കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീകൾക്ക് എഗ്ഗ് ഫ്രീസിങ് എത്രത്തോളം സ്വാതന്ത്ര്യം തരുന്നുവെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മുപ്പതുകളുടെ തുടക്കത്തിൽ തന്നെ താൻ എഗ്ഗ് ഫ്രീസിങ്ങിനു നൽകിയിരുന്നുവെന്നാണ് പ്രിയങ്ക വെളിപ്പെടുത്തുന്നത്. അമ്മ മധു ചോപ്രയുടെ നിർബന്ധത്തെ തുടർന്നാണ് താൻ ഇത്തരമൊരു നടപടിക്രമം തിരഞ്ഞെടുത്തതെന്നും പ്രിയങ്ക വെളിപ്പെടുത്തി. പിന്നീട് നിക് ജൊനാസുമായുള്ള വിവാഹശേഷം 2022ൽ വാടക ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്.
“എനിക്കും എഗ്ഗ് ഫ്രീസിങ് ചെയ്യണമെന്ന് തോന്നി. എന്റെ മുപ്പതുകളുടെ തുടക്കത്തിൽ തന്നെ ഞാനത് ചെയ്തു; എനിക്ക് എന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാൻ ആഗ്രഹമുണ്ടായിരുന്നു, അമ്മയാവും മുൻപ് കരിയറിൽ ഒരു നിശ്ചിത സ്ഥാനത്ത് എത്താൻ ഞാൻ ആഗ്രഹിച്ചു, ” ഡാക്സ് ഷെപ്പേർഡിന് നൽകിയ അഭിമുഖത്തിനിടയിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
“അതു മാത്രമല്ല, ആ സമയത്തൊന്നും എന്റെ പങ്കാളിയെ ഞാൻ കണ്ടെത്തിയിരുന്നില്ല. ഒബ്സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റായ എന്റെ അമ്മയുമായി ആലോചിച്ചാണ് 30കളുടെ തുടക്കത്തിൽ തന്നെ എഗ്ഗ് ഫ്രീസിങിനു നൽകാമെന്ന് ഞാൻ തീരുമാനമെടുത്തത്,” പ്രിയങ്ക കൂട്ടിച്ചേർത്തു.
35 വയസ്സിന് ശേഷം ഗർഭിണിയാകുന്നത് അൽപ്പം ബുദ്ധിമുട്ടാണെന്നും പ്രിയങ്ക പറയുന്നു. “ബയോളജിക്കൽ ക്ലോക്ക് എന്നത് യഥാർത്ഥമാണെന്ന് എന്റെ എല്ലാ ചെറുപ്പക്കാരികളായ സുഹൃത്തുക്കളോടും പറയാൻ ഞാനാഗ്രഹിക്കുന്നു. 35 വയസ്സിനു ശേഷം ഗർഭിണിയാകുന്നതും പ്രസവകാലം പൂർത്തിയാക്കുന്നതുമെല്ലാം വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ജീവിതകാലം മുഴുവൻ ജോലി ചെയ്യുന്ന സ്ത്രീകൾക്ക്. എന്നാൽ ശാസ്ത്രം ഇപ്പോൾ അത്ഭുതകരമായ നിരവധി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിങ്ങൾക്ക് താങ്ങാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് സ്വയം നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണിത്. നിങ്ങൾക്ക് എത്രകാലം വേണമെങ്കിലും കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജോലി ചെയ്യാം, നിങ്ങളുടെ അണ്ഡങ്ങൾക്ക് എന്നും അത് മരവിപ്പിക്കുമ്പോഴുള്ള അതേ പ്രായമായിരിക്കും. നിങ്ങളുടെ കൂടിവരുന്ന പ്രായം അതിനെ ബാധിക്കില്ല,” പ്രിയങ്ക വിശദീകരിച്ചു.
എന്താണ് എഗ്ഗ് ഫ്രീസിങ് ?
“ഒരു സ്ത്രീയുടെ അണ്ഡങ്ങൾ വേർതിരിച്ചെടുക്കുകയും മരവിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് എഗ്ഗ് ഫ്രീസിങ്,” പൂനൈ നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ നിഷ പൻസാരെ പറയുന്നു.
പലവിധ കാരണങ്ങളാൽ ഉടൻ ഗർഭം ധരിക്കാൻ സാധിക്കാത്ത അല്ലെങ്കിൽ താല്പര്യപ്പെടാത്ത ഒരു സ്ത്രീയെ സ്വന്തം അണ്ഡമുപയോഗിച്ചു തന്നെ പിന്നീട് ഗർഭവതിയാകാൻ സഹായിക്കുന്ന ഒരു സംവിധാനമാണിത്. വാടക ഗർഭധാരണത്തിലൂടെയാണെങ്കിലും സ്വന്തം അണ്ഡത്തിൽ നിന്നുതന്നെ പിന്നീട് ഭ്രൂണത്തെ സൃഷ്ടിക്കാൻ ഇതുവഴി സാധിക്കും. പക്വമായ അണ്ഡത്തെ വളരെ താഴ്ന്ന താപനിലയിൽ തണുപ്പിച്ച് ഭാവിയിലേക്കായി സൂക്ഷിക്കുകയാണ് ഈ പ്രക്രിയയിൽ ചെയ്യുന്നത്. ഓസൈറ്റ് ക്രയോപ്രിസർവേഷൻ, ക്രയോബാങ്കിങ് എന്നും ഇതറിയപ്പെടുന്നു.
