/indian-express-malayalam/media/media_files/uploads/2020/02/kottayam-ramesh-2.jpg)
ചെറിയ വേഷങ്ങളിലൂടെയും 'ഉപ്പും മുളകും' സീരിയലിലൂടെ അച്ഛൻ വേഷത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കോട്ടയം രമേശ് എന്ന കലാകാരൻ. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന ചിത്രത്തിൽ നടൻ സുകുമാരന് ഒപ്പം അഭിനയിച്ച രമേശ് 31 വർഷങ്ങൾക്കിപ്പുറം പൃഥ്വിരാജിനൊപ്പം 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രത്തെയാണ് രമേശ് അവതരിപ്പിച്ചിരിക്കുന്നത്.
രമേശിന്റെ കരിയറിലെ ഈ അപൂർവ്വ നിമിഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്ന അഫ്സൽ കരുനാഗപ്പള്ളി എന്ന തിരക്കഥാകൃത്താണ്. "ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ്മ പങ്കു വെച്ചു. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്. ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്റെ സ്ക്രീൻഷോട്ട് എടുത്തു."
"സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച," അഫ്സൽ കുറിക്കുന്നു.
Read more: അയ്യപ്പനും കോശിയും: ആണ്‍ ഈഗോയുടെ പോരാട്ടങ്ങൾ
പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള കോട്ടയം രമേഷിന്റെ വളർച്ചയെ പ്രതിനിധീകരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.