കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ച സംവിധായ കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ ‘അസംഘടിതര്‍’ എന്ന ചിത്രം മേളയില്‍നിന്നു ബോധപൂര്‍വം ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വൈകിട്ടോടെ ചലച്ചിത്ര മേള ഉദ്ഘാടന വേദിയിലെത്തിയ കുഞ്ഞില പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞില കെ കെ രമ എം എല്‍ എയ്ക്കു പിന്തുണ പ്രഖ്യാപിച്ചു.
അല്‍പ്പസമയത്തിനുശേഷം പൊലീസ് കുഞ്ഞിലയെ കസ്റ്റഡിയിലെടുത്തു. വലിച്ചിഴച്ചാണു കുഞ്ഞിലയെ കൊണ്ടുപോയത്. പൊലീസ് വാഹനത്തില്‍നിന്നും സ്‌റ്റേഷനിൽനിന്നുമുള്ള ചിത്രങ്ങള്‍ കുഞ്ഞില ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു പോസ്റ്റില്‍ പൊലീസ് തൊപ്പി വച്ച തന്റെ രണ്ടു ചിത്രങ്ങളാണു കുഞ്ഞില പങ്കുവച്ചിരിക്കുന്നത്. ‘മാധ്യമങ്ങള്‍ ദയവായി കവര്‍ ചെയ്യുക. ഞാന്‍ എസ് ഐ തൊപ്പി ധരിച്ച് എടുത്ത സെല്‍ഫി,’ എന്ന് മറ്റൊരു പോസ്റ്റില്‍ കുറിച്ചു. ‘ഹോസ്പിറ്റലില്‍ പോകണം’, ‘പത്രസമ്മേളനം നടത്തണം’, ‘പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്തു, കെ കെ രമ സിന്ദാബാദ്’ എന്നും വ്യത്യസ്ത പോസ്റ്റുകളിലായി കുറിച്ചിട്ടുണ്ട്.
സംവിധായകന്‍ ജിയോ ബേബിയുടെ നേതൃത്വത്തില്‍ ഒരുക്കിയ, ജീവിതസമരങ്ങളുടെ നേര്‍ക്കാഴ്ചയായ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജിയുടെ ഭാഗമായിരുന്നു കുഞ്ഞിലയുടെ ‘അസംഘടിതര്‍’ എന്ന ചെറു ചിത്രം. തന്നെ മനഃപൂര്‍വം ഒഴിവാക്കിയതാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നുമാണു കുഞ്ഞിലുയുടെ ആരോപണം.
ഇന്നു രാവിലെ ഫെയ്‌സ്ബുക്കില്‍ ചെയ്ത മറ്റൊരു പോസ്റ്റില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് കുഞ്ഞില പങ്കുവച്ചിരുന്നു. സിനിമ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റി, ക്യൂറേറ്റര്‍, സിനിമ തിരഞ്ഞെടുക്കുന്ന പ്രക്രിയ എന്നിവയുടെ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ളതായിരുന്നു ആ സന്ദേശം. ”അസംഘടിതര്‍ എന്ന തന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, അത്യാവശ്യം ഭേദപ്പെട്ട ചിത്രം മേളയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് സിനിമ കണ്ടപ്പോള്‍ സംശയം തോന്നി. അതുകൊണ്ടാണ് വിവരങ്ങള്‍ ചോദിച്ചത്,” എന്നാണു സന്ദേശത്തില്‍ പറയുന്നത്.
ഉദ്ഘാടന ചിത്രം കാണാന്‍ പോകുന്നുണ്ടെന്നും ഗസ്റ്റ് എന്ന പാസ് തരണമെന്നും സ്‌ക്രീന്‍ ഷോട്ടിനൊപ്പമുള്ള കുറിപ്പില്‍ കുഞ്ഞില പറഞ്ഞിരുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം: ”ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഈ ഫെസ്റ്റിവല്‍ ഇന്റെ ഉദ്ഘാടന ചിത്രം കാണാന്‍ ഞാന്‍ പോകുന്നുണ്ട്. എന്റെ കയ്യില്‍ പാസ് ഇല്ല. എടുക്കാന്‍ പൈസ ഇല്ലാഞ്ഞിട്ട് ആണ്. ഉദ്ഘാടന ചിത്രം ഒരു സ്ത്രീ സംവിധായികയുടെ ചിത്രമാണ്. സിനിമയെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്. പൈസ ഇല്ലാത്തത് കൊണ്ട് തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എനിക്ക് ഗസ്റ്റ് എന്ന പാസ് തരണം. അത് മുഴുവന്‍ ഫെസ്റ്റിവലിലെ സിനിമകള്‍ കാണാന്‍ എന്നെ അനുവദിക്കുന്ന ഒന്നായിരിക്കണം. കാരണം എനിക്ക് നിഷിദ്ധോ എന്ന താരയുടെ ചിത്രം കാണണം. അതില്‍ എന്റെ സുഹൃത്തായ കനിയുടെ അഭിനയം കാണണം. എന്നെ ഉദ്ഘാടന ചടങ്ങില്‍ ഒരു അതിഥിയായി (പാസ് ഉണ്ടേ) വേദിയില്‍ ഇരുത്തണം. എനിക്ക് പ്രസംഗിക്കാന്‍ അവസരം തരണം. പ്രസംഗത്തില്‍ ഞാന്‍ എന്തുകൊണ്ട് ഈ പോസ്റ്റ് ഇട്ടു എന്ന് വ്യക്തമാക്കും. വേദിയില്‍ ഉള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ – ഈ പോസ്റ്റിലെ ഓരോ വരിയും ഉള്‍പ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച്- അവിടെ വെച്ച് സംവാദത്തിന് തയ്യാറാവണം. സ്‌കൂളുകളില്‍ സംവാദം മത്സരം നടത്താറില്ലേ. അത് പോലെ. അതായത് യുക്തി ലോജിക് റീസണിങ് മാത്രം ഉപയോഗിച്ച് സംവാദം. ചിത്രത്തില്‍ കാണുന്ന മെസ്സേജ് അയച്ചിട്ട് ബ്ലൂ ടിക്ക് വന്നിട്ട് രണ്ട് ദിവസം ആയി എന്നാണ് ഓര്‍മ്മ. മലയാള മനോരമയിലെ ഒരു ജേര്‍ണലിസ്റ്റ് ഇവിടെ ഒരു സ്റ്റോറിക്ക് സാധ്യത ഉണ്ടോ എന്ന് എന്നോട് ചോദിച്ചിരുന്നു. അദ്ദേഹമാണ് എനിക്ക് സംവിധായകന്‍ രഞ്ജിത്തിന്റെ നമ്പര്‍ തന്നത്. ഇത് ചരിത്രപരമായി ഇടത് വിരുദ്ധത ഉള്ള മലയാള മനോരമയില്‍ വരേണ്ട സ്റ്റോറി അല്ല. ഇത് ഏഷ്യാനെറ്റ് ന്യൂസില്‍ വരേണ്ട സ്റ്റോറി ആണ്.”