Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

പ്രൊജക്ടർ റൂമിൽ നിന്നും വെള്ളിത്തിരയിലേയ്ക്ക്; ‘ലില്ലി’യിലെ വില്ലന്‍റെ ജീവിതം

“അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് എന്റെ സിനിമാ ഭ്രാന്ത്. അച്ഛന്‍ ഒരു തിയേറ്ററിലാണ് ജോലി ചെയ്തിരുന്നത്. കുട്ടിക്കാലം മുതലേ അച്ഛന്റെ കൂടെ തിയേറ്ററില്‍ പോകുമായിരുന്നു. അന്നൊക്കെ കൂടുതല്‍ സിനിമകളും പ്രൊജക്ടര്‍ മുറിയിലിരുന്നാണ് കണ്ടിട്ടുള്ളത്”

എറണാകുളം ശ്രീധര്‍ തിയേറ്ററില്‍ നിന്നും ‘ലില്ലി’ നൂണ്‍ ഷോ കഴിഞ്ഞിറങ്ങിയ ധനേഷിനെ കാത്ത് പുറത്ത് വലിയ ജനക്കൂട്ടം. ക്രൂരനായ വില്ലനെ തല്ലാനല്ല, തലോടാനായിരുന്നു ഈ കാത്തിരിപ്പ്. ഒരുപക്ഷെ ഇത്രയും സ്‌നേഹത്തോടെ പ്രേക്ഷകര്‍ ഒരു വില്ലന് ജയ് വിളിക്കുന്നത് ഇതാദ്യമായിരിക്കും. ആവേശത്തോടെ ആളുകള്‍ എടുത്തു പൊക്കിയപ്പോള്‍ സന്തോഷം കൊണ്ട് നിയന്ത്രണം വിട്ട് ധനേഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു ഇത്രയും നാളത്തെ കാത്തിരിപ്പ്. ‘ലില്ലി’ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ രാജേഷിനെക്കുറിച്ചും സിനിമയിലേക്കെത്തിയ, സിനിമാക്കഥകളെ വെല്ലുന്ന തന്റെ ജീവിതത്തെക്കുറിച്ചും ധനേഷ് ആനന്ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട്.

“വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കഷ്ടപ്പാടിനുമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി സിനിമാ സ്വപ്‌നവുമായി എറണാകുളത്ത് ഞാന്‍ അലഞ്ഞു തിരിയാന്‍ തുടങ്ങിയിട്ട്. അഭിനയം എന്ന ലക്ഷ്യത്തോടെ സിനിമയില്‍ ഞാന്‍ ചെയ്യാത്ത പണികളൊന്നുമില്ല. വിഷ്വല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും, എഡിറ്റിങുമാണ് പഠിച്ചത്. ചില സിനിമകളില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. കഷ്ടപ്പാട് എന്താണെന്ന് ശരിക്കും അറിഞ്ഞിട്ടുണ്ട്. പക്ഷെ ഒരു വിശ്വാസത്തിന്റെ മുകളില്‍ മുന്നോട്ടു പോകുകയായിരുന്നു”,  ധനേഷ് പറയുന്നു.

സിനിമയെന്ന കാമുകി

ധനേഷിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത് ‘സിനിമയെ പ്രണയിച്ച ഒരുത്തൻ’ എന്നാണ്. ഓരോ ശ്വാസത്തിലും കടുത്ത പ്രണയം തന്നെയാണ് ഈ ചെറുപ്പക്കാരന് സിനിമ. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

“അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് എന്റെ സിനിമാ ഭ്രാന്ത്. ബാലുശ്ശേരിയിലാണ് വീട്. അച്ഛന്‍ അവിടെ ഒരു തിയേറ്ററിലാണ് ജോലി ചെയ്തിരുന്നത്. കുട്ടിക്കാലം മുതലേ അച്ഛന്റെ കൂടെ തിയേറ്ററില്‍ പോകുമായിരുന്നു. അന്നൊക്കെ കൂടുതല്‍ സിനിമകളും പ്രൊജക്ടര്‍ മുറിയിലിരുന്നാണ് കണ്ടിട്ടുള്ളത്. സ്‌ക്രീനില്‍ താരങ്ങളെ കാണുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ എന്റെ മുഖവും ഇവിടെ തെളിയും എന്ന് ചിന്തിക്കാറുണ്ടായിരുന്നു. പക്ഷെ വീട്ടുകാര്‍ക്ക് അത്ര താല്‍പര്യം ഇല്ലായിരുന്നു. സിനിമയുടെ കഷ്ടപ്പാട് കുറേയൊക്കെ അറിയാവുന്നതുകൊണ്ടായിരിക്കും അച്ഛന്‍ നന്നായി എതിര്‍ത്തിട്ടുണ്ട്. പഠനമൊക്കെ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ഇതിന് ഇറങ്ങിത്തിരിച്ചത്. ആരും സപ്പോര്‍ട്ടായിരുന്നില്ല. പക്ഷെ എനിക്കിത് വെറുമൊരു ആവേശമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരൊക്കെ കൂടെ നിന്നു”.

Read More: Lilli Movie Review: അതിജീവനത്തിന്റെ ‘ലില്ലി’

പണ്ട് സിനിമാ സ്വപ്‌നവുമായി പലരും കോടമ്പാക്കത്തേക്ക് വണ്ടി കയറിയതു പോലെയായിരുന്നു ധനേഷ് എറണാകുളത്തേക്ക് തിരിച്ചത്. എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും ഓഡീഷനുകളില്‍ പങ്കെടുത്തു. മനസ് മടുത്ത സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് ധനേഷ് പറയുന്നു.

“ഒരുപാട് ഓഡീഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. പലതും ഫെയ്ക്ക് ആണെന്ന് പിന്നെ അറിയും. ചിലരൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്നറിയുമ്പോള്‍ വല്ലാതെ വിഷമം തോന്നിയിട്ടുണ്ട്. വേഷം കെട്ടി പലരുടേയും മുമ്പില്‍ നിന്ന് ഓരോരോ പ്രഹസനങ്ങള്‍…, മനസ് ശരിക്കും മടുത്തിട്ടുണ്ട്. എങ്ങനെയെങ്കിലും സിനിമയില്‍ കയറണം എന്ന ആഗ്രഹം കൊണ്ടാണ് അസിസ്റ്റന്റ് ഡയറക്ടറായി കയറിയത്. മൂന്ന് സിനിമകള്‍ ചെയ്തിരുന്നു. ഇതിനിടയിലും ഓഡീഷന് പോകാറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ സന്തോഷമുണ്ട്. ‘ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്’ പോലൊരു ബാനറിന്റെയും സി വി സാരഥി ചേട്ടന്റെയും സപ്പോര്‍ട്ടില്‍ ഒരു സിനിമ ചെയ്യാന്‍ സാധിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്,’ ധനേഷ് പറയുന്നു.

സിനിമയുടെ കാര്യത്തില്‍ നോ കോംപ്രമൈസ്

ഇക്കണ്ട വര്‍ഷങ്ങളത്രയും സിനിമയില്‍ പല മേഖലകളില്‍ ജോലി ചെയ്ത ധനേഷിന് ധാരാളം സിനിമാ സുഹൃത്തുക്കള്‍ ഉണ്ട്. ഒരു ചെറിയ വേഷം തരപ്പെടുത്തുക എന്നത് അത്ര പ്രയാസമുള്ള കാര്യവുമല്ല. പക്ഷെ അതിനായിരുന്നില്ല ഇത്രയും കാലം ഇച്ഛാശക്തി സ്വരുക്കൂട്ടി ഈ ചെറുപ്പക്കാരന്‍ കാത്തിരുന്നത്.

“കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അഹങ്കാരമായി തോന്നിയേക്കാം. ചെറിയ വേഷങ്ങള്‍ വേണ്ടെന്നു വച്ചതു തന്നെയാണ്. എന്റെ പരിചയത്തില്‍ തന്നെ എത്രയോ കഴിവുള്ള ആളുകളുണ്ട് ചെറിയവേഷങ്ങള്‍ ചെയ്ത് ഒതുങ്ങിപ്പോയവര്‍. അതൊക്കെ കാണുമ്പോള്‍ പേടിയുണ്ടായിരുന്നു. അതിനു വേണ്ടിയല്ലല്ലോ ഈ കഷ്ടപ്പെട്ടതൊക്കെ. കുറേ വര്‍ഷമായി ഈ ഫീല്‍ഡില്‍ വന്നിട്ട്. ഒരുപാട് സുഹൃത്തുക്കളുമുണ്ട്. അസിസ്റ്റന്റ് ഡയറക്ടറാക്കാമോ എന്ന് ഞാന്‍ പലരോടും ചാന്‍സ് ചോദിച്ചിട്ടുണ്ട്. പക്ഷെ അഭിനയിപ്പിക്കാമോ, ഒരു ചാന്‍സ് വാങ്ങിത്തരാമോ എന്ന് ചോദിച്ച് ആരെയും പോയി കണ്ടിട്ടില്ല. അത് അഹങ്കാരം കൊണ്ടല്ല. ഓഡീഷന്‍ നടത്തി എന്നെ ഇഷ്ടപ്പെട്ട്, എനിക്ക് അഭിനയിക്കാന്‍ കഴിവുണ്ടെങ്കില്‍ മാത്രം സെലക്ട് ചെയ്താല്‍ മതി. സിനിമയിലെ ഏതെങ്കിലും ഒരു കൂട്ടുകാരനോട് ചോദിച്ചാല്‍ ചാന്‍സ് കിട്ടുമായിരുന്നു. പക്ഷെ അത്തരമൊരു ചെറിയവേഷമല്ലായിരുന്നു എനിക്ക് വേണ്ടത്. ഒരുപാട് സ്‌ക്രീന്‍ സ്‌പേസുള്ള ഒരു വേഷമല്ല, പക്ഷെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ സുരാജേട്ടനൊക്കെ ചെയ്ത വേഷമില്ലേ. രണ്ടു സീനേ ഉള്ളൂ. പക്ഷെ ഏതൊരു അഭിനേതാവും കൊതിക്കുന്ന വേഷമാണത്”, ആത്മവിശ്വാസത്തിന്റെ വാക്കുകള്‍.

ലില്ലിയിലെ രാജേഷാകുന്നത്

സംവിധായകന്‍ പ്രശോഭ് വിജയനുമായി വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് ധനേഷിന്. ഒന്നിച്ച് ഒരുപാട് സിനിമകള്‍ പ്ലാന്‍ ചെയ്യുകയും അതെല്ലാം നടക്കാതാവുകയും ചെയ്ത അനുഭവങ്ങള്‍ ഒട്ടേറെ.

“ഞാനും പ്രശോഭും ആറ് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നവരാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ്. സിനിമ തന്നെയാണ് രണ്ടു പേരുടേയും സ്വപ്നം. അന്നൊന്നും പക്ഷെ ‘നീ സിനിമ ചെയ്യുമ്പോള്‍ അതില്‍ എനിക്കൊരു റോള്‍ ഉണ്ടാകുമോ?’ എന്ന് ഞാന്‍ അവനോട് ചോദിച്ചിട്ടില്ല. ബന്ധങ്ങള്‍ എന്റെ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യാന്‍ താത്പര്യം ഇല്ലായിരുന്നു. പക്ഷെ നമ്മളൊരുമിച്ച് സിനിമ ചെയ്യും എന്നവന്‍ എപ്പോളും പറയാറുണ്ടായിരുന്നു. ‘ലില്ലി’ വന്ന സമയത്ത് പക്ഷെ പ്രശോഭ് പറഞ്ഞു ‘എടാ, ഇതില്‍ നിനക്ക് പറ്റിയ റോള്‍ ഒന്നും ഇല്ല,’ എന്ന്. എനിക്ക് പക്ഷെ സങ്കടമൊന്നും തോന്നിയില്ല. കഥ അറിയാവുന്നതാണ്. എന്റെ ലുക്കിന് പറ്റിയ വേഷം അതിലില്ല എന്ന് അറിയാം. പിന്നെ അവന്‍ തുറന്നു പറഞ്ഞല്ലോ. പക്ഷെ അതിലെ രാജേഷ് എന്ന കഥാപാത്രത്തോട് പ്രശോഭ് പറഞ്ഞുകേട്ട് ഒരു അറ്റാച്ച്‌മെന്റ് ഉണ്ടായിരുന്നു. വില്ലനാണെങ്കിലും ആരും മറക്കാത്ത കഥാപാത്രമാകുമെന്ന് തോന്നിയിരുന്നു. പക്ഷെ ആ വേഷം ചെയ്താല്‍ കൊള്ളാമെന്നൊന്നും ഞാന്‍ അവനോട് പറഞ്ഞില്ല. ഓഡീഷന് ഫോട്ടോയും അയച്ചില്ല. ഒടുവില്‍ ഓഡീഷന്‍ ദിവസം എല്ലാവരും അങ്ങോട്ടു പോകുന്നു ഞാന്‍ മാത്രം ഫ്‌ളാറ്റില്‍ ഇരുന്നു. ഉച്ചവരെ ഇരുന്ന് ബോറടിച്ചപ്പോള്‍ ഞാനും അങ്ങോട്ട് പോയി. അപ്പോള്‍ പ്രശോഭ് തന്നെയാണ് എന്നോട് ഓഡീഷന്‍ ചെയ്ത് നോക്കാന്‍ പറഞ്ഞത്. ആ സമയത്ത് പ്രശോഭ് മാത്രം റൂമില്‍ ഇരുന്നില്ല. അതു കൊണ്ട് എനിക്കും ഒരു കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. പിന്നെ ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം പ്രശോഭ് പറഞ്ഞു ‘നിനക്ക് ഇതില്‍ ഒരു വേഷം ഉണ്ട്’ എന്ന്. ഏതു വേഷമാണെന്ന് പറഞ്ഞില്ല. പിന്നെയാണ് രാജേഷ് ആയി എന്നെ സെലക്ട് ചെയ്തു എന്ന് പറഞ്ഞത്. ആഗ്രഹിച്ച വേഷം കൈയ്യില്‍ കിട്ടിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി,’ വാക്കുകളിലും സന്തോഷം നിറയുന്നു.

ഇത്രയും പാവമായ ധനേഷിന് എങ്ങനെ രാജേഷാകാന്‍ കഴിഞ്ഞു?

“അത് പ്രശോഭിന്റെ മാത്രം കഴിവാണ്. ഒരുപാട് പേരെന്നോട് ചോദിച്ചതാണ് ഈ കഥാപാത്രമായിട്ട് പ്രശോഭ് എങ്ങനെ എന്നെ കാസ്റ്റ് ചെയ്തു എന്ന്. എനിക്കാ കഥാപാത്രമാകാന്‍ കഴിയും എന്നത് പ്രശോഭിന്റെ മാത്രം കോണ്‍ഫിഡന്‍സ് ആണ്. കുറേ പേര്‍ പറഞ്ഞു എനിക്കൊരു വില്ലനാകാന്‍ കഴിയുമോ എന്ന്. ഒരു മാസത്തെ സമയമായിരുന്നു രാജേഷാകാന്‍ എനിക്കുണ്ടായിരുന്നത്. ഒരു സംവിധായകന്‍ നടന്റെ മേല്‍ അര്‍പ്പിക്കുന്ന വിശ്വാസം മാത്രമല്ലത്, ഒരു കൂട്ടുകാരന് മറ്റൊരു കൂട്ടുകാരന്റെ മേലുള്ള വിശ്വാസമാണ്. അത് കാത്തുസൂക്ഷിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. രൂപം കൊണ്ട് കുറേ മാറ്റം വരുത്തി. ഭാരം 10 കിലോ കുറച്ചു. മുഖം ഒട്ടി, താടിയും മുടിയും വളര്‍ത്തി. ഫോട്ടോ അയച്ചു കൊടുത്തപ്പോള്‍ സാരഥിച്ചേട്ടന്‍ പറഞ്ഞു താടി വേണ്ട, എല്ലാ വില്ലന്മാര്‍ക്കും താടിയുണ്ടെന്ന്. അങ്ങനെ അത് കളഞ്ഞു. കാഴ്ചയില്‍ രാജേഷായി.

