സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അറിയാത്ത വിഷയത്തില്‍ താനെങ്ങനെ അഭിപ്രായം പറയുമെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

‘എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നതു സംസ്ഥാന സര്‍ക്കാരാണ് എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു പോലും പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് ഞാന്‍ എന്താണ് പ്രതികരിക്കേണ്ടത്,’ എന്ന് മോഹന്‍ലാല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More: ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി വേണ്ടെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ചടങ്ങില്‍ മുഖ്യാതിഥിയായി സിനിമാ താരത്തെ ക്ഷണിക്കുന്നതിനെതിരെ ചലച്ചിത്ര-സാംസ്‌കാരിക-സാഹിത്യ രംഗത്തുള്ള 105 പേര്‍ ഒപ്പിട്ട പ്രസ്താവനയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. എന്‍.എസ് മാധവന്‍, രാജീവ് രവി, റിമ കല്ലിങ്കല്‍, സന്തോഷ് തുണ്ടിയില്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു.

Read More: മോഹന്‍ലാലിനെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ്

പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറികടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് പ്രതിഷേധക്കുറിപ്പില്‍ ഇവര്‍ അറിയിച്ചിട്ടുണ്ട്.

ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണമെന്നും അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നതെന്നും ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ പേരെടുത്തു പറയാതെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