‘വെള്ളത്താമര മൊട്ടു പോലെ, വെണ്ണക്കൽ പ്രതിമ പോലെ, കുളിക്കാനിറങ്ങിയ പെണ്ണേ, നിന്റെ കൂടെ ഞാനും വന്നോട്ടെ….’ പാട്ടും പാടി പ്രേംനസീറിനെ അനുകരിക്കുകയാണ് പൃഥ്വിരാജ്. ഷീലയെ അനുകരിച്ച് ധർമജൻ ബോൾഗാട്ടിയുമുണ്ട് കൂടെ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിന്റെ ടീസറിലാണ് പൃഥ്വിരാജ് പ്രേംനസീറിനെ അനുകരിക്കുന്നത്.
പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് നടൻ പ്രസന്നയും ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. തമാശയ്ക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണെന്ന സൂചനകളാണ് ടീസർ സമ്മാനിക്കുന്നത്.
‘ബ്രദേഴ്സ് ഡേ’യില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും കലാഭവൻ ഷാജോൺ പറയുന്നു. ഓണം റിലീസ് ആയാകും ബ്രദേഴ്‌സ് ഡേ തിയേറ്ററുകളില്‍ എത്തുക.
Read more: കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്: ‘ബ്രദേഴ്സ് ഡേ’യില്‍ പൃഥ്വിരാജ് നായകനാകും
തന്റെ പിറന്നാൾ ദിനത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. “രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ!”, എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.