/indian-express-malayalam/media/media_files/uploads/2019/07/Mammootty-in-Pathinettam-Padi.jpg)
Mammootty in Pathinettam Padi
Pathinettam Padi movie release: തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന 'പതിനെട്ടാം പടി' ഇന്ന് തിയേറ്ററുകളില്‍. എഴുപതോളം പുതുമുഖങ്ങളും അവര്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, അഹാന, പ്രിയാമണി, മണിയൻപ്പിള്ള രാജു തുടങ്ങിയ പ്രഗത്ഭരും കൈകോർക്കുന്ന ചിത്രമാണ് 'പതിനെട്ടാം പടി'. പേരു കൊണ്ടും ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പു കൊണ്ടുമെല്ലാം വാർത്തകളിൽ നിറഞ്ഞ ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്.
'പതിനെട്ടാം പടി'യെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് അണിയറപ്രവർത്തകരായ ശങ്കർ രാമകൃഷ്ണൻ, ഛായാഗ്രഹകനായ സുധീപ് എളമൺ, സംഗീത സംവിധായകൻ കാഷിഫ്, ചിത്രത്തിലെ അഭിനേതാക്കളായ അഹാന കൃഷ്ണ, പ്രിയാമണി എന്നിവർ.
"ഷാജി നടേശൻ എന്ന നിർമ്മാതാവിന് എഴുത്തുകാരൻ ശങ്കർ രാമകൃഷ്ണനിലുള്ള വിശ്വാസമാണ് 'പതിനെട്ടാം പടി'. മെയിൻ സ്ട്രീം സിനിമയിൽ ഒരിക്കൽ പോലും വന്നിട്ടില്ലാത്ത ഒരു കൂട്ടം ആളുകളെ വെച്ച് ഒരു കൊമേഴ്സ്യൽ സിനിമ ചെയ്യാവോ എന്നായിരുന്നു എന്റെ ഐഡിയ. അതിനിണങ്ങിയ ഒരു കഥ കയ്യിൽ ഉണ്ടായിരുന്നത് 'പതിനെട്ടാം പടി'യാണ്," സിനിമയെ കുറിച്ച് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ സംസാരിച്ചു തുടങ്ങി.
Pathinetttam Padi: എന്താണ് 'പതിനെട്ടാം പടി'?
"പതിനെട്ട് എന്നത് മലയാളികളെ സംബന്ധിച്ച് വളരെ സിമ്പോളിക് ആയൊരു വാക്കാണ്, അതിന്റെ മതപരമായ പ്രതീകങ്ങൾ മാറ്റി നിർത്തിയാൽ കൂടി. ഞാൻ ഹരിവരാസനം കേൾക്കുന്നത് യേശുദാസിന്റെ ശബ്ദത്തിലാണ്, ശബരിമല എന്നു പറയുമ്പോഴത്തേക്കും അയ്യപ്പനും വാവരുമാണ് ഓർമ്മയിൽ വരിക. 18-ാം പടി എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കു വരുന്നത് ശബരിമലയാണെങ്കിൽ കൂടിയും എന്തു കൊണ്ട് 18 എന്നൊരു ചോദ്യമുണ്ട്? എന്തു കൊണ്ട് അത് പതിനഞ്ചോ പതിനേഴോ പതിനാലോ ആയില്ല? 18 എന്താണ് എന്നത് ചെറുപ്പക്കാലം മുതലുള്ള ഒരു മിസ്റ്ററിയാണ്.
