/indian-express-malayalam/media/media_files/uploads/2023/01/Golden-Globe-2023.jpg)
ന്യൂഡല്‍ഹി: എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്കര്‍ നോമിനേഷന്‍. ബെസ്റ്റ് ഓറിജിനല്‍ സോങ് വിഭാഗത്തിലാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.
അപ്ലോസ് (ടെല്‍ ഇറ്റ് ലൈക്ക് എ വിമന്‍), ഹോള്‍ഡ് മൈ ഹാന്‍ഡ് (ടോപ് ഗണ്‍ മാവറിക്ക്), ലിഫ്റ്റ് മി അപ്പ് ( ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍), ദിസ് ഈസ് എ ലൈഫ് (എവിരിത്തിങ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) എന്നിവയാണ് ബെസ്റ്റ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ച മറ്റ് ഗാനങ്ങള്‍.
നടൻ ആലിസൺ വില്യംസും നടനും റാപ്പറും നിർമ്മാതാവുമായ റിസ് അഹമ്മദും ചേര്‍ന്നാണ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. കാല ഭൈരവ, എം എം കീരവാണി, രാഹുൽ സിപ്ലിഗഞ്ച് എന്നിവരാണ് "നാട്ടു നാട്ടു" എന്ന ഗാനത്തിന്റെ വ്യക്തിഗത നോമിനികൾ. നേരത്തെ, എആർ റഹ്മാനും ഗുൽസാറും സ്ലംഡോഗ് മില്യണയറിലെ "ജയ് ഹോ" എന്ന ഗാനത്തിന് മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ജേതാക്കളായിരുന്നു.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.
ഇന്ത്യൻ ഡോക്യുമെന്ററി ഷോർട്ട് ഫിലിം ദി എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ നോമിനേഷൻ നേടി. ഹോളൗട്ട്, ഹൗ ഡു യു മെഷര്‍ എ ഇയര്‍, ദി മാര്‍ത്ത മിച്ചല്‍ എഫക്ട്, സ്ട്രേഞ്ജര്‍ അറ്റ് ദി ഗേറ്റ് എന്നിവയാണ് പ്രസ്തുത വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ മറ്റ് ഡോക്യുമെന്ററികള്‍.
Truth-seeking on a shorter timeline. Presenting the nominees for Documentary Short Subject… #Oscars#Oscars95pic.twitter.com/kM3sDkoC5R
— The Academy (@TheAcademy) January 24, 2023
കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത, 41 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തമിഴ്‌നാട്ടിലെ മുതുമല ടൈഗർ റിസർവിലെ രണ്ട് അനാഥരായ ആനകളെ പരിചരിക്കുന്ന ഒരു കുടുംബത്തിന്റെ ജിവിതകഥയാണ് പറയുന്നത്. ഗുനീത് മോംഗയും അച്ചിൻ ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഷൗനക് സെന്നിന്റെ ഡോക്യുമെന്ററി ഫിലിം ഓൾ ദാറ്റ് ബ്രീത്ത്സ് മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്കർ നോമിനേഷൻ നേടി. പരുക്കേറ്റ പക്ഷികളെ പരിചരിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന സഹോദരങ്ങളായ മുഹമ്മദ് സൗദിനെയും നദീം ഷെഹ്‌സാദിന്റേയും ജീവിതമാണ് ഡോക്യുമെന്ററി പറയുന്നത്.
ഓള്‍ ദി ബ്യൂട്ടി ആന്‍ഡ് ദി ബ്ലഡ്ഷെഡ്, ഫയര്‍ ഓഫ് ലവ്, എ ഹൗസ് മെയിഡ് ഓഫ് സ്പ്ലിന്റേഴ്സ്, നാവല്‍നി എന്നിവയാണ് പ്രസ്തുത വിഭാഗത്തില്‍പ്പെട്ട നോമിനേഷന്‍ ലഭിച്ച മറ്റ് ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിമുകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.