/indian-express-malayalam/media/media_files/uploads/2023/06/Prabhas-actor.png)
പ്രഭാസ്
ഓം റൗട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 'ആദിപുരുഷി'ന്റെ ട്രെയിലർ ലോഞ്ച് ചൊവ്വാഴ്ച്ച നടന്നു. നടി കൃതി സനോണിനൊപ്പമാണ് താരം ഫൈനൽ ട്രെയിലർ ലോഞ്ച് ചെയ്യാനെത്തിയത്. ചടങ്ങിനെത്തിയപ്പോൾ ആരാധകർക്കൊപ്പം രസകരമായ സംഭാഷണങ്ങളിൽ മുഴുകുകയും ചെയ്തു പ്രഭാസ്. വർഷത്തിൽ രണ്ടു ചിത്രങ്ങളിലെങ്കിലും താൻ അഭിനയിക്കുമെന്ന് പ്രഭാസ് ആരാധകർക്ക് വാക്കു നൽകുകയുമുണ്ടായി. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മനസ്സു തുറക്കാത്ത പ്രഭാസ് ഇതാദ്യമായി വിവാഹത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്.
പ്രഭാസിന്റെ വിവാഹത്തെക്കുറിച്ച് ആരാധകർ ചോദിച്ചപ്പോൾ എവിടെ വച്ചായിരിക്കും താൻ താലി ചാർത്തുക എന്നതായിരുന്നു താരത്തിന്റെ മറുപടി. "തിരുപതിയിൽ വച്ചായിരിക്കും എന്റെ വിവാഹം" എന്നാണ് പ്രഭാസ് പറഞ്ഞത്. താരത്തിനൊപ്പം വേദിയിൽ നടി കൃതിയുമുണ്ടായിരുന്നു.
ബാഹുബലിയിൽ പ്രഭാസിനൊപ്പം അഭിനയിച്ച അനുഷ്ക ഷെട്ടിയുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മാത്രമല്ല, കൃതി സനോനും പ്രഭാസും പ്രണയത്തിലാണെന്ന് സംശയിപ്പിക്കും വിധത്തിലുള്ള പ്രസ്താവന നടൻ വരുൺ ധവാൻ നടത്തുകയും ചെയ്തു. ഇതിനെ തള്ളി കൊണ്ട് കൃതി തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.
ആദിപുരുഷിന്റെ അവസാന ടീസർ റിലീസ് ചെയ്യുന്നതിനു മുൻപ് പ്രഭാസ്, അണിയറപ്രവർത്തകർക്കൊപ്പം തിരുപ്പതി ക്ഷേത്രം സന്ദർശിച്ചു.
വർഷത്തിൽ രണ്ടു ചിത്രങ്ങളെങ്കിലും ചെയ്യണമെന്ന തീരുമാനത്തെ കുറിച്ചും പ്രഭാസ് ട്രെയിലർ ലോഞ്ചിനിടയിൽ സംസാരിച്ചു. അധികം സംസാരിക്കാതെ ചെയ്യുന്ന പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും പ്രഭാസ് പറഞ്ഞു. "നിങ്ങളാണ് എന്റെ കരുത്ത്, അതുകൊണ്ടു തന്നെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇപ്പോൾ ഞാൻ കൂടുതൽ ചിത്രങ്ങളിൽ പ്രവൃത്തിക്കുന്നുണ്ട്, ഓരോ വർഷവും രണ്ടിൽ കൂടുതൽ ചിത്രങ്ങൾ റിലീസിനെത്തും. സംസാരം കുറച്ച് സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എളുപ്പമായി തോന്നുന്നത് ഈ രീതിയാണ്," ആരാധകരോട് പ്രഭാസ് പറഞ്ഞതിങ്ങനെ. താൻ അഭിനയിക്കുന്ന ചിത്രങ്ങൾ റിലീസിനെത്താൻ വൈകിയാൽ അതു തന്റെ പ്രശ്നമല്ലെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.
ആദിപുരുഷിൽ രാഘവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. "ഇങ്ങനെയൊന്നിൽ പ്രവർത്തിക്കാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. ആദിപുരുഷ് വെറുതെ ഒരു സിനിമയല്ല," പ്രഭാസ് പറഞ്ഞു.
ഇന്ത്യന്‍ ഇതിഹാസം പ്രമേയമായി ഒരുങ്ങുന്ന ത്രിഡി ചിത്രമാണ് 'ആദിപുരുഷ്. 'തന്‍ഹാജി'യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ചിത്രം ഒരുക്കുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'സാഹോ'യ്ക്കും 'രാധേശ്യാമി'നും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് 'ആദിപുരുഷ്' എന്ന ത്രിഡി ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.