“നല്ല സമയമെടുത്താണ് സ്വഭാവം കൊണ്ട് രാജേഷായത്. ഞാന്‍ എന്ന വ്യക്തി ഒട്ടുമില്ലാത്ത ക്യാരക്ടര്‍ ആണത്. എല്ലാ കഥാപാത്രത്തെക്കുറിച്ചും കൃത്യമായൊരു ഗ്രാഫ് പ്രശോഭിനുണ്ടായിരുന്നു. പക്ഷെ രാജേഷ് എപ്പോള്‍ എങ്ങനെ ചെയ്യും എന്ന് രാജേഷിന് മാത്രമേ അറിയൂ എന്നാണ് പ്രശോഭ് പറഞ്ഞത്. അത് സിനിമ കണ്ടവര്‍ക്കും അറിയാം. പല ഗ്രാഫിലുള്ള ആളാണ് രാജേഷ്. പെട്ടെന്ന് വൈലന്റാകും പെട്ടെന്ന് കൂളാകും. ഒരാളോട് പെരുമാറുന്ന പോലെയല്ല മറ്റൊരാളോട്. പിന്നെ എപ്പോളും ഓരോ ശബ്ദമുണ്ടാക്കും. പല്ലു കടിച്ചു കൊണ്ടാണ് രാജേഷ് പലപ്പോഴും. അതുമാത്രം എത്ര ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ലായിരുന്നു. അവസാനം ആ ഭാഗം പ്രശോഭ് ഡബ്ബ് ചെയ്തു”, ചിരിച്ചുകൊണ്ട് ധനേഷ് പറയുന്നു.

ലില്ലിയിലെ രാജേഷ് എന്ന കഥാപാത്രമായി ധനേഷ്

‘അവന് അങ്ങനെ തന്നെ വേണം’

ട്രെയിലറും ടീസറും കണ്ടുതുടങ്ങിയപ്പോള്‍ മുതലേ ഈ വില്ലനെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. സിനിമ കണ്ടിറങ്ങിയവരെയും അത്ഭുതപ്പെടുത്തിയത് വില്ലന്‍ തന്നെയാണ്. രാജേഷ് എന്ന വില്ലനെക്കുറിച്ച് ആളുകള്‍ക്ക് പറഞ്ഞു തീരുന്നില്ല.

