/indian-express-malayalam/media/media_files/uploads/2018/06/pranav.jpg)
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരു ബിഗ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. 'ഒപ്പം' സിനിമയ്‌ക്കുശേഷം 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലൂടെ ലാലും പ്രിയനും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തെക്കുറിച്ചുളള വിവരങ്ങൾ പ്രിയദർശൻ പുറത്തുവിട്ടതു മുതൽ ആരാധകർ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത കൂടി പുറത്തുവന്നിരിക്കുന്നു. ഈ സിനിമയിൽ പ്രണവ് മോഹൻലാലും അഭിനയിക്കുന്നു.
പ്രിയദർശൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയിൽ അപ്പുവും ഭാഗമാകുന്നതിൽ സന്തോഷമെന്നായിരുന്നു പ്രിയൻ എഴുതിയത്. യുവാവായുളള കുഞ്ഞാലി മരയ്‌ക്കാരെയാണ് പ്രണവ് അവതരിപ്പിക്കുക.
മോഹൻലാലിന്റെ സിനിമയിൽ പ്രണവ് അഭിനയിക്കുന്നത് ഇതാദ്യമല്ല. തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത 'ഒന്നാമൻ' എന്ന ചിത്രത്തിൽ പ്രണവ് അച്‌ഛന്റെ ബാല്യകാലം അഭിനയിച്ചിരുന്നു. ബാലതാരമായുളള പ്രണവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
നാലു കുഞ്ഞാലി മരയ്‌ക്കാർമാരെക്കുറിച്ചാണ് ചരിത്രത്തിൽ പറയുന്നത്. ഇതിൽ നാലാമന്റെ ജീവിതമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്നതെന്നാണ് വിവരം. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്.
ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ കുഞ്ഞാലി മരയ്‌ക്കാർ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. കുട്ട്യാലി മരയ്‌ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേരെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ടാമനെയും മൂന്നാമനെയും അവതരിപ്പിക്കാൻ ബോളിവുഡിൽനിന്നും കോളിവുഡിൽനിന്നും ചില താരങ്ങൾ എത്തുമെന്നും സൂചനയുണ്ട്. തമിഴ് നടൻ പ്രഭു സിനിമയിൽ ഒരു പ്രധാന വേഷത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.