ഞാൻ അന്വേഷിച്ചവർ, മുതിർന്നവർ പറഞ്ഞത്, അതൊരു സിമ്പോളിസം ആണെന്നാണ്. അറിവിനെയാണ് അത് പ്രതിനിധീകരിക്കുന്നത്. ഓരോ പടിയും ഓരോ ഗുണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്, നമ്മൾ ഓരോരോ ഗുണങ്ങൾ സ്വായത്തമാക്കിയാണ് മുകളിലോട്ട് കയറുന്നത്. ഓരോ പടി കയറുമ്പോഴും ഞാനതാലോചിക്കും, എനിക്കാ സ്കിൽ കിട്ടിയോ, ഞാൻ അറിഞ്ഞു കൊണ്ടാണോ കയറുന്നത്? അത്തരം ചിന്തകളിൽ നിന്നുമാണ് 'പതിനെട്ടാം പടി'യുടെ പ്രമേയത്തിലെത്തുന്നത്. വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ള രണ്ടു കൂട്ടം കുട്ടികൾ അവരുടെ ജീവിതത്തിന്റെ സാധ്യതകൾ അന്വേഷിക്കുന്നതും ആരാണ് അവരെ ഗൈഡ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളുമാണ് സിനിമ പറയുന്നത്," 'പതിനെട്ടാം പടി' എന്ന പേരിനു പിന്നിലെ ചിന്തയെ കുറിച്ച് ശങ്കർ രാമകൃഷ്ണൻ വിശദീകരിച്ചതിങ്ങനെ.
/indian-express-malayalam/media/media_files/uploads/2019/07/shankar-ramakrishnan.jpg)
വൈൾഡ് ലൈഫ് ഫിലിംമേക്കറും ക്യാമറാമാനുമൊക്കെയായ സുദീപ് ഇളമൺ ആണ് 'പതിനെട്ടാം പടി'യുടെ സിനിമോട്ടോഗ്രാഫർ. ക്യാമറയ്ക്കു മുന്നിലും പിന്നിലും കൂടുതലും പുതുമുഖങ്ങളാണ് 'പതിനെട്ടാം പടി'യെക്കുറിച്ച് സുദീപിന് പറയാനുള്ള ഇതാണ്.
"ആളുകൾ നിറഞ്ഞു നിൽക്കുന്ന ഫ്രെയിമുകളാണ് ചിത്രത്തിൽ കൂടുതലും. സ്ക്രീനിൽ പത്തു പേരുണ്ടെങ്കിൽ ക്യാമറ അവരിൽ ഒരാളായി മാറട്ടെ എന്നാണ് ശങ്കർ സാർ പറഞ്ഞത്. ക്യാമറയും ഒരു കഥാപാത്രമായി മാറണം എന്ന് സംവിധായകനു നിർബന്ധമുണ്ടായിരുന്നു. കഥാപാത്രങ്ങൾ ഓടുമ്പോൾ അവർക്കൊപ്പം ക്യാമറയുമായി ഓടുകയായിരുന്നു ഞാനും. 27 കിലോമീറ്ററോളം ഉൾക്കടലിലേക്കു പോയി ഷൂട്ട് ചെയ്തു. അണ്ടർ വാട്ടർ സീനുകൾ ചെയ്തു, മിലിട്ടറി സീനുകൾ, ഫൈറ്റ് സീനുകൾ, ഇമോഷണൽ സീനുകൾ അങ്ങനെ എല്ലാ മേഖലകളും ഒന്നു സ്പർശിച്ചു പോവാൻ അവസരം തന്ന ചിത്രമാണ് 'പതിനെട്ടാം പടി'.
17000 അപേക്ഷകളിൽ നിന്നും ആയിരത്തോളം പേരെ ഓഡിഷൻ ചെയ്താണ് 70 ഓളം പുതുമുഖങ്ങളെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. രണ്ടു വർഷം നീണ്ടൊരു പ്രക്രിയയായിരുന്നു സിനിമയുടെ പിറകിലെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തുന്നു.
"17000 പേരും എന്റെ കണ്ണിൽ നല്ലതായിരുന്നു, എല്ലാവർക്കും അവരുടേതായ ക്വാളിറ്റിയുണ്ട്. ഞാൻ ചെയ്തത്, ഞങ്ങളുടെ കഥയിതാണ്, ആ കഥാപാത്രങ്ങൾക്ക് ഇണങ്ങുമോ എന്നു തന്നെയാണ് നോക്കിയത്. എന്റെ കഥാപാത്രങ്ങൾക്ക് ഇണങ്ങിയ കുട്ടികളെ കണ്ടെത്തുക മാത്രമായിരുന്നു ഞങ്ങൾ ചെയ്തത്. ടാലൻഡിനെ ഒന്നും നമുക്ക് ജഡ്ജ് ചെയ്യാനോ മാർക്ക് ഇടാനോ പറ്റില്ല," ശങ്കർ രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
/indian-express-malayalam/media/media_files/uploads/2019/04/mammootty-3.jpg)
Mammootty in Pathinettam Padi: മമ്മൂട്ടിയുടെ സാന്നിധ്യം
മമ്മൂട്ടിയെന്ന താരത്തിന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ യു എസ് പിയാവുന്ന ഘടകങ്ങളിലൊന്ന്.
"എന്നെ സംബന്ധിച്ച് ഒരു നടൻ മാത്രമല്ല മമ്മൂട്ടി. ഒരു ഇൻഡസ്ട്രിയുടെ ആറ്റിറ്റ്യൂഡിനെ തന്നെ പ്രതിനിധീകരിക്കുന്ന ഒരാളാണ് അദ്ദേഹം. ബീഥോവന്‍ സിഫംണി പോലെയോ ഡാവിഞ്ചിയുടെ ചിത്രങ്ങൾ പോലെയോ ലോകാത്ഭുതങ്ങൾ പോലെയോ ഒക്കെ പകരം വയ്ക്കാനാവാത്തൊരു സാന്നിധ്യമാണ് മമ്മൂട്ടി. മെയിൻ സ്ട്രീം സിനിമയിൽ ഒരു ഷോട്ട് പോലും അതു വരെ എടുത്തിട്ടില്ലാത്ത ഒരു പുതിയ ഛായാഗ്രാഹകൻ, ആദ്യമായി ഒരു സ്വതന്ത്ര സിനിമ ചെയ്യുന്ന സംവിധായകൻ, പുതിയ കുറേ ടെക്നീഷൻമാരും എഴുപതിലേറെ പുതുമുഖങ്ങളും ഒരു ഭാഗത്ത്, മറുഭാഗത്താവട്ടെ 400 സിനിമകളിലേറെ അഭിനയിച്ച, ഇന്ത്യൻ സിനിമയിൽ എത്രയോ അവാർഡുകൾ വാങ്ങിയിട്ടുള്ള, രാഷ്ട്രപതിയുടെ കയ്യിൽ നിന്നും പുരസ്കാരം വരെ നേടിയ ഒരു നടൻ. അങ്ങനെയൊരാൾ ഇത്തരമൊരു സിനിമയിൽ, ഇതു വരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കൂട്ടം നവാഗതർക്കൊപ്പം അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡും മനസ്സും വിശാലമനസ്കതയും കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മലയാള സിനിമ കൂടുതൽ വളരണമെന്നും ഇത്തരം പ്രൊജക്റ്റുകൾ ഉണ്ടാകണമെന്നും അതിന് ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു എന്നുമുള്ള അദ്ദേഹത്തിനുള്ള നിലപാടും ആഗ്രഹവും കരുതലും കൂടിയാണ് അത്," ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെ കുറിച്ച് സംവിധായകൻ പറയുന്നതിങ്ങനെ.
/indian-express-malayalam/media/media_files/uploads/2019/03/mammootty-1.jpg)
Read more: മമ്മൂട്ടിയുടെ ‘പതിനെട്ടാം പടി’യിലെ ലുക്കിനു പിറകിൽ; ഡിസൈനർ പറയുന്നു
എ ആർ റഹ്മാന്റെ മരുമകനും സംഗീത സംവിധായകനുമായ എ എച്ച് കാഷിഫ് ആണ് 'പതിനെട്ടാം പടി'യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. കാഷിഫ് സംഗീതം നിർവ്വഹിച്ച 'ബീമാപ്പള്ളി' എന്നു തുടങ്ങുന്ന ഗാനം ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഭാഷയായിരുന്നു തനിക്കു മുന്നിലുള്ള പ്രധാന പ്രശ്നമെന്നും എന്നാൽ അതിനെ മറികടക്കാൻ സംവിധായകൻ ഏറെ സഹായിച്ചുവെന്നുമാണ് കാഷിഫിനു പറയാനുള്ളത്.
