മോഹൻലാലിനെ നായകനാക്കി കുഞ്ഞാലിമരക്കാർ സിനിമയെടുക്കാനൊരുങ്ങുന്നുവെന്ന് സംവിധായകൻ പ്രിയദർശന്റെ വെളിപ്പെടുത്തലിന് പിന്നാലെ മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം. കേരളപ്പിറവി ദിനത്തിൽ കുഞ്ഞാലി മരക്കാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഷാജി നടേശന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസ് ആണ്.

ടി.പി.രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലും നിന്നും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കടല്‍യുദ്ധം നയിച്ച നാലു കുഞ്ഞാലിമരക്കാര്‍മാരുടെ പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 1498 – ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി നടന്ന ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലിമരക്കാരും പിൻ‍ഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. ഇതിൽ കുഞ്ഞാലി നാലാമന്റെ അവസാനത്തെ യുദ്ധമാണ് മമ്മൂട്ടി ചിത്രം പറയുക.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ കുഞ്ഞാലിമരക്കാർ എന്ന സിനിമയൊരുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിനുവേണ്ടിയുള്ള റിസര്‍ച്ച് പുരോഗമിക്കുകയാണെന്നും പത്തുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാവുമെന്നും പ്രിയദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. പൊതുജനങ്ങള്‍ക്ക് ഏറെ അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഇതുവരെ ശേഖരിക്കാനായിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ ചരിത്രം ഗവേഷണം ചെയ്‌തെടുക്കേണ്ടതുണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി.

മലയാളത്തിൽ കുഞ്ഞാലിമരക്കാർ പശ്ചാത്തലത്തിൽ നേരത്തെയും സിനിമകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടിയെ കുഞ്ഞാലി മരയ്ക്കാരാക്കി അമല്‍ നീരദ് മൂന്ന് വര്‍ഷം മുന്‍പ് തന്നെ ഒരു ബിഗ് ബജറ്റ് ചിത്രം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായില്ല. പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് കേട്ടിരുന്നു. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ മമ്മൂട്ടി കുഞ്ഞാലി മരക്കാറായുള്ള ഒരു ഫോട്ടോ പുറത്ത് വിട്ടിരുന്നു. കണ്ണൂരില്‍ ഒരുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പായിരുന്നു അത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ടി.കെ.രാജീവ്കമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരായി വേദിയിലെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook