/indian-express-malayalam/media/media_files/uploads/2019/04/mammootty-3.jpg)
മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും അതിഥിവേഷത്തിലെത്തുന്നു, പ്രിയാമണി,അഹാന കൃഷ്ണ, മനോജ് കെ ജയൻ, മണിയൻപിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്നു, 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റർ ആർട്ടിസ്റ്റുകളും കൈകോർക്കുന്നു-ഇങ്ങനെ നിരവധിയേറെ പ്രത്യേകതകളുള്ള ചിത്രമാണ് ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പതിനെട്ടാംപടി'.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രം വിദ്യഭ്യാസ രംഗത്തെ കീഴ്‌വഴക്കങ്ങളെ കുറിച്ച് പുതിയ ദിശാബോധം നൽകാനാണ് ശ്രമിക്കുന്നത്. അടിസ്ഥാന വിദ്യഭ്യാസം ക്ലാസ്സ് മുറികളിൽ നിന്നല്ല, പുറത്തുള്ള സമൂഹത്തിൽ നിന്നുമാണ് തുടങ്ങുന്നതെന്ന കഥാതന്തുവാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഏപ്രിൽ 17 ന് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജൂൺ അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മുൻപ് ടൊവിനോ തോമസും ചിത്രത്തിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടൊവിനോയുടെ റോളാണ് ഉണ്ണി മുകുന്ദനിൽ എത്തിയിരിക്കുന്നതെന്നാണ് സൂചന.
പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫറായ കെച്ച കെംബഡികയുടെ കീഴിൽ ചിത്രത്തിലെ പുതുമുഖതാരങ്ങൾക്ക് വേണ്ടി ആക്ഷൻ ക്യാമ്പും മുൻപ് സംഘടിപ്പിച്ചിരുന്നു. കെച്ച മാസ്റ്ററും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടേഴ്സ്. എ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാഷിഫ് ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സുദീപ് ഇളമൺ ഛായാഗ്രഹണവും ഭുവൻ ശ്രീനിവാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
Read more:മമ്മൂട്ടിയുടെ ‘പതിനെട്ടാം പടി’യിലെ ലുക്കിനു പിറകിൽ; ഡിസൈനർ പറയുന്നു
ഓഗസ്റ്റ് സിനിമയ്ക്ക് വേണ്ടി ഷാജി നടേശൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'പതിനട്ടാം പടി'. ശങ്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ആദ്യമായി സംവിധാനം നിർവ്വഹിച്ച 'കേരള കഫേ'യിലെ ഒരു ചിത്രത്തിനു പുറമെ 'ഉറുമി', 'നത്തോലി ഒരു ചെറിയ മീനല്ല', 'മൈ സ്റ്റോറി' തുടങ്ങിയ സിനിമകളുടെ തിരക്കഥയും ശങ്കർ രാമകൃഷ്ണന്റേതായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.