നിവിൻ പോളിയെന്ന യുവതാരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരുന്നു ‘കായംകുളം കൊച്ചുണ്ണി’. കൊച്ചുണ്ണിയുടെ വിജയത്തോടെ നിവിന്റെ താരമൂല്യം ഏറിയിരിക്കുന്നു എന്നാണ് മലയാളസിനിമാ ഇൻഡസ്ട്രിയിൽ നിന്നും വരുന്ന വാർത്തകൾ. കൈനിറയെ ചിത്രങ്ങളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
‘ഗ്രേറ്റ്ഫാദർ’ എന്ന ചിത്രത്തിനു ശേഷം നിവിനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേൽ’ ഈ ആഴ്ച റിലീസിനെത്തുകയാണ്. ജനുവരി 18നാണ് ചിത്രത്തിന്റെ റിലീസ്. ഹനീഫ് അദേനി തന്നെയാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ വില്ലനായി എത്തുന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നിവിന്റെ നായികയാവുന്നത്. ‘ഒരു വടക്കന്‍ സെല്‍ഫി’ക്ക് ശേഷം മഞ്ജിമ മോഹൻ നിവിന്റെ നായികയായെത്തുന്ന ചിത്രം കൂടിയാണ് ‘മിഖായേല്‍’. കുടുംബപശ്ചാത്തലത്തിലുള്ള കഥ തന്നെയാണ് ‘മിഖായേൽ’ പറയുന്നത്.
ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ ആണ് നിവിന്റെ മറ്റൊരു ശ്രദ്ധേയ ചിത്രം. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ബി അജിത്കുമാറും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. സ്നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്, വാസിക്ക് ഖാന്, ഗോവിന്ദ് മേനോന്, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ. റായ്, അലന് മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 17 ന് ചിത്രത്തിന്റെ ടീസർ റിലീസിനെത്തും.
ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യാണ് നിവിന്റെ മറ്റൊരു ചിത്രം. ധ്യാൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ഉര്‍വ്വശി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകൻ. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്ഷന് എഡിറ്റിങ്ങും നിര്‍വ്വഹിക്കും. ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
Read more: ദിനേശനായി നിവിൻ, ശോഭയായി നയൻതാര: ‘ലവ് ആക്ഷൻ ഡ്രാമ’ തുടങ്ങി
നിവിന്‍ പോളിയെ മുഖ്യ കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രവും ഈ വർഷം ചിത്രീകരണം ആരംഭിക്കും. ‘തുറമുഖം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ 1950 കളുടെ കഥയാണ് പറയുന്നത്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.
Read more: പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി രാജീവ് രവി
കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ‘പൈറേറ്റ്സ് ഓഫ് ഡിയാഗോ ഗാര്‍സിയ’എന്ന ചിത്രവും ഈ വർഷം ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ അധീനതയിലുളള പവിഴ ദ്വീപാണ് ഡിയാഗോ ഗാര്‍സിയ. മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ഈ ചിത്രവും വലിയ ക്യാൻവാസിലാണ് ഒരുക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത് എന്നാണ് വാർത്തകൾ. നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ചേർന്നാണ് ചിത്രം നിർമ്മിക്കുക എന്നും വാർത്തകളുണ്ടായിരുന്നു.
കൈരളി കപ്പലിന്റെ കഥ പറയുന്ന ജോമോൻ ടി ജോൺ സംവിധാനം ചെയ്യുന്ന ‘കൈരളി’, വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഗൗരി’, മേജർ രവി ഒരുക്കുന്ന പ്രണയചിത്രം എന്നിവയിലും നിവിൻ നായകനാവുന്നു എന്നു മുൻപ് വാർത്തകളുണ്ടായിരുന്നു. ഈ ചിത്രങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾ അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.