/indian-express-malayalam/media/media_files/uploads/2021/05/prithviraj-jayasurya.jpg)
മലയാളസിനിമയിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത 'ക്ലാസ്മേറ്റ്സ്'. കലാലയ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേയ്ൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം റിലീസ് കഴിഞ്ഞ് 15 വർഷങ്ങൾ പിന്നിടുമ്പോഴും ആ ക്ലാസ്മേറ്റ്സ് തമ്മിലുള്ള സൗഹൃദം സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും തുടരുകയാണ്.
ഇപ്പോഴിതാ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേയ്ൻ എന്നിവർക്കൊപ്പമുള്ള ഒരു വീഡിയോ കാളിന്റെ സ്ക്രീൻഷോട്ട് പങ്കുവയ്ക്കുകയാണ് ജയസൂര്യ. "കോവിഡ് കാലത്തിന് മുൻപ് സിനിമയിൽ അഭിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഭീകര പ്രവർത്തകർ," എന്നാണ് ജയസൂര്യ കുറിക്കുന്നത്.
"കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തും ഞങ്ങൾ സമാനമായ ഒരു സ്ക്രീൻഷോട്ട് എടുത്തിരുന്നു. ഇത്തവണ വ്യത്യാസമെന്താണെന്നു ചോദിച്ചാൽ, അന്ന് മരൂഭൂമിയുടെ നടുവിൽ ആയിരുന്നെങ്കിൽ, ഇന്ന് ഭാഗ്യവശാൽ ഞാൻ വീട്ടിൽ കുടുംബത്തിനൊപ്പമാണ് എന്നതാണ്, രാജ്യം കഴിഞ്ഞ തവണത്തേക്കാൾ കഠിനമായ ഒരു കോവിഡ് പോരാട്ടത്തിലൂടെ കടന്നുപോവുകയും ചെയ്യുന്നു എന്നതാണ്," പൃഥ്വി കുറിക്കുന്നു. 'ആടുജീവിത'ത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺകാലത്ത് പൃഥ്വി ജോർദ്ദാനിൽ പെട്ടു പോയ സമയത്തായിരുന്നു തന്റെ 'ക്ലാസ്മേറ്റ്സ്' ടീമിനൊപ്പമുള്ള വീഡിയോ കാളിന്റെ സ്ക്രീൻ ഷോട്ട് താരം പങ്കുവച്ചത്.
"ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ. എല്ലാം പെട്ടെന്ന് പഴയതുപോലെയാവുമെന്നും ലോക്ക്ഡൗണുകൾ ഇനിയും ഞങ്ങളെ അകറ്റിനിർത്തില്ലെന്നും പ്രതീക്ഷിക്കുന്നു," എന്നാണ് നരെയ്ൻ കുറിക്കുന്നത്.
മലയാളത്തിലെ ക്യാംപസ് ചിത്രങ്ങളില്‍ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ‘ക്ലാസ്മേറ്റ്സ്’. സുകുവും സതീശന്‍ കഞ്ഞിക്കുഴിയും താരാ കുറുപ്പും റസിയയുമെല്ലാം ഒരിക്കലും ഓര്‍മകളില്‍ നിന്നും മായില്ല. 90-കളുടെ ആരംഭത്തിലെ ക്യാംപസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതായിരുന്നു.
Read more: പൃഥ്വിരാജിനും മകൾ അല്ലിക്കും സമ്മാനമയച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.