/indian-express-malayalam/media/media_files/uploads/2019/01/prithviraj-1.jpg)
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ‘ആടുജീവിത'ത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്നു. ഷൂട്ടിംഗിനായി ജോർദ്ദാനിലേക്ക് പോവാൻ ഒരുങ്ങുകയാണ് പൃഥി എന്നാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ വാർത്ത. ജനുവരി അവസാനത്തോടെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ജോർദ്ദാനു പുറമെ ഈജിപ്തിലും ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്യും.
“വലിയൊരു ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നത്. നാട്ടിൽ ചിത്രീകരിക്കേണ്ട സീനുകൾ എല്ലാം പൂർത്തിയായി. ശേഷിക്കുന്ന മൂന്നു ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. വിവിധ ലൊക്കേഷനുകൾ ഞങ്ങൾ പരിഗണിച്ചു വരുന്നുണ്ട്, അതിലൊന്ന് മൊറോക്കോ ആണ്. ഷൂട്ടിംഗ് കാരണമല്ല സിനിമ വൈകുന്നത്, പ്ലാനിംഗ് പ്രക്രിയയ്ക്ക് വേണ്ടിയെടുക്കുന്ന സമയം മൂലമാണ്. കാലാവസ്ഥപരമായ ഘടകങ്ങൾക്കും തിരക്കഥയിൽ നല്ല റോളുണ്ട്. തെറ്റുകൾ ഇല്ലാതെ വേണം ഓരോ ഷോട്ടും എന്നുള്ളതിനാൽ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്”, എന്നാണ് സിനിമാപ്രവർത്തനങ്ങളുടെ പുരോഗമനത്തെ കുറിച്ച് ബ്ലെസി പറഞ്ഞത്.
Read more: ആടുജീവിതത്തിനായി പൃഥ്വി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്: അമല പോള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ച വെച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
'മീടൂ' വിവാദത്തെ തുടർന്ന് തമിഴകത്തെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കപ്പെടുകയും സിനിമയിൽ അവസരങ്ങൾ നഷ്ടമാകുകയും ചെയ്ത ചിന്മയി ആടുജീവിതത്തിനു വേണ്ടി പാടിയിട്ടുണ്ട്. 'ആടുജീവിത'ത്തിന്റെ സംഗീതം നിർവ്വഹിക്കുന്ന എ.ആര്‍.റഹ്മാന്‍ ആണ് ചിന്മയിയ്ക്ക് ആടുജീവിതത്തിൽ അവവസരം നൽകിയിരിക്കുന്നത്.
Since Rahman sir said it himself, safe to say I have sung a beautiful song in Mr. Blessy’s film. https://t.co/W18PFxAPIx
— Chinmayi Sripaada (@Chinmayi) December 1, 2018
ചിത്രത്തിൽ ഒരു പ്രധാന റോളിൽ അമലാപോളും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമല പോളിന്റെ കാസ്റ്റിംഗ് അനൗൺസ് ചെയ്തത്. “ദേശീയ അവാർഡ് ജേതാവായ ബ്ലെസിയുടെ ആടുജീവിതത്തിൽ സൈനു എന്ന കഥാപാത്രമായി എത്താൻ സാധിക്കുന്നത് ഏറെ വലിയ അംഗീകാരമായി ഞാൻ കാണുന്നു. മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമായി മാറിയ ബെന്യാമിന്റെ ഈ ക്ലാസ്സിക് നോവലിൽ അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ത്രിഡി സാങ്കേതികതയിലൊരുങ്ങുന്ന സിനിമയുടെ തിരക്കഥ അതിമനോഹരമായി തോന്നി,” എന്ന് അമല അഭിപ്രായപ്പെട്ടിരുന്നു.
അതിനിടയിൽ, ബെന്യാമിന്റെ ‘ആടുജീവിത’മെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന രീതിയിലുള്ള വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍, “ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ചിത്രത്തിനായി ഞാൻ കാത്തിരിക്കുകയാണെന്നും 2019 മാര്‍ച്ച് 31 വരെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും” പൃഥ്വി വ്യക്തമാക്കിയിരുന്നു. 2020 ലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.