/indian-express-malayalam/media/media_files/uploads/2020/05/Prithvi-manju.jpg)
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി, അനന്തഭദ്രം എന്നീ മലയാളം ചിത്രങ്ങളിൽ പൃഥ്വിരാജായിരുന്നു നായകൻ. ഇപ്പോഴിതാ മഞ്ജു വാരിയറെ നായികയാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിലും പൃഥ്വിരാജ് എത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
Read More: സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ; ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് ജയറാം
“മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. പൃഥ്വിയുടെ ഭാഗങ്ങൾ റെക്കോർഡു ചെയ്യുന്നത് ഞങ്ങൾ ഇതിനകം പൂർത്തിയാക്കി, ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ പറയുന്നു. നേരത്തെ അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'മഞ്ചാടിക്കുരു' എന്ന ചിത്രത്തിനും വിവരണം നൽകിയിരുന്നത് പൃഥ്വിയായിരുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലും പൃഥ്വി എത്തിയിരുന്നു.
നേരത്തേ ഓഗസ്റ്റ് സിനിമാസിന്റെ പാർട്‌ണർമാരായിരുന്നു പൃഥ്വിരാജും, സന്തോഷ് ശിവനും. 'ദി ഗ്രേറ്റ് ഫാദർ', 'ഡാർവിന്റ് പരിണാമം' തുടങ്ങിയ സിനിമകൾ ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചതാണ്. കാളിദാസ് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജിൽ തമിഴിലും റിലീസ് ചെയ്യും.
സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.
ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയ്നറാണ് ‘ജാക്ക് ആൻഡ് ജിൽ’. സന്തോഷ് ശിവനും മഞ്ജു വാരിയറും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് ചിത്രം.
വലിയ കാന്‍വാസിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആൻഡ് ജില്‍’ നിര്‍മ്മിക്കുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമായിരിക്കും ‘ജാക്ക് ആൻഡ് ജിൽ’. തമിഴ് പതിപ്പിൽ യോഗി ബാബുവും മുഖ്യ വേഷത്തിൽ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.