ന്റെ മകൻ നന്ദമുരി ബാലകൃഷ്ണനെ കുറിച്ച് രജിനികാന്ത് സംസാരിക്കുകയും ചെയ്തു. തനിക്കോ അമിതാഭ് ബച്ചനോ ചെയ്യാനാകാത്ത പലതും ബാലയ്യയ്ക്കു കഴിയുമെന്നും രജനി പറഞ്ഞു. നന്ദമുരി ബാലകൃഷ്ണന്റെ മറ്റൊരു പേരാണ് ബാലയ്യ എന്നത്.
"ബാലയ്യയുടെ ഒറ്റം നോട്ടം മതി എല്ലാം അടിപൊളിയാക്കാൻ. ഒരു ചെറിയ കണ്ണിറുക്കൽ കൊണ്ട് വാഹനം പൊട്ടിത്തെറിപ്പിക്കാനും അതു മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും അദ്ദേഹത്തിനു സാധിക്കും. അത് രജിനികാന്ത്, അമിതാഭ്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ ഇവർ ആരെ കൊണ്ടും സാധ്യമായ കാര്യമല്ല. അങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾ ചെയ്താലും ആരും അംഗീകരിക്കില്ല"രജനികാന്ത് പറഞ്ഞു.
രജനികാന്ത് ബാലയ്യയെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹം ചിരിച്ചു കൊണ്ട് കേട്ടിരിക്കുകയായിരുന്നു. ബാലയ്യ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർ അംഗീകരിക്കും കാരണം അവർ സ്ക്രീനിൽ കാണുന്നത് അദ്ദേഹത്തിന്റെ അച്ഛൻ എൻടിആർ നെയാണ്.
"ബാലയ്യ ചെയ്യുന്നതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കും. തെലുങ്കു പ്രേക്ഷകർ ബാലയ്യയെയല്ല മറിച്ച് എൻടിആർ നെയാണ് അദ്ദേഹത്തിൽ കാണുന്നത്. അദ്ദേഹം ഒരു നല്ല ഹൃദയത്തിനുടമയാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ അദ്ദേഹത്തിനു ശോഭിക്കാൻ കഴിയട്ടെയെന്ന് ഞാൻ​ പ്രാർത്ഥിക്കുന്നു" രജനി കൂട്ടിച്ചേർത്തു.
ക്രിഷ് ജഗർലമുടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ എൻടിആർ ന്റെ ആത്മകഥയുടെ രണ്ടു ഭാഗത്തിലും അഭിനയിച്ചത് നന്ദമുരി ബാലകൃഷ്ണനായിരുന്നു. 'വിര സിംഹ റെഡ്ഡി' ആണ് ബാലയ്യ അവസാനമായി അഭിനയിച്ച ചിത്രം. അനിൽ രവിപുടിയ്‌ക്കൊപ്പമുള്ള 'എൻബികെ108' ന്റെ തിരക്കിലാണിപ്പോൾ ബാലയ്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.