/indian-express-malayalam/media/media_files/uploads/2019/03/thuramugham.jpg)
'കമ്മട്ടിപ്പാടം'എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുറമുഖം'. നിവിൻ പോളി മുഖ്യകഥാപാത്രമാവുന്ന 'തുറമുഖ'ത്തിന്റെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളി റിലീസ് ചെയ്തു. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുൻചിത്രമായ 'കമ്മട്ടിപ്പാട'വും കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. രാജീവ് രവിയും സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് 'തുറമുഖം'.
നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ സജീവമാകുകയാണ് 'തുറമുഖ'ത്തിലൂടെ. നിവിൻ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂർണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഹനീഫ് അദേനി സംവിധാനം ചെയ്ത 'മിഖായേൽ' ആയിരുന്നു ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ നിവിൻ പോളി ചിത്രം. ധ്യാൻ ശ്രീനിവാസൻ സംവിധായകനാവുന്ന 'ലവ് ആക്ഷൻ ഡ്രാമ'യാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മറ്റൊരു നിവിൻ പോളി ചിത്രം. നയൻതാരയാണ് 'ലവ് ആക്ഷൻ ഡ്രാമ'യിൽ നിവിന്റെ നായിക.
Read more: താരമൂല്യമേറുന്നു; കൈ നിറയെ ചിത്രങ്ങളുമായി നിവിൻ പോളി
രാജീവ് രവിയുടെ ചിത്രത്തിനൊപ്പം തന്നെ രാജീവ് രവിയുടെ ഭാര്യയും അഭിനേത്രിയും സംവിധായികയുമായ ഗീതുമോഹൻദാസിന്റെ ‘മൂത്തോൻ’ എന്ന പുതിയ ചിത്രത്തിലും നിവിനുണ്ട്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്.
'മൂത്തോന്റെ' ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ബി അജിത്കുമാറും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മൂത്തോന്റെ ടീസറും അടുത്തിടെ റിലീസ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.