ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുഴുനീള ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചും തിയേറ്ററുകളെ പൊട്ടിച്ചിരിപ്പിച്ചും പഴയ ഫോമിലേക്ക് തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയതാരം സലിം കുമാർ. അസുഖവും ചികിത്സയുമൊക്കെയായി ഏതാണ്ട് നാലു വർഷത്തോളം മലയാളസിനിമയിൽ നിന്നും മാറിനിന്ന താരത്തിന്റെ രണ്ടാംവരവ് കൂടിയാണ് ഇതെന്നു പറയാം. അഭിമുഖത്തിനായി പറവൂരിലെ ‘ലാഫിംഗ് വില്ല’യെന്ന താരത്തിന്റെ വീട്ടിലെത്തുമ്പോൾ ‘മധുരരാജ’യിലെ തന്റെ കൗണ്ടറുകളെല്ലാം പ്രേക്ഷകർ കയ്യടികളോടെ സ്വീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു താരം. തന്റെ പുതിയ ചിത്രം ‘ഒരു യമണ്ടൻ പ്രേമകഥ’ റിലീസിനൊരുങ്ങുമ്പോൾ സിനിമാ വിശേഷങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് താരം.

മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ‘മധുരരാജ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ദുൽഖറിനൊപ്പം അഭിനയിച്ച ‘ഒരു യമണ്ടൻ പ്രേമകഥ’ റിലീസിനൊരുങ്ങുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹാസ്യവേഷങ്ങളിൽ തിളങ്ങുകയാണല്ലോ?

ദേശീയ അവാർഡ് കിട്ടിയതിനു ശേഷം കൂടുതലും അത്തരത്തിലുള്ള സിനിമകളും ഗൗരവമുള്ള കഥാപാത്രങ്ങളുമൊക്കെയായിരുന്നു കൂടുതലും വന്നു കൊണ്ടിരുന്നത്. ഇപ്പോൾ വീണ്ടും കോമഡി കഥാപാത്രങ്ങൾ ധാരാളമായി വരുന്നുണ്ട്. പിന്നെ ആ പഴയ ഐറ്റം നമ്മുടെ കയ്യിൽ തന്നെ ഇരിപ്പുണ്ടല്ലോ. അതൊന്നു പൊടിതട്ടി മിനുസപ്പെടുത്തി ഇറക്കിയാൽ പോരേ? (ചിരിക്കുന്നു)

‘ഒരു യമണ്ടൻ പ്രേമകഥ’യിൽ മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പാഞ്ചിക്കുട്ടൻ എന്ന പെയിന്റ് കോൺട്രാക്ടറുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാഞ്ചിക്കുട്ടന്റെ ഒപ്പമുള്ള ഒരു പണിക്കാരനാണ് ദുൽഖറിന്റെ കഥാപാത്രം. ദുൽഖർ, സൗബിൻ, വിഷ്ണു, ഞാൻ- ഞങ്ങൾ നാലു പേരാണ് ചിത്രത്തിലെ കോമ്പിനേഷൻ. ആ ഗ്യാങ്ങിന്റെ ബോസ്സ് എന്നു വിശേഷിപ്പിക്കാവുന്ന, കുറച്ചു വ്യത്യസ്തമായൊരു കഥാപാത്രമാണ് പാഞ്ചിക്കുട്ടൻ.

‘ഒരു യമണ്ടൻ പ്രേമകഥ’യിൽ ദുൽഖർ സൽമാനും സൗബിൻ ഷാഹിറിനുമൊപ്പം സലിം കുമാർ

ഒമ്പത് വർഷങ്ങൾക്ക് മുൻപ് ചെയ്തൊരു കഥാപാത്രത്തെ വീണ്ടും സ്ക്രീനിൽ അവതരിപ്പിക്കുകയാണ് ‘മധുരരാജ’യിൽ. എങ്ങനെയുണ്ടായിരുന്നു ആ അനുഭവം?

