പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ബയോപിക് ചിത്രം ‘പിഎം നരേന്ദ്രമോദി’യുടെ ചിത്രീകരണത്തിനിടെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയിക്ക് പരുക്ക്. ചെരിപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടയിൽ മരത്തിന്റെ കൂർത്ത വേരുകൾ കാലിൽ തറച്ചുകയറിയാണ് പരുക്കേറ്റത്. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നത്. ഹര്‍ഷിദ് വാലിയില്‍ വെച്ചായിരുന്നു വിവേകിന് അപകടമുണ്ടായത്. ഡോക്ടറെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനെ തുടർന്ന് ഷൂട്ടിംഗ് പുനരാരംഭിച്ചു.

മോദിയുടെ ജീവിതത്തിലെ ചെറുപ്പക്കാലവും രാഷ്ട്രീയത്തിലേക്കുള്ള യാത്രയുമൊക്കെയാണ് ചിത്രം പ്രധാനമായും പറയുന്നത്. ഗയഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍, ധരാളി ബസാർ- മുഖ്ബ ഗ്രാമം എന്നിവയെ ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലം ചിത്രീകരിക്കുന്നത്. ഹർഷിദ് വാലിയിലെ ഒരു ഗുഹയ്ക്ക് അകത്ത് ചെറുപ്പക്കാരനായ മോദി ധ്യാനത്തിലിരിക്കുന്ന സീൻ ചിത്രീകരിക്കുന്നതിനിടയിലാണ് വിവേകിന് പരിക്കേറ്റതെന്ന് ചിത്രത്തിന്റെ അണിയറക്കാർ വ്യക്തമാക്കുന്നു.

‘മേരികോം’, ‘സരബ്ജിത്ത്’ എന്നീ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അണിയറയില്‍ ശ്രമങ്ങൾ നടക്കുകയായിരുന്നു. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവിൽ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആണ്. ബൊമാൻ ഇറാനി, സുരേഷ് ഒബ്റോയ്, ദർശൻ കുമാർ എന്നു തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. വിവേക് ഒബ്റോയിയുടെ പിതാവായ സുരേഷ് ഒബ്റോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒപ്പം നരേന്ദ്രമോദിയുടെ ഗുരുവായ ദയാനന്ദ് ഗിരിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

ജനുവരി മാസത്തിൽ 23 ഭാഷകളിലായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ റിലീസ് ചെ്തിരുന്നു. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തിൽ മുതിർന്ന നടി സറീന വഹാബ് ആണ് മോദിയുടെ അമ്മയായി അഭിനയിക്കുന്നത്. ടെലിവിഷൻ താരം ബർഖ ബിഷ്ട് നരേന്ദ്രമോദിയുടെ ഭാര്യ യെശോദാ ബെന്നിന്റെ വേഷത്തിലും എത്തുന്നുണ്ട്.

Read more: PM Modi biopic: സറീന വഹാബ് മോദിയുടെ അമ്മയാവുന്നു

“ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ വേഷം ചെയ്യാൻ സാധിക്കുന്നത് ഒരു ആദരവായി കാണുന്നു. ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറെ സ്പെഷൽ ആയൊരു കഥാപാത്രമാണിത്. പ്രേക്ഷകർക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” സറീന വഹാബ് എന്നാണ് തന്റെ അമ്മ വേഷത്തെ സറീന വഹാബ് വിശേഷിപ്പിച്ചത്.

ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണവും പൂർത്തിയായി കഴിഞ്ഞെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഗുജറാത്ത്, ഡൽഹി, ഡെറാഡൂൺ എന്നിവിടങ്ങളിലെ ചിത്രീകരണം ഇതിനകം തന്നെ പൂർത്തിയായി കഴിഞ്ഞു. ചിത്രത്തിന്റെ ടീസർ മാർച്ച് 27 ന് റിലീസ് ചെയ്യും. ഏപ്രിൽ അഞ്ചിനാവും ചിത്രം തിയേറ്ററുകളിലെത്തുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