എഗ്ഗ് ഫ്രീസിങിന്റെ നടപടിക്രമങ്ങൾ
“എഗ്ഗ് ഫ്രീസിങിന് അനുയോജ്യമാണ് നിങ്ങളുടെ അണ്ഡങ്ങൾ എന്നു കണ്ടെത്തിയാൽ അണ്ഡാശയത്തിൽ നിന്ന് അവ ശേഖരിക്കപ്പെടുകയും പിന്നീട് മരവിപ്പിക്കുകയും ചെയ്യും,” എഗ്ഗ് ഫ്രീസിങിന്റെ നടപടിക്രമങ്ങളെ കുറിച്ച് പൂനെയിലെ നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ കരിഷ്മ ഡാഫ്ലെ ഇന്ത്യൻ എക്സ്‌പ്രസ്സ് ഡോട്ട് കോമിനോട് പറഞ്ഞു.
“ഈ അണ്ഡങ്ങൾ പിന്നീട് ഉപയോഗിക്കാനായി സൂക്ഷിക്കുന്നു. നടപടിക്രമം തുടങ്ങും മുൻപു തന്നെ നിങ്ങളെ നിരീക്ഷണങ്ങൾക്കു വിധേയരാക്കും. അണുബാധയോ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്ന ഏതെങ്കിലും ഘടകങ്ങളോ നിങ്ങളിലുണ്ടോ എന്നു കണ്ടെത്തുന്നതിന് ചില പരിശോധനകൾ നടത്തും. ഘട്ടം ഘട്ടമായുള്ള വിലയിരുത്തലിന് ശേഷം നിങ്ങൾ അനുയോജ്യരാണെന്ന് കണ്ടെത്തിയാൽ മാത്രമേ നടപടിക്രമങ്ങൾ ആരംഭിക്കൂ. ഈ നടപടിക്രമം മൂന്ന് ഭാഗങ്ങളായിട്ടാണ് നടപ്പിലാക്കുന്നത്, ” ഡോ കരിഷ്മ വിശദീകരിക്കുന്നു.
ഇതിനായി ആദ്യം അണ്ഡാശയത്തെ ഉത്തേജിപ്പിക്കും. അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്നതിനും ഒന്നിലധികം അണ്ഡങ്ങൾ സൃഷ്ടിക്കുന്നതിനുമായി സിന്തറ്റിക് ഹോർമോണുകൾ സ്ത്രീയിൽ കുത്തിവയ്ക്കപ്പെടും. “പിന്നെ, രക്തപരിശോധനയുടെയും യോനിയിലെ അൾട്രാസൗണ്ടിന്റെയും സഹായത്തോടെ ഫോളിക്കിളുകളുടെ വികസനം വിദഗ്ധൻ പരിശോധിക്കും. സ്ത്രീകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് അണ്ഡാശയ ഫോളിക്കിളുകൾ. അണ്ഡാശയത്തിനുള്ളിൽ ഫോളിക്കിളുകൾ വികസിക്കാൻ കുറച്ച് സമയമെടുക്കും. ബീജസങ്കലനം ചെയ്യാത്ത ഈ മുട്ടകൾ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാവിയിൽ സ്ത്രീ ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സമയത്ത് ഫ്രീസ് ചെയ്തുവച്ച ഈ അണ്ഡങ്ങൾ ഉപയോഗിക്കാം.”
ആർക്കാണ് ഇത് കൂടുതൽ പ്രയോജനകരമാവുക?
മുപ്പതുവയസ്സു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾ, ഉടനടി കുടുംബജീവിതം ആഗ്രഹമില്ലാത്തവർ, കരിയർ കെട്ടിപ്പടുത്തതിനു ശേഷം കുടുംബജീവിതത്തിലേക്കു പ്രവേശിക്കാം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ, കാൻസർ ബാധിച്ച് കീമോതെറാപ്പിയ്ക്കോ ശസ്ത്രക്രിയയ്ക്കോ ഒക്കെ വിധേയരായ സ്ത്രീകൾ, എൻഡോമെട്രിയോസിസ്, അനീമിയ, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) തുടങ്ങിയ അവസ്ഥകളുള്ള സ്ത്രീകൾ എന്നിവർക്കെല്ലാം ഈ നടപടിക്രമം പ്രയോജനകരമാണ്. ഒരു സ്ത്രീക്ക് 35 വയസ്സ് തികയുന്നതോടെ അണ്ഡങ്ങളുടെ എണ്ണവും ഗുണനിലവാരവും ഗണ്യമായി കുറയും. മാത്രമല്ല, മേൽപ്പറഞ്ഞ രോഗാവസ്ഥകളും കാലക്രമേണ അണ്ഡങ്ങളുടെ ഗുണനിലവാരം കുറയാൻ കാരണമാവും.