/indian-express-malayalam/media/media_files/uploads/2021/07/Mohanlal-Priyadarshan-Kalyani.jpg)
ഒന്നിച്ച് സിനിമ സ്വപ്നം കണ്ട കൂട്ടുകാരാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും ഒന്നിച്ച നാല്പത്തിയേഴോളം മലയാളചിത്രങ്ങളുണ്ട്. ഇപ്പോഴിതാ, പ്രിയ ചങ്ങാതിയ്ക്ക് ഒപ്പം തന്റെ മകൾ ആദ്യമായി ഒന്നിച്ച് സ്ക്രീനിലെത്തുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയദർശൻ. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന 'ബ്രോ ഡാഡി' എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. മോഹൻലാലും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം ഇന്നലെയായിരുന്നു.
"ദൈവമെനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എന്റെ അനുഗ്രഹീതനായ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണിയ്ക്കും നന്ദി," എന്നാണ് പ്രിയദര്‍ശൻ കുറിച്ചത്.
"മോഹൻലാൽ എന്ന മനുഷ്യനില്ലെങ്കിൽ പ്രിയദർശൻ എന്ന സംവിധായകനില്ല. എന്നാൽ പ്രിയദർശൻ എന്ന സംവിധായകനില്ലെങ്കിലും മോഹൻലാൽ എന്ന നടനുണ്ടാകുമായിരുന്നു. കയ്യിൽ അതിനുള്ള കോപ്പുണ്ടായിട്ടു കണ്ട സ്വപ്നമല്ല സിനിമ. ഇവനുണ്ടായതുകൊണ്ടു സംഭവിച്ചതാണ്. ഇതു പല തവണ ഞാൻ മക്കളോടും പറഞ്ഞിട്ടുണ്ട്," എന്നാണ് ഒരിക്കൽ മോഹൻലാലിനെ കുറിച്ച് പ്രിയദർശൻ ഒരഭിമുഖത്തിൽ പറഞ്ഞത്.
പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും കല്യാണിയുണ്ട്. എന്നാൽ ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പമാണ് കല്യാണിയ്ക്ക് കോമ്പിനേഷൻ സീനുകൾ ഉള്ളത്.
'ലൂസിഫറി'നു ശേഷം വീണ്ടും സംവിധായകന്റെ റോളിൽ തിളങ്ങുകയാണ് ബ്രോ ഡാഡിയിലൂടെ പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തെലുങ്കാനയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. മോഹൻലാൽ, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരെ കൂടാതെ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Read more: ‘ബ്രോ ഡാഡി, പ്രോ വൈഫി’; സുപ്രിയയ്ക്ക് ഒപ്പം പൃഥ്വി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.