scorecardresearch

മോഹന്‍ലാലിനെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ്

മോഹന്‍ലാലിന് എതിരായി താന്‍ എവിടേയും ഒന്നും എഴുതിയിട്ടോ ഒപ്പിട്ടിട്ടോ ഇല്ലെന്നു പറഞ്ഞുകൊണ്ട് ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലും രംഗത്തെത്തി.

മോഹന്‍ലാലിന് എതിരായി താന്‍ എവിടേയും ഒന്നും എഴുതിയിട്ടോ ഒപ്പിട്ടിട്ടോ ഇല്ലെന്നു പറഞ്ഞുകൊണ്ട് ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലും രംഗത്തെത്തി.

author-image
WebDesk
New Update
Prakash Raj, IE Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. താരസംഘടനയായ 'അമ്മ'യുടെ പല നിലപാടുകളോടും തനിക്ക് വിയോജിപ്പുണ്ടായിരുന്നു, അത് നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പുരസ്‌കാര ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും അത്തരമൊരു പ്രസ്താവനയെക്കുറിച്ച് തനിക്കൊന്നും അറിയുകയുമില്ലെന്നും പ്രകാശ് രാജ് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Advertisment

മോഹന്‍ലാലിന് എതിരായി താന്‍ എവിടേയും ഒന്നും എഴുതിയിട്ടോ ഒപ്പിട്ടിട്ടോ ഇല്ലെന്നു പറഞ്ഞുകൊണ്ട് ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലും രംഗത്തെത്തി. തനിക്ക് വാട്ട്‌സ്ആപ്പില്‍ ലഭിച്ച സന്ദേശത്തില്‍ മോഹന്‍ലാലിനെതിരെ എന്ന തരത്തില്‍ ഒരുപരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും, ഇത് മോഹന്‍ലാലിനെതിരെ നടത്തുന്ന ഗെയിം ആണെങ്കില്‍, ചതിക്കപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ഈ സാഹചര്യത്തില്‍ തന്റെ പേര് ഉപയോഗിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും സന്തോഷ് തുണ്ടിയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

പ്രസ്താവന മോഹൻലാൽ എന്ന നടനെതിരെ അല്ലെന്നും, പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാളെ തന്നെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള നീക്കത്തിനെതിരെ ആണെന്നും, നാളെ മമ്മൂട്ടിയെയോ മറ്റേതൊരു നടനേയും ക്ഷണിക്കുന്നതിനോടും ഇതേ എതിർപ്പാണെന്നും സന്തോഷ് തുണ്ടിയിൽ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പ്രസ്താവന ഒരിക്കലും മോഹൻലാൽ എന്ന നടനെതിരെയുള്ള ആക്രമണമായി വളച്ചൊടിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചടങ്ങില്‍ മുഖ്യാതിഥിയായി സിനിമാ താരത്തെ ക്ഷണിക്കുന്നതിനെതിരെ ചലച്ചിത്ര-സാംസ്‌കാരിക-സാഹിത്യ രംഗത്തുള്ള 105 പേര്‍ ഒപ്പിട്ട പ്രസ്താവനയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. എന്‍.എസ് മാധവന്‍, രാജീവ് രവി, റിമ കല്ലിങ്കല്‍, ബീനാ പോൾ, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനൻ, ഡോക്ടർ ബിജു തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു.

Read More: ക്ഷണം ലഭിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഞാനാണ്: മോഹന്‍ലാല്‍

പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറികടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് പ്രതിഷേധക്കുറിപ്പില്‍ ഇവര്‍ അറിയിച്ചിട്ടുണ്ട്.

ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണമെന്നും അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നതെന്നും ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ പേരെടുത്തു പറയാതെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Read More: ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി വേണ്ടെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

വിഷയത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അറിയാത്ത വിഷയത്തില്‍ താനെങ്ങനെ അഭിപ്രായം പറയുമെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

'എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നതു സംസ്ഥാന സര്‍ക്കാരാണ് എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു പോലും പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് ഞാന്‍ എന്താണ് പ്രതികരിക്കേണ്ടത്,' എന്ന് മോഹന്‍ലാല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Mohanlal Prakash Raj Kerala State Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: