/indian-express-malayalam/media/media_files/uploads/2019/04/Oru-Yamandan-Premakadha-Dulquer-Salmaan-Malayalam-Movie-Comedy-salim-kumar.jpg)
Actor Salim Kumar on his character in upcoming Dulquer Salmaan movie Oru Yamandan Premakadha
Oru Yamandan Premakadha: മമ്മൂട്ടിയുടെ 'മധുരരാജ'യിലെ എഴുത്തുകാരന്‍ മനോഹരന്‍ മംഗളോദയത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘ഒരു യമണ്ടൻ പ്രേമകഥ’യിലെ പാഞ്ചിക്കുട്ടൻ മേസ്തിരിയായി എത്തുകയാണ് മലയാളത്തിന്റെ പ്രിയ ഹാസ്യ താരം സലിം കുമാർ.
'ദിതാണ് നുമ്മ മാരക മേസ്തിരി പാഞ്ചികുട്ടൻ' എന്നാണ് ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ അണിയറ പ്രവർത്തകർ ക്യാരക്ടർ പോസ്റ്ററിൽ സലിം കുമാറിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. പാഞ്ചിക്കുട്ടൻ ആശാനും സഹപണിക്കാരായ ലല്ലുവും വിക്കിയും ടെനി സെബാസ്റ്റ്യനും ചേരുമ്പോഴുള്ള മേളമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ നൽകുന്ന സൂചന.
"പാഞ്ചിക്കുട്ടൻ എന്ന പെയിന്റ് കോൺട്രാക്ടറുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഞാനവതരിപ്പിക്കുന്നത്. പാഞ്ചിക്കുട്ടന്റെ ശിഷ്യന്മാരിൽ ഒരാളാണ് ദുൽഖറിന്റെ ലാലു. ദുൽഖർ, സൗബിൻ, വിഷ്ണു, ഞാൻ- ഞങ്ങൾ നാലു പേരാണ് ചിത്രത്തിലെ കോമ്പിനേഷൻ. ആ ഗ്യാങ്ങിന്റെ ബോസ്സ് എന്നു വിശേഷിപ്പിക്കാവുന്ന, കുറച്ചു വ്യത്യസ്തമായൊരു കഥാപാത്രമാണ് പാഞ്ചിക്കുട്ടൻ," ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹാസ്യവേഷങ്ങളിൽ തിളങ്ങുന്ന സലിം കുമാർ പറയുന്നു.
"ദേശീയ അവാർഡ് കിട്ടിയതിനു ശേഷം കൂടുതലും അത്തരത്തിലുള്ള സിനിമകളും ഗൗരവമുള്ള കഥാപാത്രങ്ങളുമൊക്കെയായിരുന്നു കൂടുതലും വന്നു കൊണ്ടിരുന്നത്. ഇപ്പോൾ വീണ്ടും കോമഡി കഥാപാത്രങ്ങൾ ധാരാളമായി വരുന്നുണ്ട്. പിന്നെ ആ പഴയ ഐറ്റം നമ്മുടെ കയ്യിൽ തന്നെ ഇരിപ്പുണ്ടല്ലോ. അതൊന്നു പൊടിതട്ടി മിനുസപ്പെടുത്തി ഇറക്കിയാൽ പോരേ?," ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സലിം കുമാര്‍ ചോദിക്കുന്നു
Read more: സിനിമ തന്ന ജീവിതം; സലിം കുമാർ സംസാരിക്കുന്നു
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ‘ഒരു യമണ്ടൻ പ്രേമകഥ’യിൽ. ഏപ്രിൽ 25 നാണ് ചിത്രം റിലീസിനെത്തുന്നത്.
ചിത്രത്തിൽ ലല്ലു എന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പെയിന്റു തൊഴിലാളിയുടെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്. ‘ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റർടെയ്നർ ആണ്. ഇതാദ്യമായാണ് ഒരു മുഴുനീള കോമഡി എന്റർടെയിനർ ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ്. ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിനും വിഷ്ണുവും ചേർന്നൊരുക്കുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായും ഇരുവരുമെത്തുന്നുണ്ട്.
Read more: Oru Yamandan Premakadha: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ എത്തുമ്പോൾ
സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സലീം കുമാർ, സൗബിൻ സാഹിർ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിച്ചിരിക്കുന്നത്. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും സി ആർ സലീമും ചേർന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.