കരിയറിൽ ആദ്യമായാണ് ഞാനിങ്ങനെ ഒരു കഥാപാത്രത്തെ സെക്കന്റ് പാർട്ടിലും അവതരിപ്പിക്കുന്നത്. ആദ്യഭാഗത്തു നിന്നും കുറച്ചുകൂടെ വ്യത്യാസമുണ്ട്, ‘മധുരരാജ’യിൽ എത്തുമ്പോൾ. ‘പോക്കിരിരാജ’യേക്കാളും നല്ല മനോഹരനാണ് ‘മധുരരാജ’യിൽ. ആദ്യ ഭാഗത്തേക്കാളും കൂടുതൽ അഭിനയിക്കാനും തമാശകളും കൗണ്ടറുകളുമൊക്കെ രണ്ടാം ഭാഗത്തിൽ ഉണ്ട്. പോക്കിരിരാജയിലെ എന്റെ കഥാപാത്രത്തേക്കാളും നന്നായിട്ടുണ്ട് ഇത്തവണ എന്നാണ് സിനിമ കണ്ട് വിളിച്ച പ്രേക്ഷകരൊക്കെ പറഞ്ഞത്.

സിനിമയിൽ നിന്നും ഇടയ്ക്കൊരു ബ്രേക്ക് എടുത്തിരുന്നല്ലോ?

അതെ, നാലുവർഷത്തോളം. അസുഖവും ചികിത്സയുമൊക്കെയായി മാറി നിന്നതായിരുന്നു. ഇപ്പോൾ എല്ലാം ഓകെ ആയി. സിനിമയിൽ നിന്നു മാറി നിന്നപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. ഞാൻ ആ അവസ്ഥയോട് പെട്ടെന്ന് തന്നെ താദാത്മ്യം പ്രാപിച്ചു. സിനിമയിൽ നിന്ന് എന്തായാലും ഒരിക്കൽ മാറിനിൽക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. ആ സമയമാവും ഇതെന്ന് വിശ്വസിച്ച് മുന്നോട്ടുപോയി.

ആ ഇടവേളയിൽ അസുഖം പെരുപ്പിച്ചുള്ള വാർത്തകളും വ്യാജ മരണവാർത്തകളുമൊക്കെ ധാരാളമായി പ്രചരിച്ചിരുന്നല്ലോ. അതിനെയൊക്കെ എങ്ങനെയാണ് നോക്കി കണ്ടത്? വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അത്തരം പ്രവണതകളെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്?

ആ സമയത്ത് ഞാൻ മരിച്ചു എന്ന രീതിയിലുള്ള മരണവാർത്തകൾ നിറയെ വന്നിരുന്നു. ഈ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ അവർക്കും ഒരു മരണമുണ്ടെന്ന് ഓർക്കാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് വസ്തുത. താൻ മാത്രം ചിരഞ്ജീവി ആണെന്ന ഒരു തോന്നലോടെയാണ് പലപ്പോഴും ഇത്തരം പ്രചരണം. ഞാനത് മൈൻഡ് ചെയ്യാൻ പോയില്ല. പറയുന്നവർ പറയട്ടെ എന്നു വിചാരിച്ചു. എനിക്ക് ചെയ്യാൻ ധാരാളം ജോലികൾ ഉണ്ടായിരുന്നു. എത്ര പേരാണ് എന്നെ വിളിച്ചതെന്നറിയോ, മരിച്ചോ എന്നു ചോദിച്ചിട്ട്. എന്തു വിഡ്ഡിത്തരമാണത്. നല്ല മനസ്സുള്ള ഒരാൾക്ക് ഒരു വ്യാജ മരണവാർത്ത ആഘോഷിക്കാൻ പറ്റില്ല, അത്തരമൊരു വാർത്ത ഷെയർ ചെയ്യാൻ കൂടി തോന്നില്ല.

മറ്റൊരുവന്റെ മരണം നമുക്ക് ആനന്ദമായിരിക്കാം, അതായിരിക്കാം അങ്ങനെയൊക്കെ ചെയ്യുന്നത്. ആരെങ്കിലും മരിച്ചെന്നു കേൾക്കുമ്പോൾ അയ്യോ പാവം എന്നൊക്കെയാണ് നമ്മളും പറയുക. നാളെ നമ്മളെ കുറിച്ച് മറ്റുള്ളവർ പറയുന്ന ഡയലോഗുകൾ ആണിതെന്ന് ഓർക്കില്ല. അല്ലെങ്കിൽ ഒന്നു ഓർത്തു നോക്കൂ, ഒരാളുടെ പതനമാണ് ഒരർത്ഥത്തിൽ മരണം. മരണത്തോടെ ഒരാൾ ഈ ഭൂതലത്തിൽ നിന്ന് ഇല്ലാതായി പോവുകയാണ്. ഒരു മരണത്തിന് അത്രയും ആളുകൾ തടിച്ചുകൂടുന്നു എന്നു വെച്ചാൽ അത്രയും ആളുകൾ അവന്റെ പതനം കാണാൻ വന്നു എന്നു കൂടിയാണ്. ഒരു പിച്ചക്കാരൻ മരിച്ചാൽ ഇത്രപേര് കൂടുമോ? അവന്റെ പതനം കാണാൻ ആർക്കും താൽപ്പര്യമില്ല എന്നാണ്.

Read more:കേരളത്തിലെ ട്രോളന്‍മാരോട് പറയാനുള്ളത്: സലിം കുമാര്‍

ഇടയ്ക്ക് പൊക്കാളി കൃഷിയും മീൻ വളർത്തലുമൊക്കെയായി കൃഷിയിലും സജീവമായിരുന്നല്ലോ?

ഉണ്ടായിരുന്നു. പ്രളയത്തോടെ മീൻകൃഷിയൊക്കെ പോയി. പ്രളയം നല്ല രീതിയിൽ ബാധിച്ചിരുന്നു, പൂന്തോട്ടം ഒക്കെ കണ്ടില്ലേ.എല്ലാം നശിച്ചു. എല്ലാം പഴയതുപോലെയാക്കി എടുക്കുകയാണ്. ഈ വീടൊരു അഭയാർത്ഥി കേന്ദ്രം പോലെ ആയിരുന്നു. അയൽവക്കത്തുള്ളവരുമൊക്കെയായി ഞങ്ങൾ അമ്പതോളം ആളുകൾ​ ഒന്നാം നിലയിലും മുകൾ നിലയിലുമൊക്കെയായാണ് കഴിഞ്ഞു കൂടിയത്. വലിയൊരു അനുഭവമായിരുന്നു അത്. ഞങ്ങൾക്ക് വേണമെങ്കിൽ മദ്രാസിലേക്കോ മറ്റെവിടെക്കെങ്കിലുമൊക്കെ പോവാമായിരുന്നു. പക്ഷേ അപ്പോഴേക്കും അടുത്ത വീടുകളിലെ ആളുകളൊക്കെ അഭയം തേടിയെത്തി.

ഞാൻ മക്കളോട് പറഞ്ഞു, ഇതിനിടയിൽ മരിച്ചുപോയാൽ അതു നമ്മുടെ വിധി. രക്ഷപ്പെടുകയാണെങ്കിൽ കോടിക്കണക്കിന് രൂപ കൊടുത്താലും ഇത്തരമൊരു അനുഭവം കിട്ടാൻ പോണില്ല എന്ന്. ഇനി അതുപോലൊരു പ്രളയം ഉണ്ടാവരുതെന്നാണ് പ്രാർത്ഥന. എത്ര ആളുകളാണ് പൊലിഞ്ഞു പോയത്.

Read more: പ്രളയത്തിൽ അകപ്പെട്ട് സലിം കുമാർ വീട്ടിൽ കുടുങ്ങി, സഹായം അഭ്യർത്ഥിച്ച് നടൻ

ശബരിമല പോലുള്ള സാമൂഹിക വിഷയങ്ങളിലും ശക്തമായ അഭിപ്രായങ്ങൾ ഉന്നയിച്ചിരുന്നല്ലോ. അത്തരം തുറന്ന അഭിപ്രായങ്ങൾ പലപ്പോഴും ശത്രുക്കളെ സമ്മാനിക്കുകയല്ലേ ചെയ്യുന്നത്? വിമർശനങ്ങളെയൊക്കെ എങ്ങനെയാണ് നേരിടുന്നത്?