“ശ്രീധര്‍ തിയേറ്ററിലാണ് ഞങ്ങള്‍ സിനിമ കാണാന്‍ പോയത്. ഇന്റര്‍വെല്‍ സമയത്തൊന്നും ടെന്‍ഷന്‍ കാരണം ഞാന്‍ പുറത്തിറങ്ങിയില്ല. പിന്നെ സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഓരോ ആളുകള്‍ വന്ന് സംയുക്തയെ ഒക്കെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടായിരുന്നു. ടെന്‍ഷന്‍ കാരണം തിരിച്ചു പോയി ഞാന്‍ തിയേറ്ററില്‍ തന്നെ ഇരുന്നു. പതിയെ ഒരു സൈഡിലൂടെ ഇറങ്ങിയപ്പോള്‍ എല്ലാവരും കൂടി എടുത്ത് പൊക്കി. സ്വപ്‌നമാണോ സത്യമാണോ എന്നറിയാതെ ഞാന്‍ ശരിക്കും കരഞ്ഞു പോയി. കുറേ നല്ല ഫീഡ് ബാക്ക് കിട്ടി. സിനിമയുടെ റിലീസിന് മുമ്പൊരു സുഹൃത്ത് വിളിച്ചു ചോദിച്ചു’എടാ, എ സര്‍ട്ടിഫിക്കറ്റ് അല്ലേ? ഞാന്‍ അച്ഛന്റേയും അമ്മയുടേയും കൂടെ കാണണം എന്നാ ആഗ്രഹിച്ചത്. കുഴപ്പമാകുമോ’ എന്ന്. എന്റെ മറുപടി കേട്ട് അവര്‍ പോയി. കണ്ടിട്ട് അവളെന്നെ വിളിച്ചു. അവളുടെ അമ്മയ്‌ക്കെന്നെ അറിയില്ല. ഫ്രണ്ടാണെന്നും അറിയില്ല. എന്റെ സീക്വെന്‍സ് വരുമ്പോളൊക്കെ തിയേറ്ററില്‍ ഇരുന്ന് ‘ഇവനെയൊക്കെ എന്തു ചെയ്യണം’ എന്ന് പറഞ്ഞ് അമ്മ ആകെ പ്രശ്‌നമാക്കി, പിന്നെ എന്നെ ലില്ലി എന്നെ അടിക്കുന്ന സമയത്ത് ‘അവന് അങ്ങനെ തന്നെ വേണം’ എന്നു പറഞ്ഞ് അമ്മ കൈയ്യടിച്ചു എന്ന് പറഞ്ഞു. വല്ലാത്ത സന്തോഷം തോന്നി അതുകേട്ടപ്പോള്‍. എന്നെ അടിക്കുന്ന സമയത്ത് തിയേറ്ററില്‍ മുഴുന്‍ കൈയ്യടിയായിരുന്നുവെന്ന്. നമുക്ക് അടി കിട്ടുമ്പോള്‍ ആളുകള്‍ കൈയ്യടിക്കുന്നത് കാണേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്,’ പൊട്ടിച്ചിരിച്ചുകൊണ്ട് ധനേഷ് പറയുന്നു.

“പിന്നെ അച്ഛന്‍ പണ്ട് ജോലി ചെയ്തിരുന്ന തിയേറ്ററില്‍ പോയാണ് വീട്ടുകാര്‍ സിനിമ കണ്ടത്. പണ്ടൊക്കെ ഞാന്‍ സ്വപ്‌നം കാണാറുണ്ടായിരുന്നു വീട്ടുകാരുടെ കൂടെ ആ തിയേറ്ററില്‍ പോയി എന്റെ സിനിമ കാണുന്ന ദിവസത്തെക്കുറിച്ച്. അവരൊക്കെ ഒരു തവണ കണ്ടു. അമ്മ ഭയങ്കര ഇമോഷണല്‍ ആയി. അച്ഛനും നല്ല അഭിപ്രായം പറഞ്ഞു. വീട്ടില്‍ പോയി അവരുടെ കൂടെ ഒന്നുകൂടെ ‘ലില്ലി’ കാണണം”, സ്വപ്‌നത്തിലെന്നവണ്ണം ധനേഷ്.

സിനിമയോട് കോംപ്രമൈസ് ചെയ്യാതെ കാത്തിരുന്ന ധനേഷിന്റെ ഇച്ഛാശക്തിക്കു മുന്നിലാണ് എല്ലാ തടസങ്ങളും വഴി മാറിയിരിക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍, നായക വേഷങ്ങളിലേക്ക് ധനേഷിന് വിളികള്‍ വന്നു തുടങ്ങി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lilli film actor dhanesh anand interview

Next Story
യെന്തിരൻ 2: ‘ചിട്ടി’യെ കാണാൻ ഐശ്വര്യയെത്തുമോ?Aishwarya Rai Bachchan in Enthiran 2
The moderation of comments is automated and not cleared manually by malayalam.indianexpress.com