കൃതി സാനോനും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. പുതിയ ചിത്രമായ ‘ബേടിയ’യുടെ പ്രമോഷനിടയിലാണ് കൃതി, പ്രഭാസുമായി പ്രണയത്തിലാണെന്ന സൂചന നൽകുന്ന വാക്കുകൾ വരുൺ ധവാൻ പറഞ്ഞത്.
ഒടുവിൽ പ്രചരിച്ച വാർത്തകൾക്കെല്ലാം മറുപടിയുമായി എത്തുകയാണ് കൃതി. “അത് പ്രണയവുമല്ല, പ്രമോഷന്റെ ഭാഗവുമല്ല. ഒരു റിയാലിറ്റി ഷോയ്ക്കിടയിൽ ഞങ്ങളുടെ ‘ബേടിയ’ കുറച്ച് വൈൾടായി മാറി. വരുൺ തമാശയോടെ പറഞ്ഞ കാര്യം പല രീതിയിലാണ് പ്രചരിച്ചത്. ചില മാധ്യമങ്ങൾ എന്റെ വിവാഹ തീയതി പറയുന്നതിനു മുൻപ് ഇതിനുളള വിശദീകരണം അവശ്യമാണെന്ന് തോന്നുന്നു. നിങ്ങൾ കേട്ട വാർത്തകളെല്ലാം അടിസ്ഥാനമില്ലാത്തവയാണ്” കൃതി സോഷ്യൽ മീഡിയയിൽ കുറിച്ചു.

“കൃതിയുടെ ഹൃദയം മറ്റൊരാൾക്ക് വേണ്ടിയുളളതാണ്.അയാൾ ഇപ്പോൾ ദീപികയ്ക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്” എന്നാണ് വരുൺ പറഞ്ഞത്.ദീപികയ്ക്കൊപ്പം ചെയ്യുന്ന ‘പ്രൊജക്ട് കെ’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ പ്രഭാസ്.“എന്തുകൊണ്ടാണ് കൃതിയുടെ പേര് ഒരു ലിസ്റ്റിലും ഉൾപ്പെടാത്തത്” എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വരുൺ, “കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തിലുണ്ട്. പക്ഷെ അയാൾ മുംബൈ സ്വദേശിയല്ല. ഇപ്പോൾ അദ്ദേഹം ദീപികയ്ക്കൊപ്പമാണ് ഷൂട്ട് ചെയ്യുന്നത്” വരുൺ പറയുന്നു. ഇതു കേട്ട് ചിരിക്കുന്ന കൃതിയെയും വീഡിയോയിൽ കാണാം.’ആദിപുരുഷ്’ എന്ന ചിത്രത്തിൽ രാമനും സീതയുമായാണ് പ്രഭാസും കൃതിയും വേഷമിടുന്നത്.