ഈ ചിത്രത്തിലെ കുട്ടിയെ മനസ്സിലായോ? ഉലകനായകൻ കമൽഹാസന്റെയും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ അനുഗൃഹീത അഭിനേത്രി സരികയുടെയും മകളായ ശ്രുതി ഹാസനാണ് ഈ കുട്ടി. ശ്രുതി തന്നെയാണ് തന്റെ ഈ കുട്ടിക്കാലചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
നാലാം വയസ്സിൽ സിനിമയിലേക്ക് എത്തിയവരാണ് കമൽഹാസനും സരികയും. ബാലതാരങ്ങളായി എത്തി പിന്നീട് നായകനും നായികയുമൊക്കെയായി മാറുകയായിരുന്നു ഇരുവരും. ഇരുവരും പിന്നീട് വിവാഹിതരായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വിവാഹമോചനം നേടി.
അച്ഛന്റെയും അമ്മയുടെയും വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് ശ്രുതി ഹാസൻ ആണ്. സഹോദരി അക്ഷര ഹാസനും ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. ഗായിക എന്ന രീതിയിലും ശ്രദ്ധേയയാണ് ശ്രുതി. തന്റെ ആറാമത്തെ വയസ്സിൽ, കമൽ ഹാസൻ അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ പാടി കൊണ്ടായിരുന്നു ശ്രുതി ഗായിക എന്ന രീതിയിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി. വിവിധ ചിത്രങ്ങളിലായി ഇതുവരെ മുപ്പതോളം ഗാനങ്ങൾ ശ്രുതി ആലപിച്ചിട്ടുണ്ട്.
തമിഴ് ചിത്രമായ ഹേ റാം എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു ശ്രുതിയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. ലക്ക്, ഏഴാം അറിവ്, ഓ മൈ ഫ്രണ്ട്, 3, ഗബ്ബാർ സിംഗ്, ഡി ഡേ, തേവർ, വെൽക്കം ബാക്ക്, പ്രേമം,ലാഭം, വീര സിംഹ റെഡ്ഡി എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും ശ്രുതി വേഷമിട്ടിട്ടുണ്ട്.
പ്രതിഭാധരരായ അഭിനേതാക്കളുടെ മകളെന്ന നിലയിൽ അഭിനയത്തിലേക്ക് പ്രവേശിക്കുമ്പോൾ സമ്മർദ്ദങ്ങളുണ്ടായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരിക്കൽ ശ്രുതി നൽകിയ ഉത്തരവും ശ്രദ്ധേയമാണ്. “സമ്മർദ്ദമില്ലായിരുന്നു. കാരണം, ഇതെന്റെ ജീവിതമാണ്. ഞാനെന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് ചുവടു വെച്ചത്, അവരുമായി ഒരു താരതമ്യപ്പെടുത്തലോ മത്സരമോ സാധ്യമല്ല. അവർ രണ്ടു പേരും നാലാം വയസ്സിൽ അഭിനയ ലോകത്തേക്കു വന്നവരാണ്. ആ അനുഭവങ്ങളോടും പ്രതിഭയോടും മത്സരിക്കാന്‍ എനിക്കാവില്ല. എനിക്കറിയാം, അവരുമായി പലരും എന്നെ താരതമ്യപ്പെടുത്താറുണ്ട്. പക്ഷേ, അതിനൊന്നും ഞാനത്ര പ്രാധാന്യം കൊടുക്കുന്നില്ല. മകളെന്ന രീതിയിൽ അവരെന്നെ കുറിച്ച് അഭിമാനിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നുള്ളൂ. എന്റെ ജോലിയിൽ ഞാൻ കാണിക്കുന്ന സമര്‍പ്പണവും കഠിനാധ്വാനവും അവർക്ക് അഭിമാനം നൽകുന്നുമുണ്ട്,”എന്നായിരുന്നു ശ്രുതിയുടെ മറുപടി.