അഭിപ്രായം പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് അതു കേൾക്കുന്നവനും ഒരു അഭിപ്രായമുണ്ടെന്നാണ്. സ്വാഭാവികമായും അവരും അഭിപ്രായം പറയും. അതു കേൾക്കുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല, അല്ലെങ്കിൽ നമ്മൾ പറയാതിരിക്കണം. എല്ലാവർക്കും അവരുടേതായ നിലപാടുകൾ കാണും. നമ്മുടെ ശരി മറ്റൊരാൾക്ക് ശരിയായിരിക്കണമെന്നില്ല.

നമ്മൾ നിലപാടുകൾ അഭിപ്രായങ്ങളായി തുറന്നു പറയുന്നു. അത് അനുകൂലിക്കുന്നവരുണ്ടാകും, പ്രതികൂലിക്കുന്നവരുണ്ടാകും. സോഷ്യൽ മീഡിയയിൽ പലപ്പോഴും മോശം വാക്കുകൾ ഉപയോഗിച്ചാണ് ആളുകൾ അഭിപ്രായപ്രകടനങ്ങളെ നേരിടുന്നത്. അത് അവരുടെ സംസ്കാരം എന്നേ പറയാൻ കഴിയൂ.

പോസിറ്റീവ് ആയ ക്രിട്ടിസിസത്തെ ഞാനെപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. ശരിക്കും അതാണ് നമുക്ക് ഷോക്ക് ആവുക. അത്തരം കമന്റുകൾ ചിലപ്പോൾ നമ്മുടെ തെറ്റുകളെ കറക്റ്റ് ചെയ്താൻ പ്രേരിപ്പിച്ചെന്നും വരും. അല്ലാത്തവയൊക്കെ നമ്മൾ അവജ്ഞയോടെ തള്ളി കളയുകയേയുള്ളൂ.

സിനിമയിൽ വന്നിട്ട് 22 വർഷങ്ങൾ പൂർത്തിയാക്കുന്നു. 300 ഓളം സിനിമകളിൽ അഭിനയിച്ചു. മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. മികച്ച നടനുള്ള ദേശീയ അവാർഡും സ്റ്റേറ്റ് അവാർഡും നേടി. ഹാസ്യ കഥാപാത്രങ്ങൾ, വില്ലൻ റോളുകൾ, നായക വേഷങ്ങൾ എന്നിവയെല്ലാം ചെയ്തു. അഭിനയജീവിതത്തിൽ ഇനിയും സാക്ഷാത്കരിക്കാൻ ബാക്കി നിൽക്കുന്ന ഒരു മോഹമോ സ്വപ്നമോ ഉണ്ടോ?

ഒന്നുമില്ലെന്നതാണ് സത്യം. ഇങ്ങനെ അങ്ങ് മുന്നോട്ട് പോവണം,​ അത്രയേ ഉള്ളൂ. ഇനിയുള്ളതെല്ലാം ബോണസാണ്. അതുകരുതി ഞാൻ ട്രൈ ചെയ്യാതിരിക്കുന്നില്ല. നല്ല രീതിയിൽ വായിക്കുന്നുണ്ട്, എന്റെ ഭാഗത്തു നിന്നുള്ള അധ്വാനമൊക്കെ ഇപ്പോഴും അതുപോലെ തന്നെയുണ്ട്.

എന്റെ സഹപ്രവർത്തകരോട് ആരോടും ശത്രുതയില്ല. അവരുടെ വളർച്ചയിൽ അസൂയയില്ല. ആളുകൾ വളർന്നു വരുന്നതിൽ സന്തോഷമേയുള്ളൂ. ഞാനായിട്ട് മാറി നിന്ന വർഷങ്ങളേ സിനിമയിൽ നിന്നുണ്ടായിട്ടുള്ളൂ, എന്നെ ആരും മാറ്റി നിർത്തിയിട്ടില്ല. അതെന്റെ മനസ്സിന്റെ നന്മയാണെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ ഞാനൊരു അഭിനയപ്രതിഭയായതിന്റെ പേരിലൊന്നും അല്ല. ആർക്കും മോശം ചെയ്തിട്ടില്ല, സ്വാഭാവികമായും അപ്പോൾ നമുക്കും നല്ലതു വരുമല്ലോ, അല്ലെങ്കിൽ ഇതൊരു സത്യമില്ലാത്ത ലോകമായി പോവില്ലേ?

മറ്റൊരാൾ വരുന്നത് തനിക്കു ഭീഷണിയാകുമോ എന്നാണ് പൊതുവേ പലർക്കും ഭയം. ആരു വന്നാലും എന്നെ സംബന്ധിച്ച് ഞാനത് മൈൻഡ് ചെയ്യുന്നില്ല. ലോകത്ത് എന്തെല്ലാം മാറ്റങ്ങൾ നടക്കുന്നു. കാലചക്രം എന്നൊരു സംഭവമുണ്ട്. അതിന്റെ അടിയിൽ പെടാതെ ആർക്കും പോവാൻ പറ്റില്ല. അതൊക്കെ നമ്മൾ മനസ്സിലാക്കിയിരിക്കണം എന്നേയുള്ളൂ.

നമ്മുടെ യാത്രയിൽ കൈ തന്നു സഹായിച്ച നിരവധിയേറേ പേരുണ്ട്, നമുക്ക് പിറകെ വന്നവർക്കു നേരെയും ആ കൈനീട്ടി സഹായിച്ചിട്ടേയുള്ളൂ. ഇപ്പോഴും അതുതന്നെയാണ് ചെയ്യുന്നത്. എന്റെ അടുത്ത് ഒരാൾ ചാൻസ് ചോദിച്ചുവന്നാൽ, അയാളെ എവിടെയെങ്കിലും ഉൾപ്പെടുത്താവുന്ന ഒരു അവസരമുണ്ടെങ്കിൽ അതിനു ശ്രമിക്കാറുണ്ട്. എന്റെ മൂന്നു പടങ്ങളിലും പുതുമുഖങ്ങൾക്ക് ആണ് കൂടുതലും ചാൻസ് കൊടുത്തത്.

Read more: ചരിത്രം അടയാളപ്പെടുത്താതെ പോയവരുടെ ജീവിതവുമായി സലീം കുമാർ വരുന്നു

പുതിയ സംവിധാന സംരംഭം ഉടനെ പ്രതീക്ഷിക്കാമോ?

മൂന്ന് സിനിമ പിടിച്ച കടമുണ്ട്. അത് തീർന്നിട്ട് വേണം അടുത്തത് പിടിക്കാൻ. എന്തായാലും ഇനിയും വരും ഞാൻ, അതുറപ്പാണ്. (ചിരിക്കുന്നു) പൈസ കളയാൻ ഉള്ള പടങ്ങളാണ് ഞാൻ കൂടുതൽ പിടിച്ചത്. എന്റെ പടം നൂറുദിവസം ഓടി കാശ് തിരിച്ച് കിട്ടണമെന്ന് എനിക്കാഗ്രഹമുണ്ട്, പക്ഷേ എന്തു ചെയ്യാനാണ് അത്തരത്തിലുള്ള കഥകൾ എന്റെ കയ്യില്ലില്ല. അല്ലെങ്കിൽ അതല്ല എന്റെ സിനിമ. എനിക്ക് അത്തരം സിനിമകൾ ആത്മസംതൃപ്തി നൽകില്ല.

എന്റെ മനസ്സിനിഷ്ടപ്പെട്ട സിനിമകളാണ് ഞാൻ സംവിധാനം ചെയ്തിട്ടുള്ളത്. അല്ലാതെ എന്തു കാര്യത്തിനാണ്, മലയാളികൾക്ക് എന്നെയറിയാം, ഇനി സിനിമകൾ സംവിധാനം ചെയ്തിട്ട് അറിയേണ്ട കാര്യമില്ല. എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യുക. അതവർക്ക് ഇഷ്ടപ്പെട്ടാൽ ഭാഗ്യം. ഇനിയും സിനിമകൾ ചെയ്യും.

