/indian-express-malayalam/media/media_files/uploads/2019/03/PM-Modi.jpg)
ഓമങ്ങ് കുമാർ സംവിധാനം ചെയ്യുന്ന മോദിയുടെ ജീവചരിത്രസിനിമ 'പിഎം നരേന്ദ്രമോദി'യുടെ അവസാനഘട്ട ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 12 നാണ് ചിത്രത്തിന്റെ റിലീസ്. നരേന്ദ്ര മോദിയുടെ ചെറുപ്പക്കാലവും രാഷ്ട്രീയത്തിലേക്കുള്ള യാത്രയുമൊക്കെ പറയുന്ന ചിത്രം തിരഞ്ഞെടുപ്പ് കാലത്തു തന്നെ തിയേറ്ററുകളിലേക്കെത്തുകയാണ്. ഏഴുഘട്ടമായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.
വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിൻ കാര്യേക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. "വളരെ പ്രത്യേകതകൾ ഉള്ള ഒരു ചിത്രമാണിത്, പറയപ്പെടേണ്ട ഒരു കഥയും. വിശ്വാസത്തിന്റെ ഈ കഥ പ്രേക്ഷകരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 130 കോടി ജനങ്ങളിലേക്ക് ഈ കഥ എത്തിക്കാൻ കഴിയുന്നതിൽ സന്തോഷവും ആവേശവുമുണ്ട്," ചിത്രത്തിന്റെ നിർമ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.
ഈ ചിത്രത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അണിയറയില്‍ ശ്രമങ്ങൾ നടക്കുകയായിരുന്നു. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവിൽ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആണ്. ഈ കഥാപാത്രം തന്നെ തേടിയെത്തിയത് ഭാഗ്യമായി കരുതുന്നു എന്നാണ് വിവേക് ഒബ്റോയി കഥാപാത്രത്തെ കുറിച്ച് പ്രതികരിച്ചത്. "ഞാനേറെ ഭാഗ്യം ചെയ്ത വ്യക്തിയാണ്. ഇപ്പോൾ എനിക്ക് 16 വർഷം മുൻപുള്ള എന്റെ 'കമ്പനി' ചിത്രത്തിന്റെ ദിവസങ്ങളാണ് ഓർമ്മ വരുന്നത്. അതേ ആവേശമാണ് ഈ കഥാപാത്രവും എനിക്ക് സമ്മാനിക്കുന്നത്. കാരണം ഇതൊരു നടന് ജീവിതകാലത്തിലൊരിക്കൽ മാത്രം കിട്ടുന്ന വേഷമാണ്. ഈ യാത്രയുടെ അവസാനം ഞാൻ കൂടുതൽ മികച്ച നടനും മികച്ച മനുഷ്യനുമായി തീരണമേയെന്നാണ് എന്റെ പ്രാർത്ഥന. നരേന്ദ്രമോദി ലോകമൊട്ടാകെ അറിയപ്പെടുന്ന വ്യക്തിത്വവും മികച്ച നേതാവുമാണ്, ആ വ്യക്തിത്വവും ഗുണങ്ങളും സ്ക്രീനിൽ കൊണ്ടുവരുക എന്നത് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഈ അവിസ്മരണീയമായ യാത്ര പൂർണമാക്കുവാൻ എനിക്ക് എല്ലാവരുടെയും അനുഗ്രഹം വേണം," എന്നാണ് പോസ്റ്റർ ലോഞ്ചിനിടെ വിവേക് ഒബ്റോയി പറഞ്ഞത്.
പി എം നരേന്ദ്രമോദി എന്നു പേരിട്ടിരിക്കുന്ന ചിത്രം അഹമ്മദാബാദ്, കച്ച്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടെ വിവേക് ഒബ്റോയിക്ക് പരുക്ക് പറ്റിയത് വാർത്തയായിരുന്നു. ചെരിപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടയിൽ മരത്തിന്റെ കൂർത്ത വേരുകൾ കാലിൽ തറച്ചുകയറിയാണ് പരുക്കേറ്റത്. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ ഹര്‍ഷിദ് വാലിയില്‍ വെച്ചായിരുന്നു വിവേകിന് അപകടമുണ്ടായത്.
Read more: മോദിയുടെ ജീവചരിത്ര സിനിമ: ഉത്തര്‍കാശിയില്‍ കൊടും തണുപ്പില്‍ ചെരുപ്പിടാതെ നടന്ന നായകന് പരുക്ക്
ജനുവരി മാസത്തിൽ 23 ഭാഷകളിലായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ റിലീസ് ചെ്തിരുന്നു. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തിൽ മുതിർന്ന നടി സറീന വഹാബ് ആണ് മോദിയുടെ അമ്മയായി അഭിനയിക്കുന്നത്. ടെലിവിഷൻ താരം ബർഖ ബിഷ്ട് നരേന്ദ്രമോദിയുടെ ഭാര്യ യെശോദാ ബെന്നിന്റെ വേഷത്തിലും എത്തുന്നുണ്ട്.
ഈ ബയോപിക് ചിത്രത്തിനു പിറകെ, നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ഒരു വെബ് സീരീസ് കൂടി അണിയറയിൽ റിലീസിംഗിന് ഒരുങ്ങുന്നുണ്ട്. 10 ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന വെബ് സീരീസ് ഒരുക്കുന്നത് ഇറോസ് ഇന്റർനാഷണലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us