"രണ്ടു വർഷം മുൻപാണ് ശങ്കർസാർ ചെന്നൈയിൽ വന്നു എന്നോട് സംസാരിക്കുന്നത്. മമ്മൂട്ടി സാറെല്ലാം ഉള്ള ചിത്രമാണെന്നു പറഞ്ഞു. ഞങ്ങൾ ആദ്യം ചെയ്ത ഗാനം 'ബീമാപ്പള്ളി' സോംഗായിരുന്നു. ഭാഷയുടെ പ്രശ്നമായിരുന്നു മുന്നിലുള്ള പ്രധാന ചലഞ്ച്. എന്നാൽ ശങ്കർ സാർ എനിക്ക് ഓരോ സ്റ്റെപ്പും എളുപ്പമാക്കി തന്നു. കൂടുതൽ പൂർണത കൊണ്ടു വരിക എന്ന ചലഞ്ച് മുന്നിൽ കണ്ടാണ് പിന്നീട് മുന്നോട്ടു പോയത്," കാഷിഫ് വ്യക്തമാക്കി.
യുവതാരങ്ങളിൽ ശ്രദ്ധേയായ അഹാനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. " ആനിയെന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഇന്റർനാഷണൽ സ്കൂളിൽ കുറച്ചു ദിവസം പഠിപ്പിക്കാൻ വരുന്ന ഒരു ടീച്ചറുടെ വേഷമാണ് എനിക്ക്. വളരെ ക്ലാസ്സിയായ, പക്വതയുള്ള, അടക്കവും ഒതുക്കവുമുള്ള ഒരു കോട്ടയം പെൺകുട്ടി. എന്നിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആനി. ശങ്കർ ചേട്ടൻ തന്നെയാണ് ഓരോ തവണയും ആ കറക്റ്റ് മീറ്ററിലേക്ക് എന്നെ പിടിച്ചിടുന്നത്," 'പതിനെട്ടാം പടി'യിലെ കഥാപാത്രത്തെ കുറിച്ച് അഹാന പറയുന്നു.
സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനുമായുള്ള ഏറെക്കാലത്തെ പരിചയമാണ് പ്രിയാ മണിയെ ഈ ചിത്രത്തിലേക്ക് എത്തിക്കുന്നത്. ശങ്കര്‍, രഞ്ജിത്തിന്റെ സംവിധാന സഹായിയായിരുന്ന കാലത്തുള്ള പരിചയമാണ് ഇരുവരും തമ്മില്‍. രഞ്ജിത്തിന്റെ സംവിധാനത്തില്‍ ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സൈന്റ്റ്’, ‘തിരക്കഥ’ എന്നീ ചിത്രങ്ങളിലാണ് പ്രിയാ മണി വേഷമിട്ടത്.
അതിഥി വേഷത്തിൽ പ്രിയാമണിയും ചിത്രത്തിലുണ്ട്. “ഈ ചിത്രത്തില്‍ ഒരു അതിഥി വേഷമാണ് എനിക്ക്. കേന്ദ്ര കഥാപാത്രമായ കുട്ടിയുടെ സഹോദരിയുടെ റോള്‍. കാമിയോ വേഷമാണ് എങ്കിലും സിനിമയിലെ ഒരു പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത് ഇവരുടെ കഥാപാത്രത്തിലൂടെയാണ്. ശങ്കറുമായി ചേര്‍ന്ന് സിനിമ ചെയ്യുന്ന കാര്യം കുറച്ചു കാലമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനു മുന്‍പും അദ്ദേഹത്തിന്റെ കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ‘പതിനെട്ടാം പടി’യാണ് ആദ്യം നടന്നത് എന്ന് മാത്രം. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്, ഒരൊറ്റ ദിവസം കൊണ്ടാണ് ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ചുരുങ്ങിയ സമയമാണ് സെറ്റില്‍ ചെലവഴിക്കാന്‍ കിട്ടിയത് എങ്കിലും ഒരു നല്ല എനര്‍ജി അവിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു,” പ്രിയാ മണി പറഞ്ഞു.
Read more: ‘പതിനെട്ടാം പടി’യിലെ കഥാപാത്രം: പ്രിയാ മണി പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.