സഹോദരിയുടെ ഒരുദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന് വേണ്ടി ഫെയ്‌സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ഉടനടി ചികിത്സ ഉറപ്പ് വരുത്തിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് കൈയ്യടിക്കുകയാണ് സൈബര്‍ ലോകം. അതിനൊപ്പം തന്റെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നിപ കാലത്ത് ജീവന്‍ നഷ്ടപ്പെട്ട നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതൂര്‍.
Read More: ‘അമ്മയിനി തിരിച്ചു വരില്ലെന്ന് ഞാന്‍ പറഞ്ഞു, ശരിയെന്ന് പറഞ്ഞ് അവന്‍ തലയാട്ടി’
‘നിപ കാലത്ത് റിതുലിനും സിദ്ധാര്‍ത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങള്‍ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോള്‍ ടീച്ചറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസോലോഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കള്‍ക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാര്‍ത്ത ആയിരുന്നു. ഈ ഒരു അവസരത്തില്‍ മക്കള്‍ക്ക് പനി മാറിയതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചര്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും മറക്കില്ല.’
‘ടീച്ചറുടെ വാക്കുകള്‍ ‘ മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവര്‍ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്‌സര്‍വേഷന്‍ കഴിഞ്ഞെ വിടാന്‍ കഴിയു. ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്. അവര്‍ക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതല്‍ ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്’,’ ഫെയ്‌സ്ബുക്കിലാണ് സജീഷ് തന്റെ അനുഭവം കുറിച്ചിട്ടത്.
Read More: ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന
നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പെ കാര്യങ്ങള്‍ മനസിലാക്കാനും നടപ്പിലാക്കാനും കഴിയുന്ന ആളാണ് ശൈലജ ടീച്ചറെന്നും, ടീച്ചറുടെ സ്‌നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് തങ്ങള്‍ക്ക് കരുത്തായി നിന്നതുമെന്ന് സജീഷ് പറയുന്നു.
സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജിയാസ് മാടശ്ശേരിയുടെ കമന്റ്. വൈകാതെ തന്നെ ഇതിന് ആരോഗ്യമന്ത്രിയുടെ മറുപടിയും വന്നു.
Read More: ‘സർക്കാർ ഒപ്പമുണ്ട്’; സോനയുടെ ചികിത്സ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി
രക്താര്‍ബുദത്തോട് പൊരുതി പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിയെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. ‘ടീച്ചറേ… വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ കിംസ് അല്‍ഷിഫയില്‍ എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്രയിലോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു. മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടര്‍ പറഞ്ഞു. ടീച്ചറേ… എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു’ – ഇതായിരുന്നു യുവാവിന്റെ കമന്റ്.

കുഞ്ഞിന്റെ കാര്യം ആരോഗ്യ വകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോര്‍ഡിനേറ്ററോടും സംസാരിച്ചിട്ടുണ്ട്, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുഞ്ഞിന്റെ ഓപ്പറേഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തിയതായും അറിയിച്ചു.
തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്കായി കുഞ്ഞിനെ രണ്ട് മണിക്കൂര്‍ കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്നും കൊച്ചിയില്‍ എത്തിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു.