മലയാള സിനിമയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ചിത്രമാണ് ആടുജീവിതമെന്ന് അമല പോള്‍. തനിക്ക് ഈ ചിത്രം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമാണെന്നും അമല പറഞ്ഞു.

‘നായകനായെത്തുന്നത് പൃഥ്വിയാണ്. സംവിധാനം ചെയ്യുന്നത് ബ്ലെസി സാറാണ്. എ.ആര്‍.റഹ്മാന്‍ സാറുണ്ട്, റസൂല്‍ പൂക്കുട്ടിയുണ്ട്. ഒരുപാട് വലിയ ആളുകളുടെ കൂടെയാണ് ജോലി ചെയ്യുന്നത്. ശരിക്കും ഇതൊരു ലേണിങ് എക്‌സ്പീരിയന്‍സാണ് എന്നെ സംബന്ധിച്ചിടത്തോളം. എനിക്കിതൊരു സ്വപ്‌ന സാക്ഷാത്കാരമാണെ’ന്നും അമല പോള്‍ പറയുന്നു.

പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ആടുജീവിതം എന്നും അമല പോള്‍ പറയുന്നു.

‘പൃഥ്വിയെ പല വേഷങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇതായിരിക്കും പൃഥ്വിയുടെ ബെസ്റ്റ്. അദ്ദേഹം തന്റെ ഹൃദയവും ആത്മാവും ജീവിതം തന്നെയും ഈ ചിത്രത്തിനു വേണ്ടി അര്‍പ്പിച്ചിരിക്കുകയാണ്. വളരെ പാഷനേറ്റായിട്ടുള്ള നടനാണ് പൃഥ്വിരാജ്. എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാള്‍. ഞാനും ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്,’ അമല പോള്‍ പറയുന്നു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ചിത്രീകരണം തീര്‍ന്ന് ആടുജീവിതം തിയേറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുമെന്നും അമല പറഞ്ഞു. ഒരുപാട് പേരുടെ കഷ്ടപ്പാട് ഈ ചിത്രത്തിന്റെ പുറകിലുണ്ടെന്നും അമല പോള്‍ പറഞ്ഞു.

ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കുന്നത്. നജീബ് എന്ന യുവാവിന്റെ പ്രവാസ ജീവിതവും അതിനിടയില്‍ അയാള്‍ കടന്നുപോകുന്ന നരക തുല്യമായ അവസ്ഥകളുമാണ് നോവലിന്റെ ഇതിഹാസം. യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയായിരുന്നു ബെന്യാമിന്‍ ഈ നോവല്‍ എഴുതിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook