/indian-express-malayalam/media/media_files/uploads/2019/07/prithviraj.jpg)
സിനിമയിലെ നായകൻമാർ പറയുന്ന സംഭാഷണങ്ങളും ഡയലോഗുകളും പലപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികൾ നേടാറുണ്ട്. വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്ന വാക്കുകളാൽ സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും കയ്യടികൾ നേടുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം എറണാകുളം സെന്‍റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഹൈബി ഈഡനൊപ്പം പരീക്ഷകളിൽ മികച്ച വിജയം നേടി വിദ്യാർത്ഥികൾക്ക് എംപി അവാർഡ് നൽകാൻ എത്തിയതായിരുന്നു പൃഥ്വിരാജ്.
"ഞാൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്കൂൾ പഠനത്തിനു ശേഷം കോളേജിൽ ചേരുകയും അതു പൂർത്തിയാക്കും മുൻപ് നിർത്തി, സിനിമയിലേക്ക് വരികയും ചെയ്ത ഒരാളാണ്. ഒരു അക്കാദമിക് കരിയർ പിൻതുടരണമെന്ന് ആഗ്രഹിക്കുന്ന ആർക്കും ഞാനൊരു ഉത്തമ ഉദാഹരണമല്ല എന്നു കരുതുന്ന ആളാണ് ഞാൻ.
ഒരിക്കൽ പോലും a2+b2 ഫോർമുല എന്താണെന്ന് നിങ്ങൾക്ക് ജീവിതത്തിൽ ആലോചിക്കേണ്ടി വരില്ല. ആങ്ങനെ നോക്കുമ്പോൾ എന്തിനാണ് ഈ പരീക്ഷ എന്നൊരു ചോദ്യം പ്രസക്തമായി മുന്നിൽ ഉണ്ട്."
"ഒരു പരീക്ഷ അത്രയേ ഉള്ളൂ. ജീവിതത്തിൽ ഓരോ ഘട്ടത്തിലും നമുക്ക് മുന്നിൽ ഓരോ ദൗത്യം ഉണ്ടാവും. നിങ്ങളുടെ ദൗത്യം എന്താണെന്നു വെച്ചാൽ, നിങ്ങൾക്കു മുന്നിലുള്ള അക്കാദമിക് മെറ്റീരിയൽ നന്നായി പഠിച്ച് അതിൽ നിങ്ങളുടെ നൈപുണ്യം തെളിയിക്കുക എന്നതാണ്. ആ ദൗത്യത്തോട് കാണിച്ച പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും കിട്ടുന്ന അംഗീകാരമാണ് നിങ്ങൾക്ക് കിട്ടുന്ന റാങ്കും മാർക്കുമെല്ലാം. ഇനിയും ജീവിതത്തിൽ നിങ്ങൾ മുന്നോട്ടു പോവുമ്പോൾ ഇപ്പോൾ കിട്ടിയ ജോലിയോട് നിങ്ങൾ കാണിച്ച ആറ്റിറ്റ്യൂഡ് അതു ഓർമ്മ വയ്ക്കുക. ഈ മനോഭാവം തന്നെയാണ് ജീവിതത്തിൽ മുന്നോട്ടു വേണ്ടത്. അത് നാളെ ജോലിയുടെ കാര്യത്തിൽ ആണെങ്കിലും കുടുംബജീവിതമാണെങ്കിലും സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു കടമ നിറവേറ്റേണ്ട സാഹചര്യമാണെങ്കിലും ഈ മനോഭാവം കൈവിടാതെ സൂക്ഷിക്കുക," പൃഥ്വിരാജ് പറയുന്നു.
നമ്മുടെ വിദ്യഭ്യാസ രീതിയിലെ കാലാഹരണപ്പെട്ട രീതികൾ മാറേണ്ടതുണ്ടെന്നും പുതിയ കാലത്തിന്റെ കരിയർ ഓപ്ഷനുകളെ കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാകേണ്ടതുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. അക്കാര്യത്തിൽ താൻ ഭാഗ്യവാനായിരുന്നെന്നും സിനിമയാണ് തന്റെ പാഷനെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ തീരുമാനങ്ങൾക്കൊപ്പം അമ്മ കൂടെ നിന്നു എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
റാങ്ക് ജേതാക്കളെയും വിജയികളെയും പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമെത്തിയ താരം, ആ നേട്ടങ്ങൾ കൈവരിക്കാൻ കഴിയാതെ പോയ കുട്ടികൾക്കുള്ള സന്ദേശം കൂടി കൈമാറിയാണ് സദസ്സിന്റെ കയ്യടികൾ നേടിയത്. "ജീവിതം ഒരു സർട്ടിഫിക്കറ്റോ ഒരു ഗ്രേഡോ റാങ്കോ അല്ല," എന്ന് ഓർമ്മപ്പെടുത്തിയാണ് പൃഥ്വിരാജ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Read more: Brother’s Day Teaser: പ്രേംനസീറിനെ അനുകരിച്ച് പൃഥ്വിരാജ്; ‘ബ്രദേഴ്സ് ഡേ’ ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us