scorecardresearch

കുഞ്ഞിലയ്‌ക്കെതിരായ നടപടിയിൽ പ്രതിഷേധം ശക്തം; സിനിമ പിന്‍‌വലിച്ച് വിധു, വിശദീകരണവുമായി ചലച്ചിത്ര അക്കാദമി

ഇന്നലെയാണ് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ച സംവിധായ കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്

ഇന്നലെയാണ് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ച സംവിധായ കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്

author-image
WebDesk
New Update
കുഞ്ഞിലയ്‌ക്കെതിരായ നടപടിയിൽ പ്രതിഷേധം ശക്തം; സിനിമ പിന്‍‌വലിച്ച് വിധു, വിശദീകരണവുമായി ചലച്ചിത്ര അക്കാദമി

കോഴിക്കോട്: രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് സംവിധായിക കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ്. റിലീസ് ചെയ്ത സിനിമകൾ ഫെസ്റ്റിവെല്ലിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സിനിമകളാണ് മലയാളം വിഭാഗത്തിൽ മേളയിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ടാണ് 'അസംഘടിതർ' എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും അജോയി പറഞ്ഞു. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ മേളയിൽ പ്രദർശിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിയെ പിന്തുണച്ചും കുഞ്ഞിലയ്‌ക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും വനിതാ സംവിധായകർ രംഗത്തെത്തിയിരുന്നു. മേളയിൽ നിന്ന് വിധു വിൻസെന്റ് തന്റെ സിനിമ പിന്‍വലിച്ചു. ഇന്ന് രാവിലെ പ്രദർശനം നടക്കേണ്ടിയിരുന്ന വൈറല്‍ സെബി എന്ന ചിത്രമാണ് പിൻവലിച്ചത്. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.

കുഞ്ഞില മാസിലാമണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായിക ലീനാ മണിമേഖലയും രംഗത്തെത്തി. ജിയോ ബേബി നിർമ്മിച്ച "ഫ്രീഡം ഫൈറ്റ്" എന്ന ആന്തോളജി സിനിമയുടെ ഭാഗമായ കുഞ്ഞിലയുടെ "അസംഘടിതർ" എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ സ്ത്രീപക്ഷ സിനിമയാണെന്നും. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ ആ ചിത്രം പ്രദര്ശിപ്പിക്കുന്നില്ലെങ്കിൽ അത് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും ലീന ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ചലച്ചിത്രമേളയിൽ തന്റെ 'മാടത്തി - ആൻ ഫെയറി ടെയിൽ' എന്ന ചിത്രം പ്രദർശിപ്പിക്കാനുള്ള ക്ഷണം നിരസിച്ചതിൽ സന്തോഷമുണ്ടെന്നും. കേരള ചലച്ചിത്ര അക്കാദമിയുടെ വ്യവസ്ഥാപരമായ സ്വജനപക്ഷപാതവും പ്രാദേശിക ചലച്ചിത്ര പ്രവർത്തകരോടുള്ള അനാദരവും കാരണം അവർ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളിൽ തന്റെ സിനിമകൾ കാണിക്കേണ്ടെന്ന് തീരുമാനിച്ചതായും ലീന പറഞ്ഞു. ഇന്നലെയാണ് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ച സംവിധായക കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisment

കുഞ്ഞിലയുടെ ആരോപണങ്ങൾക്ക് എതിരെ അക്കാദമി നിരത്തിയ വാദം തള്ളിക്കൊണ്ടാണ് വിധു തന്റെ ചിത്രം പിൻവലിക്കുന്നതായി അറിയിച്ചത്. ചലച്ചിത്ര അക്കാദമിക്ക് ഇത് സംബന്ധിച്ചു രേഖാമൂലം കത്തു നൽകിയതായും വിധു അറിയിച്ചു.

"വനിതാ ചലച്ചിത്രമേളയിൽനിന്ന് എന്‍റെ സിനിമ വൈറൽ സെബി പിൻവലിക്കുന്നു. എന്‍.എം.ബാദുഷ നിർമിച്ച് ഞാൻ സംവിധാനം ചെയ്ത വൈറൽ സെബി എന്ന ചിത്രം ജൂലൈ 17ന് 10 മണിക്ക് കോഴിക്കോട് ശ്രീ തിയറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് എന്‍റെ ചിത്രം വനിതാ ചലച്ചിത്രമേളയിൽനിന്ന് പിൻവലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്." വിധു ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. സിനിമ പിൻവലിക്കാനുള്ള ഓരോ കാരണങ്ങളും വിധു വ്യക്തമാക്കി.

വിധു വ്യക്തമാക്കിയ കാരണങ്ങൾ ഇവയാണ്, "വനിതാ ചലച്ചിത്രമേളയിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്‍റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് ഞാനും കരുതുന്നു. അതിനുള്ള ഉത്തരങ്ങൾ എന്തു തന്നെയായാലും അക്കാര്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതുവരെയും മേളകൾ നടത്തിയിട്ടുള്ളത്. കുഞ്ഞിലയെ പോലെ ഒരു വനിതാ സംവിധായികയെ അറസ്റ്റ് ചെയ്ത് നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേർക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവൂ. ഇക്കാര്യത്തിൽ ഞാൻ കുഞ്ഞിലക്ക് ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു.

സമം പരിപാടിയുമായി സഹകരിച്ച് വനിതാ ചലച്ചിത്രമേളയിൽ വനിതാ സിനിമാ പ്രവർത്തകരെ ആദരിക്കാൻ തീരുമാനിച്ചതിലും കുഞ്ഞില ഉൾപ്പെട്ടിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലയ്ക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലയ്ക്കും കുഞ്ഞിലയും ഈ ആദരിക്കൽ ചടങ്ങിൽ ക്ഷണിക്കെപ്പെടേണ്ടതായിരുന്നു എന്നു കരുതുന്നു. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിന്‍റെ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കൽ ചടങ്ങിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നല്‍കുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും. ഒരു സ്ത്രീ സിനിമ എടുക്കാൻ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതിൽ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ചലച്ചിത്രമേളയുടെ സംഘാടകർക്ക് തോന്നിയില്ലെങ്കിൽ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.

കേരളത്തിലെ വനിതാ സംവിധായകർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ചോർത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.

കുഞ്ഞിലയുടെ ചിത്രം ഉൾപ്പെടുത്താഞ്ഞതിനുള്ള വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള ഷോട്ട് ഫിലിം ആണെന്നതാണ്. അങ്ങനെയെങ്കിൽ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷോട്ട് ഷിക്‌ഷന്‍ വിഭാഗത്തിൽ അത് പ്രദർശിപ്പിക്കാമായിരുന്നില്ലേ?. അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങൾക്കാണ് പ്രാധാന്യം നല്‍കിയത് എന്നാണ്. അതേസമയം, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഒടിടിയിൽ റിലീസ് ചെയ്ത ചിത്രങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ട്. അപ്പോൾ മലയാളത്തിൽ ചിത്രങ്ങൾ ചെയ്യുന്ന വനിതാ സംവിധായകരുടെ നേർക്കാണ് മാനദണ്ഡങ്ങളുടെ ദണ്ഡ പ്രയോഗം. മുകളിൽ പറഞ്ഞ ഈ കാരണങ്ങളാൽ ഈ മേളയിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം എന്‍റെ സിനിമ പിൻവലിക്കാനും. ‘ഒരു സ്ത്രീ നട്ടെല്ലുയർത്തി നേരേ നില്‍ക്കാന്‍ തീരുമാനിച്ചാൽ അവളത് ചെയ്യുന്നത് അവൾക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്’ - മായ ആഞ്ജലോയോട് കടപ്പാട്." വിധു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

Kerala Chalachithra Academy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: