/indian-express-malayalam/media/media_files/uploads/2023/04/Priyanka-Chopra-Karan-Johar.jpg)
ഭർത്താവ് നിക്ക് ജോനാസിനും മകൾ മാൾട്ടിയ്ക്കുമൊപ്പം ഇന്ത്യയിൽ എത്തിയിരിക്കുകയാണ് ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രിയങ്ക ചോപ്ര. നിക്കിനൊപ്പം നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന പാർട്ടിയിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
അതേസമയം, പാർട്ടിയ്ക്കിടെ കരൺ ജോഹറിനോട് സൗഹൃദം പുതുക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. അടുത്തിടെയാണ്, ബോളിവുഡ് വിട്ട് യുഎസിലേക്ക് പോകാനുള്ള കാരണം പ്രിയങ്ക ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ബോളിവുഡിൽ നിന്ന് ലഭിക്കുന്ന അവസരങ്ങളിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്നും തന്നെ ചിലർ ഒതുക്കാൻ ശ്രമിച്ചുവെന്നുമൊക്കെയാണ് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയത്. "ഞാൻ ബോളിവുഡിൽ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അത്തരമൊരു പൊളിറ്റ്ക്സിൽ ഞാൻ മടുത്തിരുന്നു. ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. സംഗീതം എനിക്ക് ലോകത്തിന്റെ മറ്റൊരു കോണിലേക്ക് പോകാൻ അവസരം നൽകി. എനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഒരുപാട് കാലം ഞാൻ അഭിനയിച്ചിരുന്നു. സംഗീതത്തിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ അമേരിക്കയിലേക്ക് പോവുകയായിരുന്നു."
പിന്നാലെ കരൺ ജോഹറാണ് പ്രിയങ്കയെ വിലക്കിയതെന്ന വെളിപ്പെടുത്തലുമായി കങ്കണ റണാവത്തും എത്തി. “ബോളിവുഡിനെക്കുറിച്ച് പ്രിയങ്കാചോപ്രയ്ക്ക് പറയാനുള്ളത് ഇതാണ്, ആളുകൾ അവളെ കൂട്ടംകൂട്ടി, ഭീഷണിപ്പെടുത്തി, സിനിമയിൽ നിന്ന് പുറത്താക്കി. സ്വപ്രയത്നത്താൽ കരിയർ പടുത്തുയർത്തിയ ഒരു സ്ത്രീയെ ഇന്ത്യ വിടാൻ പ്രേരിപ്പിച്ചു. കരൺ ജോഹർ അവളെ വിലക്കിയിരുന്നുവെന്ന് എല്ലാവർക്കും അറിയാം," എന്നാണ് ഇതിനെ കുറിച്ച് കങ്കണ പറഞ്ഞത്.
പ്രിയങ്ക തന്റെ ഭൂതകാലത്തിലെ തിക്താനുഭവങ്ങളെ ഇപ്പോഴും മനസ്സിൽ കൂടെ കൊണ്ടുനടക്കാതെ കുഴിച്ചുമൂടി കഴിഞ്ഞെന്ന പ്രതീതിയാണ് പ്രിയങ്കയുടെ പെരുമാറ്റം സൂചിപ്പിക്കുന്നത്. പാർട്ടിയിൽ കരണിനെ നേരിട്ട് കണ്ടപ്പോൾ സ്നേഹപൂർവ്വം പെരുമാറാൻ പ്രിയങ്ക മടിച്ചില്ല. യുഎസിലേക്ക് താമസം മാറിയതിന് ശേഷവും കോഫി വിത്ത് കരണിന്റെ രണ്ട് സീസണുകളിൽ പ്രിയങ്ക പ്രത്യക്ഷപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.