/indian-express-malayalam/media/media_files/uploads/2019/05/Parvathy-2.jpg)
മലയാളികളുടെ മനസില്‍ ഇന്നും മായാത്ത ദുഃഖമാണ് നഴ്‌സ് ലിനി. നിപ കാലത്ത് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുകയും ഒടുവില്‍ പനി ബാധിച്ച് ലോകത്തോട് വിട പറയുകയും നിസ്വാര്‍ത്ഥതയുടെ പര്യായമായി മാറുകയും ചെയ്ത മാലാഖ. ലിനി മരിച്ച് മൂന്നാം ദിവസം നടി പാര്‍വ്വതി തന്നെ വിളിക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ്.
'ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് 'സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി' എന്ന വാക്കുകള്‍ ആണ്. പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ' ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം' എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി,' സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Read More: 'ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്'; അന്ന് ശൈലജ ടീച്ചർ പറഞ്ഞത്
ലിനിയുടെ മരണ ശേഷം ഇതുവരെ താന്‍ സിനിമയൊന്നും കണ്ടിട്ടില്ലെന്നും എന്നാല്‍ 'ഉയരെ' എന്ന പാര്‍വ്വതി ചിത്രം എന്തായാലും കാണുമെന്നും സജീഷ് പറയുന്നു. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും പാര്‍വ്വതി എന്ന വ്യക്തിയെ നേരിട്ടറിയാവുന്നതുകൊണ്ടും തീര്‍ച്ചയായും ചിത്രം കാണുമെന്നാണ് സജീഷ് പറയുന്നത്.
മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഉയരെ. പല്ലവി എന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായാണ് പാർവ്വതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു.
നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി മരിച്ചിട്ട് ഇക്കഴിഞ്ഞ മെയ് 21ന് ഒരു വർഷം കഴിഞ്ഞു. നിപ വൈറസിന് ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചിത്രം ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. പാർവ്വതിയും വൈറസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്. ജൂണ്‍ ഏഴിനായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.