ശങ്കർ രാമകൃഷ്ണന്റെ പുതിയ ചിത്രം ‘പതിനെട്ടാം പടി’യിലെ മമ്മൂട്ടിയുടെ ലുക്ക് സമൂഹമാധ്യമങ്ങളിലെയും ആരാധകർക്കിടയിലും വൈറലായി കൊണ്ടിരിക്കുകയാണ്. തീർത്തും വേറിട്ട ഗെറ്റപ്പിൽ, കൂടുതൽ ചെറുപ്പം തോന്നിക്കുന്ന ലുക്കിലെത്തി മമ്മൂട്ടി ആരാധകരെ ഞെട്ടിക്കുമ്പോൾ ആ ലുക്കിനു പിറകിൽ  ഡിസൈനറും സ്റ്റൈലിസ്റ്റുമായ അഭിജിത്ത് നായർ എന്ന ചെറുപ്പക്കാരനാണ്.

ഒാഫ് വൈറ്റ് ലിനൻ ഷർട്ടും മാറ്റ് ബ്ലാക്ക് കോട്ടൺ ഷ്രഗ്ഗും ലീയുടെ ഡെനിം ജീൻസും വൈൽഡ് ക്രാഫ്റ്റ് ബൂട്ട്സും അണിഞ്ഞാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.  ലണ്ടനിൽ നിന്നും നാട്ടിലെത്തുന്ന ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ‘പതിനെട്ടാം പടിയിൽ’ അവതരിപ്പിക്കുന്നത്.  കഥാപാത്രത്തിനിണങ്ങിയ രീതിയിൽ പേസ്ററൽ ഷേഡുകളിലുള്ള കോസ്റ്റ്യൂമാണ് മമ്മൂട്ടിയ്ക്കു വേണ്ടി അഭിജിത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്.

സ്ട്രീറ്റ് ഫാഷൻ ലുക്കിനൊപ്പം പോണിടെയ്ൽ  ഹെയർ സ്റ്റൈലും അലക്ഷ്യമായ നോട്ടവും  കൂടിച്ചേരുമ്പോൾ ഇതുവരെ കാണാത്ത ഒരു മമ്മൂക്കയെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകരും.  അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മമ്മൂട്ടിയുടെ മാസ് ലുക്ക് ഫോട്ടോയ്ക്ക് റെക്കോർഡ് ലൈക്കാണ് ലഭിച്ചിരിക്കുന്നത്. ട്രോൾ ഗ്രൂപ്പുകളും താരത്തിന്റെ ലുക്ക് ഏറ്റെടുത്തു കഴിഞ്ഞു.

‘കേരളകഫേ’യ്ക്ക് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിനെട്ടാം പടി’. തമിഴ് താരം ആര്യയും പൃഥിരാജും ടൊവിനോ തോമസുമെല്ലാം ചിത്രത്തിൽ സർപ്രൈസ് സാന്നിധ്യമായി എത്തുന്നുണ്ടെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട്  ചെയ്യുന്നു. എന്നാൽ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. ആഗസ്ത് സിനിമയുടെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കും.

പ്രേക്ഷകർ ആകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മധുരരാജ’യാണ് ഉടനെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന മമ്മൂട്ടിചിത്രം. മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ് എന്റർടെയ്നർ ആണ് ‘മധുരരാജ’. മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘മധുരരാജ’ എത്തുന്നത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം. 116 ദിവസം നീണ്ടു നിന്ന ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്.

അന്ന് കൈകോർത്ത് പൃഥി, ഇന്ന് ജയ്; മമ്മൂട്ടിയുടെ ‘മധുരരാജ’ വിഷുവിനെത്തും

മമ്മൂട്ടിക്ക് പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്‌കൃഷ്‌ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘മധുരരാജ’യിൽ മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നതും അഭിജിത്ത് ആണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