സിനിമയല്ലാതെ വേറെ പണിയൊന്നും എനിക്കറിയില്ല. എന്റെ എന്റർടെയിൻമെന്റും സിനിമ തന്നെ. ബിസിനസ്സ് എനിക്കറിയില്ല, ഒരു കിലോ അരി വാങ്ങിച്ചിട്ട് തിരിച്ചു വിൽക്കാൻ പോലും എനിക്കറിയില്ല, അതുകൂടി നഷ്ടമാകും. പെട്ടെന്നു കച്ചവടം നിർത്തി പോവട്ടെ, കിട്ടുന്ന കാശു തന്നേ എന്നേ ഞാൻ പറയൂ. ബിസിനസ്സൊക്കെ ചെയ്യാൻ പ്രത്യേക പ്രാവിണ്യം വേണം, അതെനിക്കില്ല. ഞാൻ ചെയ്ത എല്ലാ ബിസിനസ്സും പൊട്ടിപൊളിഞ്ഞിട്ടുണ്ട്.

ഇതുവരെ താങ്കൾ ചെയ്ത ഹാസ്യകഥാപാത്രങ്ങളിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ച കഥാപാത്രം ഏതാണെന്നാണ് താങ്കളുടെ വിലയിരുത്തൽ?

എന്റെ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ സെലബ്രേറ്റ് ചെയ്യപ്പെട്ടത് മണവാളൻ തന്നെയാവും. ജീവിതവുമായി ബന്ധമുള്ള കഥാപാത്രം. അൽപ്പം പൊങ്ങച്ചം,​ അത്രതന്നെ ഗതികേടും. ഒടുക്കം ഗതികെട്ട് സത്യം വിളിച്ചു പറയുന്നുമുണ്ട്. അതുപോലെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളാണ് മായാവിയിലെ ‘സ്രാങ്ക്’, ‘ചതിക്കാത്ത ചന്തു’വിലെ ഡാൻസ് മാസ്റ്റർ വിക്രം, ‘കല്യാണരാമ’നിലെ പ്യാരി എന്നിവയൊക്കെ.

ധാരാളം വായിക്കുന്ന ഒരാളാണല്ലോ, ഇപ്പോഴും പഴയ വായനാശീലമുണ്ടോ?

മുൻപത്തെ പോലെയില്ല, കുറച്ചു കുറഞ്ഞിട്ടുണ്ട്. ടിഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായിക’യാണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് പുസ്തകങ്ങൾ വാങ്ങി വച്ചിട്ടുണ്ട്, വായനാശീലം ഒന്നുകൂടി കൂട്ടണം. ഞാൻ സിനിമ കാണുന്നതൊക്കെ കുറവാണ്. ഞാൻ അഭിനയിച്ച സിനിമകളിൽ തന്നെ കാണാത്ത ചിത്രങ്ങൾ കുറേയുണ്ട്. സിനിമ തിയേറ്ററിൽ പോയി കാണുന്നതും അപൂർവ്വമാണ്. ‘ബെസ്റ്റ് ആക്റ്റർ’ തിയേറ്ററിൽ പോയി കണ്ടതിനു ശേഷം ഇപ്പോൾ അടുത്ത് കണ്ടത് ‘മധുരരാജ’യാണ്.

കഴിഞ്ഞ ദിവസം ‘മധുരരാജ’യുടെ ഓഡിയോ ലോഞ്ചിനിടെ രമേഷ് പിഷാരടിയ്ക്ക് ഒപ്പം ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്നത് കണ്ടു. സ്റ്റേജ് ഷോകളിലൊന്നും പഴയ പോലെ കാണാനില്ലല്ലോ?

വെളിച്ചപ്പാട് ചെണ്ട കൊട്ട് കേട്ടാൽ തുള്ളും എന്നു പറയാറില്ലേ? അതുപോലെ കയറിയതാണത്. റിഹേഴ്സൽ ഒന്നുമില്ലായിരുന്നു, അപ്പോൾ സ്റ്റേജിൽ കയറി അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞതാണ്. നിങ്ങൾ പത്രക്കാരും അഭിമുഖങ്ങൾ ഒക്കെ ചെയ്തു ചെയ്തു ശീലമായാൽ അധികം മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ തന്നെ അഭിമുഖങ്ങൾ ചെയ്യാം എന്നാവില്ലേ. അതുപോലെയാണിതും, നടക്കുന്ന ഫംഗ്ഷൻ എന്താണെന്നു മാത്രം അറിഞ്ഞാൽ മതി. കാലാകാലങ്ങളായി നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ് ഇതൊക്കെ. ഒരുകാലത്ത് ഒരുപാട് അധ്വാനം നൽകി പഠിച്ചെടുക്കുന്നതല്ലേ, അത്ര പെട്ടെന്നൊന്നും പോയ്പോവില്ല.

പിന്നെ, പഴയപോലെ ഞാനിപ്പോൾ സ്റ്റേജ് ഷോകൾക്കൊന്നും അങ്ങനെ പോവാറില്ല. ഒന്നാമത് സമയക്കുറവുണ്ട്. രണ്ടാമത് ഞാനിനി എത്ര ഷൈൻ ചെയ്താലും പഴയത്ര വന്നില്ലെന്നെ ആളുകൾ പറയൂ. സ്റ്റേജ് ഷോകളിൽ എന്റെ കാലം കഴിഞ്ഞു, വല്ലപ്പോഴുമൊക്കെ കൊതിതീർക്കാൻ ചെയ്യാം എന്നു മാത്രം.

പുതിയ പിള്ളേരെ പോലെ ഇനിയൊന്നും പറ്റില്ല. അവരെല്ലാം ഫ്രഷാണ്. അവർക്ക് പെർഫോം ചെയ്യാനുള്ള അവസരങ്ങളാണ് ഇനി കൊടുക്കേണ്ടത്. നമ്മളൊക്കെ കുറേ ഐറ്റം കാണിച്ചതല്ലേ, ഇനി അവരുടെയൊക്കെ പെർഫോമൻസ് കാണാം. എന്താണ് പുതിയ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ, ട്രെൻഡ് എന്നൊക്കെ അറിഞ്ഞ് അവർക്കൊപ്പം നിൽക്കാൻ ശ്രമിക്കാം. അവർക്കൊപ്പം നിൽക്കാൻ പറ്റുന്നുണ്ടല്ലോ, അതു തന്നെയാണ് സന്തോഷം.

പിന്നെ സ്റ്റേജിൽ പെർഫോം ചെയ്യാനൊക്കെ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. ഇൻറലക്ച്ചൽ ആയ ബുദ്ധിമുട്ടുകൾ. ഒരു സുപ്രഭാതത്തിൽ നമുക്ക് ഈ കൗണ്ടറുകളൊന്നും പറയാൻ പറ്റില്ല. അതിന് വേറെ കുറേ എക്സർസൈസ് വേണം. അതിലൊരു എക്സർസൈസ് ആണ് വായന. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് നല്ല ധാരണ വേണം. പൊതുജനങ്ങളുമായി ബന്ധം വേണം. ആളുകൾ ജീവിതത്തിൽ പറയുന്ന കാര്യങ്ങളൊക്കെയാണ് പലരും സിനിമയിൽ ചേർത്തിട്ടുണ്ട്. അത്തരം കാര്യങ്ങളൊക്കെ മനസ്സിൽ സ്റ്റോക്ക് ചെയ്ത്, ആവശ്യമുള്ളിടത്ത് വരുത്താൻ കഴിയണം.

എന്തൊക്കെയാണ് പുതിയ ചിത്രങ്ങൾ?

ജോഷി സാറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. സാജൻ എന്ന സംവിധായകന്റെ ‘ഒരു നാടൻ കഥ’യുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഇന്നലെ എത്തിയതേയുള്ളൂ. മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’, വിനയന്റെ ‘ആകാശഗംഗ’ എന്നിവയൊക്കെ ഇനി പൂർത്തിയാക്കാനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook