scorecardresearch

Lilli Movie Review: അതിജീവനത്തിന്റെ 'ലില്ലി'

Prasobh Vijayans 'Lilli' Movie Review: ഒരു സ്ത്രീക്ക് തന്റെ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്ന ഏറ്റവും ദുര്‍ഘടമായ എല്ലാ അവസ്ഥകളിലൂടെയും ലില്ലി കടന്നു പോകുന്നുണ്ട്. ഓരോ അവസ്ഥയേയും അവള്‍ അതിജീവിക്കുന്നുമുണ്ട്

Prasobh Vijayans 'Lilli' Movie Review: ഒരു സ്ത്രീക്ക് തന്റെ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്ന ഏറ്റവും ദുര്‍ഘടമായ എല്ലാ അവസ്ഥകളിലൂടെയും ലില്ലി കടന്നു പോകുന്നുണ്ട്. ഓരോ അവസ്ഥയേയും അവള്‍ അതിജീവിക്കുന്നുമുണ്ട്

author-image
Sandhya KP
New Update
Malayalam Thriller Movie Lilli Review

prasobh vijayans directorial debut lilli movie review starring samyuktha menon aaryan krishna menon

Samyuktha Menon, Aaryan Krishna Menon Starrer Lilli Movie Review: സെന്‍സര്‍ ബോര്‍ഡിന്റെ 'എ' സര്‍ട്ടിഫിക്കറ്റോടെയാണ് നവാഗതനായ പ്രശോഭ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലില്ലി ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. സര്‍വൈവല്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് 'ലില്ലി'. അതിജീവനത്തിനായി ഒരു സ്ത്രീ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് 'ലില്ലി'. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്‍സ്, ഇ ഫോര്‍ എക്സ്പിരിമെന്റ്സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisment

ലില്ലിയും (സംയുക്ത മേനോന്‍) ഭര്‍ത്താവ് അജിത്തും (ആര്യന്‍ കൃഷ്ണന്‍ മേനോന്‍) തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ലില്ലിയുടെ പ്രസവത്തിന്റെ ദിവസം അടുത്തു വരികയാണ്. രണ്ടാഴ്ച മാത്രം സമയമുള്ളപ്പോള്‍ പണമുണ്ടാക്കാനായി അധിക സമയം ജോലി ചെയ്യുകയാണ് അജിത്ത്. ലില്ലിക്കൊപ്പം ചെക്കപ്പിനായി ആശുപത്രിയില്‍ പോകാന്‍ പോലും അജിത്തിന് കഴിയുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ അജിത്തിന് അപകടം പറ്റിയെന്ന് അറിയിച്ചു കൊണ്ട് ഒരു ഫോണ്‍ കോള്‍ ലില്ലിയെ തേടിയെത്തുന്നു. പൂര്‍ണ ഗര്‍ഭിണിയായ ലില്ലി തന്റെ കാറില്‍ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്കു തിരിക്കുകയും എന്നാല്‍ വഴിയില്‍ ലില്ലിയെ കുറച്ചു പേര്‍ ചേര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിക്കുകയും, ശേഷം മൂവരും ചേര്‍ന്ന് ലില്ലിയെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു.

Read More: പ്രൊജക്ടർ റൂമിൽ നിന്നും വെള്ളിത്തിരയിലേയ്ക്ക്; 'ലില്ലി'യിലെ വില്ലന്‍റെ ജീവിതം

ഒരു കാടിനുള്ളില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിയ ശേഷം ഒരു പെണ്‍കുട്ടിയുടെ ചിത്രം കാണിച്ച് കുട്ടി എവിടെയെന്ന് ഇവര്‍ ലില്ലിയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ തനിക്കറിയില്ലെന്ന് ലില്ലി പറയുന്നു. പിന്നീടങ്ങോട്ട് ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേര്‍ തമ്മിലുള്ള സംഭാഷണവും രക്ഷപ്പെടാനുള്ള ലില്ലിയുടെ ശ്രമങ്ങളുമാണ്. അവിടെ നിന്ന് പുറത്തു കടക്കാന്‍ തന്നാലാവുന്നതെല്ലാം ലില്ലി ചെയ്യുന്നുണ്ട്. പിന്നീടങ്ങോട്ട് അവിശ്വസനീയമല്ലെങ്കിലും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെയാണ് 'ലില്ലി'യുടെ സഞ്ചാരം.

Advertisment

Samyuktha Menon, Aaryan Krishna Menon Starrer Lilli Movie Review:  ഒരു സ്ത്രീക്ക് തന്റെ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്ന ഏറ്റവും ദുര്‍ഘടമായ എല്ലാ അവസ്ഥകളിലൂടെയും ലില്ലി കടന്നു പോകുന്നുണ്ട്. ഓരോ അവസ്ഥയേയും അവള്‍ അതിജീവിക്കുന്നുമുണ്ട്. ലില്ലിയുടെ ഉള്ളിലെ പോരാളി തോല്‍ക്കാന്‍ തയ്യാറാകുന്നേയില്ല. ഓരോ സ്ത്രീയുടെയും അതിജീവനത്തിനായുള്ള ഈ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് 'ലില്ലി' അവസാനിക്കുന്നത്.

ലില്ലിയുടെ പോസ്റ്ററുകളിലൊന്നില്‍ മുള്‍ക്കിരീടം ധരിച്ച ജീസസ് ക്രൈസ്റ്റിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു നായിക സംയുക്ത പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ലില്ലിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയാണ് അത് സൂചിപ്പിക്കുന്നത്. അവളൊരു സ്ത്രീയാണ്, അമ്മയാണ്, അതിജീവിച്ചവളാണ്. മനുഷ്യരില്‍ പ്രത്യേകിച്ച് സത്രീകളില്‍, അതിജീവന ത്വര കൂടുതലാണെന്ന് പറയാറുണ്ട്. ശാരീരിക ക്ഷമത കൂടുതല്‍ പുരുഷനാണെങ്കിലും സാഹചര്യങ്ങളെ അതിജീവിക്കുന്ന സ്ത്രീകള്‍ ധാരാളമാണ് ചുറ്റുപാടും. ഇക്കാലമത്രയും സിനിമയില്‍ കണ്ടത്ര ശക്തരായ പുരുഷന്മാരെ ജീവിതത്തിലോ ജീവിതത്തില്‍ കണ്ടത്ര ശക്തരായ സ്ത്രീകളെ സിനിമയിലോ കണ്ടിട്ടില്ല, അല്ലെങ്കില്‍ വിരളമായിരുന്നു. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വയലന്‍സും പോരാട്ടവുമാണ് 'ലില്ലി'യിൽ.

Samyuktha Menon, Aaryan Krishna Menon Starrer Lilli Movie Review:  ലില്ലിയായി എത്തിയ സംയുക്ത ഗംഭീര പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചുറ്റുമുള്ളതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലായിരുന്നു ലില്ലിയായുള്ള സംയുക്തയുടെ മാറ്റം. ഗര്‍ഭിണിയുടെ അവശതകളും കഥാപാത്രം വന്നു പെട്ടിരിക്കുന്ന പ്രത്യേക അവസ്ഥയുമെല്ലാം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് സംയുക്താ മേനോന്‍. കണ്ടിരിക്കാന്‍ ഭയമാകുന്ന തരത്തില്‍ തീര്‍ത്തും ഭീതിജനകമായ ഒരു അന്തരീക്ഷത്തിലാണ് ചിത്രം ചുരുളഴിയുന്നത്. ലില്ലിയുടെ ഭര്‍ത്താവായി എത്തിയ ആര്യന്‍ മേനോനും തന്റെ ആദ്യ ചിത്രത്തില്‍ നല്ല പ്രകടനം തന്നെ കാഴ്ച വച്ചു. അജിത് എന്ന കഥാപാത്രത്തിന്റെ രണ്ടു ഗെറ്റപ്പുകളേയും ഭംഗിയായി ആര്യന്‍ അവതരിപ്പിച്ചു.

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ധനേഷ് ആനന്ദിന്റേതാണ്. ക്വട്ടേഷന്‍ ഗുണ്ടയായ രാജേഷ് എന്ന കഥാപാത്രത്തിന്റെ ഉള്ളിലെ വയലന്‍സ് മുഴുവനും ഓരോ ചലനങ്ങളില്‍ പോലും പകര്‍ത്താന്‍ ധനേഷിനായി. കണ്ണന്‍ നായര്‍, സജിന്‍ ചെറുകരയില്‍, കെവിന്‍ ജോസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ശ്രീരാജ് രവീന്ദ്രന്റെ ക്യാമറയും സംസ്ഥാന പുരസ്‌കാര ജേതാവ് അപ്പു ഭട്ടതരിയുടെ എഡിറ്റിങും 'ലില്ലി'ക്ക് മാറ്റേകി. അന്തരീക്ഷത്തിന്റെ ഭീകരത മുഴുവന്‍ ശ്രീരാജ് പകര്‍ത്തിയപ്പോള്‍ അതിനെ ചേരുംപടി ചേര്‍ക്കാന്‍ അപ്പുവിനായിയിട്ടുണ്ട്.

മലയാള സിനിമയിലേക്ക് പ്രശോഭ് വിജയന്‍ എന്ന സംവിധായകന്‍ മാത്രമല്ല വരവറിയിച്ചിരിക്കുന്നത് കരുത്തുറ്റൊരു തിരക്കഥാകൃത്ത് കൂടിയാണ്. ലില്ലി മാത്രമല്ല, പ്രശോഭും അതിജീവിക്കുക തന്നെ ചെയ്യും.

Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: